തിരുവനന്തപുരം: മദ്യ വ്യാപനത്തിന്റെ നടത്തിപ്പുകാരായ സർക്കാരിന്റെ ലഹരി വിരുദ്ധ കാമ്പയിൻ തികഞ്ഞ ജനവഞ്ചനയെന്ന് കെ.പി.സി.സി മുൻ പ്രസിഡന്റ് വി.എം.സുധീരൻ. ലഹരി വിരുദ്ധ വാരാചരണത്തിന്റെ ഭാഗമായി കെ.പി.സി.സി ഗാന്ധി ദർശൻ സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച മദ്യവും ലഹരിയുമില്ലാത്ത സമൂഹം എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള കുട്ടികളുടെ ചിത്രരചനാ മത്സരം ഉദ്ഘാടനം ചെയ്യുകയായരുന്നു അദ്ദേഹം.
ആധുനിക സമൂഹത്തെ അതിഗുരുതരമായി ബാധിക്കുന്ന മഹാ വിപത്തായ ലഹരിയ്ക്കതിരെ ലോക ജനതയെ അണിനിരത്തുകയെന്ന മഹത്തായ ലക്ഷ്യത്തോടെയാണ് ഐക്യരാഷ്ട്ര സഭ എല്ലാ വർഷവും അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം ആചരിക്കുന്നത്. മദ്യവ്യാപനത്തിന്റെ നടത്തിപ്പുകാരായ പിണറായി സർക്കാരിന്റെ ലഹരി വിരുദ്ധ നീക്കങ്ങൾ തട്ടിപ്പാണെന്നും അദ്ദേഹം പറഞ്ഞു.
ഗാന്ധി ദർശൻ സമിതി ജില്ലാ പ്രസിഡന്റ് വഞ്ചിയൂർ രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഇടതു സർക്കാർ അധികാരത്തിൽ വന്ന ശേഷം ബാറുകളുടെ എണ്ണം ക്രമാതീതമായി വർധിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.
കേരള ഗാന്ധി സ്മാരക നിധി ചെയർമാൻ ഡോ.എൻ. രാധാകൃഷ്ണൻ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സമിതി സംസ്ഥാന ഭാരവാഹികളായ കമ്പറ നാരായണൻ, പരശുവയ്ക്കൽ രാധാകൃഷ്ണൻ, കോട്ടമുകൾ സുഭാഷ്, ബിന്നി സാഹിതി, അഡ്വ.പി.എസ് തോമസ്, വി. ഹരികുമാർ, പേരൂർക്കട മോഹനൻ, സെറ മറിയം ബിന്നി, എം. സോളമൻ, ജി.രവീന്ദ്രൻ നായർ, കെ.പരമേശ്വരൻ നായർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.