കൊച്ചി: പാലാരിവട്ടം മേൽപാലം നിർമാണവുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളും നടന്നത് മുൻ പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞിെൻറ അറിവോടെയെന്ന് വിജിലൻസ്. അറസ്റ്റിന് പിന്നാലെ മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ നൽകിയ കസ്റ്റഡി അപേക്ഷയിലും ജാമ്യാപേക്ഷയെ എതിർത്തുള്ള വിശദീകരണ കുറിപ്പിലും റിമാൻഡ് റിപ്പോർട്ടിലുമാണ് മന്ത്രിക്കെതിരെ ഗുരുതര ആരോപണങ്ങൾ.
ഇബ്രാഹിംകുഞ്ഞ് മന്ത്രിയായിരുന്ന 2011 മേയ് മുതൽ 2016 മേയ് വരെ കേരള റോഡ് ഫണ്ട് ബോർഡ് (കെ.ആർ.എഫ്.ബി)വൈസ് ചെയർമാനും ഇതിെൻറ എക്സിക്യൂട്ടിവ് കമ്മിറ്റിയുടെ ചെയർമാനുമായിരുന്നു. കൂടാതെ, റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്മെൻറ് കോർപറേഷൻ ലിമിറ്റഡ് (ആർ.ബി.ഡി.സി.കെ) ചെയർമാനുമായിരുന്നു.
പാലാരിവട്ടം മേൽപാലം പദ്ധതി നടപ്പാക്കിയ ആർ.ബി.ഡി.സി.കെക്ക് ഫണ്ട് നൽകിയത് കെ.ആർ.എഫ്.ബിയാണ്. അതുകൊണ്ട് തന്നെ പാലം നിർമാണവുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളും മന്ത്രിയുടെ അറിേവാടെയായിരുന്നെന്ന് റിപ്പോർട്ടിൽ പറയുന്നു. കേസിലെ ഒന്ന് മുതൽ നാല് വരെ പ്രതികളുമായും 10ാംപ്രതിയുമായും മന്ത്രി ക്രിമിനൽ ഗൂഢാലോചന നടത്തിയതിലൂടെയാണ് നിയമവിരുദ്ധമായ ഭരണാനുമതി ലഭിച്ചത്.
വൻ തുക മൊബിലൈസേഷൻ അഡ്വാൻസായി നൽകാൻ പാടില്ലെന്ന് അറിഞ്ഞുകൊണ്ട് തന്നെ ഒന്നാം പ്രതിയും ആർ.ഡി.എസ് എം.ഡിയുമായ സുമിത് ഗോയലിെൻറ അപേക്ഷയുടെ അടിസ്ഥാനത്തിൽ മന്ത്രി 8,25,59,768 രൂപ അനുവദിച്ചു. നാലാം പ്രതി ടി.ഒ.സൂരജ് നിയമവിരുദ്ധമായി ഏഴ് ശതമാനം പലിശ മാത്രമാണ് ഇതിന് നിശ്ചയിച്ചത്. ക്രമവിരുദ്ധമായി പലിശ കുറച്ച് നൽകിയതിലൂടെ കരാറുകാരന് 51,37,261 രൂപയുടെ നേട്ടമുണ്ടാക്കാൻ പ്രതികൾ കൂട്ടുനിന്നു.
അതേസമയം, കരാറുകാരൻ പാലം നിർമാണത്തിന് 14.75 ശതമാനം പലിശക്ക് സൗത്ത് ഇന്ത്യൻ ബാങ്കിൽനിന്ന് വായ്പ എടുത്തിരുന്നു. ബാങ്ക് പലിശയും നിയമവിരുദ്ധമായി കുറച്ച് നൽകിയ പലിശയും തമ്മിൽ താരതമ്യം ചെയ്യുേമ്പാൾ 85,47,680.92 രൂപ അനധികൃതമായി കരാറുകാരന് ലഭിച്ചു. ആർ.ഡി.എസ് കമ്പനിക്ക് കരാർ ലഭിക്കുന്നതിനായി ടെൻഡർ നടപടികളിൽ ക്രമക്കേട് നടന്നതായും വിജിലൻസ് ആരോപിച്ചു.
ആർ.ഡി.എസ് കമ്പനി എറണാകുളത്തുവെച്ച് വി.കെ. ഇബ്രാഹിം കുഞ്ഞിന് കൈക്കൂലി നൽകിയതായും അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്. അനധികൃതമായി നേടിയ പണം നാലാം പ്രതി ടി.ഒ.സൂരജ് സ്വന്തം പേരിലും മകെൻറ പേരിലും വസ്തുവകകൾ വാങ്ങാൻ ഉപയോഗിച്ചതായും ഇബ്രാഹിംകുഞ്ഞ് എറണാകുളം മാർക്കറ്റ് റോഡിലെ പഞ്ചാബ് നാഷനൽ ബാങ്കിലുള്ള മുസ്ലിം പ്രിൻറിങ് ആൻഡ് പബ്ലിഷിങ് കമ്പനിയിൽ നിക്ഷേപിച്ചതായും സംശയിക്കുന്നതായി വിജിലൻസ് ചൂണ്ടിക്കാട്ടി.
പാലം നിർമാണത്തിലൂടെ 13.45 കോടിയുടെ നഷ്ടവും മൊബിലൈസേഷൻ അഡ്വാൻസിൽ പലിശ കുറച്ചതിലൂടെ 85,41,680.92 രൂപയുടെ നഷ്ടവുമാണ് സർക്കാറിന് ഉണ്ടായത്.
അറസ്റ്റിന് പിന്നാലെ ഇബ്രാഹിം കുഞ്ഞിനെ ചോദ്യം ചെയ്തതായും എന്നാൽ, അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നും വിജിലൻസ് ഡിവൈ.എസ്.പി വി.ശ്യാംകുമാർ കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറയുന്നു.
മൂവാറ്റുപുഴ: പാലാരിവട്ടം പാലം അഴിമതി കേസിൽ അറസ്റ്റിലായ മുൻ മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിെൻറ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മൂവാറ്റുപുഴ വിജിലൻസ് കോടതി ചൊവ്വാഴ്ചത്തേക്ക് മാറ്റി. ഇബ്രാഹിംകുഞ്ഞിെൻറ ആരോഗ്യനില തൃപ്തികരമാണോ എന്ന് ഉറപ്പാക്കാൻ മെഡിക്കൽ ബോർഡ് രൂപവത്കരിക്കാനും കോടതി നിർദേശിച്ചു.
മെഡിക്കൽ സർട്ടിഫിക്കറ്റും അനുബന്ധ രേഖകളും ഇല്ലാതെയാണ് വിജിലൻസ് കസ്റ്റഡി അപേക്ഷ നൽകിയത്. വ്യാഴാഴ്ച അപേക്ഷ പരിഗണിക്കവേ ഇതിനെ വിജിലൻസ് ജഡ്ജി ജോബിൻ സെബാസ്റ്റ്യൻ വിമർശിച്ചു. രോഗിയായി ചികിത്സയിലിരിക്കെയാണ് ഇബ്രാഹിംകുഞ്ഞിനെ അറസ്റ്റ് ചെയ്തതെന്നും അതിനാൽ അദ്ദേഹത്തിെൻറ ആരോഗ്യ നില തൃപ്തികരമാണോ എന്ന് ഉറപ്പാക്കേണ്ട ചുമതല വിജിലൻസ് ഉദ്യോഗസ്ഥർക്ക് ഉണ്ടെന്നും കോടതി ഓർമിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.