പി. ജയരാജന് ക്രിമിനല്‍ സംഘങ്ങളുമായി ബന്ധമുണ്ടെന്ന വെളിപ്പെടുത്തല്‍ അന്വേഷിക്കണമെന്ന് വി.ഡി. സതീശൻ

തിരുവനന്തപുരം: പി. ജയരാജന് ക്രിമിനല്‍ സംഘങ്ങളുമായി ബന്ധമുണ്ടെന്ന വെളിപ്പെടുത്തല്‍ അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. വെളിപ്പെടുത്തല്‍ നടത്തിയ മനു തോമസിനെ ഇപ്പോള്‍ ഭീഷണിപ്പെടുത്തുകയാണെന്നും നിയമസഭ മീഡിയ റൂമില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിൽ അദ്ദേഹം ആരോപിച്ചു.

ഡി.വൈ.എഫ്.ഐ മുന്‍ നേതാവ് നടത്തിയ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍ നിരവധി തവണയായി കേരളത്തിലെ പ്രതിപക്ഷം സര്‍ക്കാരിനും സി.പി.എമ്മിനും എതിരെ ഉന്നയിച്ച ആരോപണങ്ങള്‍ അടിവരയിടുന്നതാണ്. നാട്ടിലെ കൊട്ടേഷന്‍ മയക്കുമരുന്ന് ഗുണ്ടാ മാഫിയകള്‍ക്ക് കേരളത്തിലെ ഭരണകക്ഷിയാണ് രാഷ്ട്രീയ രക്ഷകര്‍തൃത്വം നല്‍കുന്നത്. അതിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ് ഇപ്പോള്‍ നടത്തിയിരിക്കുന്ന വെളിപ്പെടുത്തല്‍.

സി.പി.എം ഉന്നത നേതാവായ പി.ജയരാജനും അദ്ദേഹത്തിന്റെ മകനും എതിരെയാണ് ഡി.വൈ.എഫ്.ഐ നേതാവ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. സ്വര്‍ക്കള്ളക്കടത്ത് സംഘങ്ങളുമായും സ്വര്‍ണം പൊട്ടിക്കല്‍ സംഘങ്ങളുമായും കൊട്ടേഷന്‍ സംഘങ്ങളുമായും പി ജയരാജനും മകനും ബന്ധമുണ്ടെന്നാണ് വെളിപ്പെടുത്തല്‍. മലയോര മേഖലയില്‍ ക്വാറി മുതലാളിമാര്‍ക്ക് സൗകര്യം ചെയ്തു കൊടുക്കാന്‍ പറ്റിയ ഏരിയ സെക്രട്ടറിമാരെ നിയമിക്കുന്ന തലത്തിലേക്ക് സി.പി.എം തരംതാഴ്ന്നു. സി.പി.എമ്മിനെ ജീര്‍ണത ബാധിച്ചിരിക്കുന്നു എന്ന പ്രതിപക്ഷ ആരോപണം ശരിയാണെന്നാണ് ഡി.വൈ.എഫ്.ഐ നേതാവ് വ്യക്തമാക്കിയിരിക്കുന്നത്.

വെളിപ്പെടുത്തല്‍ നടത്തിയ മനു തോമസിനെ ഇപ്പോള്‍ ഭീഷണിപ്പെടുത്തുകയാണ്. മയക്കുമരുന്ന് സ്വര്‍ണക്കടത്ത് കേസുകളില്‍ ഉള്‍പ്പെട്ട കൊട്ടേഷന്‍ സംഘാംഗങ്ങളായ ആകാശ് തില്ലങ്കേരിയും അര്‍ജുന്‍ ആയങ്കിയുമൊക്കെയാണ് ഭീഷണിക്ക് പിന്നില്‍. പാര്‍ട്ടിക്കെതിരെ സംസാരിച്ചാല്‍ അത് അവസാനിപ്പിക്കാന്‍ അറിയാമെന്നാണ് ഭീഷണി. ഷുഹൈബ് വധത്തില്‍ സി.പി.എമ്മിന് പങ്കുണ്ടന്ന വെളിപ്പെടുത്തല്‍ നടത്തിയ ക്രിമിനല്‍ കേസിലെ പ്രതിയായ ആകാശ് തില്ലങ്കേരിയാണ് ഇപ്പോള്‍ പാര്‍ട്ടിയെ സംരക്ഷിക്കുന്ന ക്രിമിനലായി ഇപ്പോള്‍ രംഗപ്രവേശം ചെയ്തിരിക്കുകയാണ്. ഇവര്‍ക്കെല്ലാം സി.പി.എം നേതാക്കളാണ് കുടപിടിച്ചു കൊടുക്കുന്നത്.

എം. ഷാജിര്‍ എന്ന ഡി.വൈ.എഫ്.ഐ നേതാവിനെതിരെ മനു തോമസ് ജില്ലാ കമ്മിറ്റിയില്‍ ആരോപണം ഉന്നയിച്ചു. ആകാശ് തില്ലങ്കേരിയുടെ ശബ്ദരേഖ ഹാജരാക്കി. ക്രിമിനല്‍ സംഘങ്ങളുമായുള്ള ബന്ധത്തിന്റെ പേരില്‍ ആരോപണ വിധേയനായ ഷാജിറിനെ സി.പി.എം യുവജന കമീഷന്‍ ചെയര്‍മാനായി സ്ഥാനക്കയറ്റം നല്‍കി. ആകാശ് തില്ലങ്കേരിക്ക് ട്രോഫി സമ്മാനിച്ച ആളാണ് ഇപ്പോള്‍ യുവജനകമീഷന്‍ ചെയര്‍മാനായി ഇരിക്കുന്നത്. ഇവരൊക്കെയാണ് സി.പി.എമ്മിന്റെ അടുത്ത തലമുറയാണെന്നും സതീശൻ പറഞ്ഞു. 

ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ പ്രതികള്‍ക്ക് മുഴുവന്‍ സര്‍ക്കാര്‍ പരോള്‍ നല്‍കുകയാണ്. പരോളില്‍ ഇറങ്ങുന്ന ഈ പ്രതികള്‍ സ്വര്‍ണക്കള്ളക്കടത്ത് നടത്തുകയും സ്വര്‍ണം പൊട്ടിക്കല്‍ നടത്തുകയും മയക്കുമരുന്ന് വിതരണം ചെയ്യുകയും ചെയ്ത കേസുകളില്‍ പ്രതികളായി. അറിയപ്പെടുന്ന ക്രിമിനലുകള്‍ക്കാണ് തോന്നിയതു പോലെ പരോള്‍ നല്‍കുന്നത്. അവര്‍ക്ക് ജയിലില്‍ നിന്നു വരെ കൊട്ടേഷന്‍ നടപ്പാക്കാനുള്ള സംവിധാനങ്ങളാണ് ഒരുക്കിക്കൊടുത്തിരിക്കുന്നത്.

ജയരാജൻ വിവാദം ചർച്ച അനുവദിച്ചില്ല; പ്രതിപക്ഷം ഇറങ്ങിപ്പോയി

തിരുവനന്തപുരം: ഖാദി ബോർഡ്​ വൈസ്​ ചെയർമാൻ പി. ജയരാജനെതിരെ അടക്കം ഡി.വൈ.എഫ്​.ഐ മുൻ നേതാവ്​ മനുതോമസ്​ നടത്തിയ വെളിപ്പെടുത്തലുകൾ സഭ നിർത്തിവെച്ച്​ ചർച്ച ചെയ്യണമെന്ന്​ പ്രതിപക്ഷം. ആരോപണങ്ങളുടെയും അപകീർത്തികരമായ പ്രസ്താവനകളുടെയും അടിസ്ഥാനത്തിലു​ള്ളതാണ്​ അടിയന്തരപ്രമേയത്തിനുള്ള നോട്ടീസെന്നും അനുവദിക്കരുതെന്നും ഭരണപക്ഷം. ചർച്ചക്കുള്ള അനുമതി സ്പീക്കർ നിഷേധിച്ചതോടെ പ്രതിപക്ഷം സഭയിൽനിന്ന്​ ഇറങ്ങിപ്പോയി. സർക്കാറും പാർട്ടിയും പ്രതിക്കൂട്ടിലാകുന്ന ഒരു വിഷയം നിയമസഭയിൽ ചർച്ചക്ക്​ വരാൻ പാടില്ലെന്നതാണ്​ പുതിയ പ്രവണതയെന്നും ഇത്​ ശരിയല്ലെന്നും പ്രതിപക്ഷനേതാവ്​ വി.ഡി. സതീശൻ വാക്കൗട്ട്​ പ്രസംഗത്തിൽ ആരോപിച്ചു. കേരളത്തെ ഞെട്ടിച്ച വെളിപ്പെടുത്തലുകളാണ്​ ഉണ്ടായിരിക്കുന്നത്​. നാട്ടിലെ ക്രിമിനൽ പ്രവർത്തനങ്ങൾക്ക്​ രാഷ്​ട്രീയ നേതൃത്വം കൊടിപിടിക്കുകയും രാഷ്ട്രീയ രക്ഷാകർതൃത്വം നൽകുകയും ചെയ്യുകയാണ്​. സ്വർണക്കടത്ത്​ മുതൽ മയക്കുമരുന്ന്​ വരെ വിഷയങ്ങൾ ഇതിലുണ്ടെന്നും സതീശൻ കൂട്ടി​ച്ചേർത്തു.

അടിയന്തരപ്രമേയ നോട്ടീസ്​ ​ചട്ടപ്രകാരം നിലനിൽക്കുന്നതല്ലെന്നായിരുന്നു ഭരണപക്ഷത്തിന്‍റെ നിലപാട്​. പ്രമേയത്തിൽ വാദങ്ങളോ അഭ്യൂഹങ്ങളോ ആരോപണങ്ങളോ അപകീർത്തികരമായ പരാമർശങ്ങളോ ഉണ്ടാവാൻ പാടില്ലെന്നാണ്​ ചട്ടമെന്ന്​ മന്ത്രി എം.ബി. രാജേഷ്​ വിശദീകരിച്ചു. വ്യക്തികളുടെ ഔദ്യോഗികമോ പൊതുകാര്യമോ അല്ലാതെയുള്ള അവരുടെ സ്വഭാവത്തെക്കുറിച്ചോ നടപടിയെയോ കുറിച്ചോ പരാമർശിക്കാനും പാടില്ല. അതേസമയം നോട്ടീസ്​ അഭ്യൂഹങ്ങളുടെയും വ്യാജോക്​തികളുടെയും അടിസ്ഥാനത്തിലു​ള്ളതാണെന്നും ചർച്ചക്കെടുക്കാൻ പാടില്ലെന്നും രാജേഷ്​ കൂട്ടിച്ചേർത്തു. ഈ വാദങ്ങൾ അംഗീകരിച്ച സ്പീക്കർ, ഖാദി ബോർഡ്​ ചെയർമാന്‍റെ ഔ

ദ്യോഗിക നിലയിലോ പൊതുകാര്യ നിലയിലോ ഉൾപ്പെടാത്ത കാര്യങ്ങളാണ്​ നോട്ടീസിലുള്ളതെന്നും നോട്ടീസിന്​​ അനുമതി നിരസിക്കുകയാ​ണെന്നും വ്യക്തമാക്കി.

Tags:    
News Summary - V. D. Satheesan wants to investigate the revelation that P.Jayarajan has links with criminal gangs.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.