തിരുവനന്തപുരം: കേന്ദ്ര ഏജൻസികളുടെ റെയ്ഡിലും അറസ്റ്റിലും പ്രതിഷേധിച്ച് പോപുലർ ഫ്രണ്ട് നടത്തിയ ഹർത്താലിന് സംസ്ഥാന സർക്കാരും പോലീസും ഒത്താശ ചെയ്തുവെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. ഇന്നലെ അക്രമം നടക്കുമ്പോൾ നീറോ ചക്രവർത്തിയെ അനുസ്മരിപ്പിക്കും വിധം മുഖ്യമന്ത്രിയും സംസ്ഥാന പൊലീസ് മേധാവിയും കൊച്ചിയിൽ ചെണ്ട കൊട്ടുകയായിരുന്നു. രാജ്യത്തെ ഒന്നിപ്പിക്കാൻ നടക്കുന്ന രാഹുൽ ഗാന്ധി ഇന്നലെ ചാലക്കുടിയിൽ കണ്ടെയ്‌നറിൽ ഉറങ്ങി -മുരളീധരൻ പറഞ്ഞു.
ഹർത്താൽ തടയാൻ സംസ്ഥാന സർക്കാർ ഒന്നും ചെയ്തില്ല. അഴിഞ്ഞാടാൻ അവസരം ഒരുക്കി. ഈ അക്രമങ്ങളൊക്കെ നടക്കുമ്പോൾ മുഖ്യമന്ത്രിക്ക് നീറോ ചക്രവർത്തിയെ അനുസ്മരിപ്പിക്കുന്ന രീതിയിലുള്ള പെരുമാറ്റമായിരുന്നു. റോം കത്തിയെരിയുമ്പോൾ നീറോ ചക്രവർത്തി വീണ വായിക്കുകയായിരുന്നുവെന്ന് കേട്ടിട്ടുണ്ട്. ഇവിടെ കേരളം കത്തിയെരിയുമ്പോൾ മുഖ്യമന്ത്രി കൊച്ചിയിൽ ചെണ്ടകൊട്ടി രസിക്കുകയായിരുന്നു. അക്രമങ്ങൾ തടയാതെ പോലീസ് മേധാവിയും കൊക്കൂൺ സമ്മേളനം ആസ്വദിച്ചു. -സൈബർ സുരക്ഷ ഉയർത്തി കേരളപോലീസ് സംഘടിപ്പിച്ച കൊക്കൂൺ സമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തതു ചൂണ്ടിക്കാണിച്ച് മുരളീധരൻ പറഞ്ഞു.
അക്രമികളെ എവിടെയെങ്കിലും പൊലീസ് നേരിട്ടതായി കണ്ടിട്ടില്ല. പ്രതിപക്ഷ പാർട്ടികൾ ഹർത്താൽ നടത്തിയാൽ പൊലീസ് ഈ സമീപനം സ്വീകരിക്കുമോ? കോഴിക്കോട് മഹാസമ്മേളനം നടത്താൻ അനുവാദം കൊടുത്തത് സംസ്ഥാന സർക്കാരാണ്. സി.പി.എമ്മും കോൺഗ്രസും ഇസ്‍ലാമിക തീവ്രവാദത്തിന് ഒത്താശ ചെയ്യുകയാണ്. അക്രമത്തിനെതിരെ ബി.ജെ.പി രംഗത്തുവരും. പോപുലർ ഫ്രണ്ടിനെ നിരോധിക്കണോ എന്ന കാര്യം ആഭ്യന്തര വകുപ്പ് പരിശോധിച്ച് ഉചിതമായ തീരുമാനമെടുക്കുമെന്നും വി മുരളീധരൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.