തിരുവനന്തപുരം: അപ്പര്‍ കുട്ടനാട്ടില്‍ കൊയ്ത്തുകഴിഞ്ഞ് കെട്ടിക്കിടക്കുന്ന നെല്ലിന്‍െറ സംഭരണം ഉടന്‍ ആരംഭിക്കുമെന്ന് മന്ത്രി വി.എസ്. സുനില്‍കുമാര്‍ നിയമസഭയെ അറിയിച്ചു. മില്ലുടമകളുടെ സമ്മര്‍ദത്തിന് വഴങ്ങില്ല. കുടിശ്ശികയടക്കം ഹാന്‍റ്ലിങ് ചാര്‍ജ് 1.90 രൂപ വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് മില്ലുടമകള്‍ സംഭരണത്തില്‍നിന്ന് വിട്ടുനില്‍ക്കുകയാണ്. ഇതിന് വഴങ്ങില്ല. ബദല്‍ സംവിധാനം ആലോചിച്ചുവരികയാണ്.
സംഭരിക്കുന്ന പച്ചക്കറികളുടെയും പഴവര്‍ഗങ്ങളുടെയും വില അഞ്ചുദിവസത്തിനുള്ളില്‍ കര്‍ഷകര്‍ക്ക് നല്‍കാന്‍ ഹോര്‍ട്ടികോര്‍പ്പില്‍ റിവോള്‍വിങ് ഫണ്ട് രൂപവത്കരിക്കും. ഓണക്കാലത്ത് 4873 മെട്രിക് ടണ്‍ പച്ചക്കറികളാണ് സംഭരിച്ചത്. ഇതില്‍ 3042 കേരളത്തിലെ കര്‍ഷകര്‍ മാത്രം ഉല്‍പാദിപ്പിച്ചവയാണ്. 1831 മെട്രിക്ടണ്‍ മാത്രമാണ് മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് വാങ്ങിയത്. 30 ശതമാനം വിലക്കുറവില്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കിയപ്പോള്‍ 10.98 കോടി വിറ്റുവരവുണ്ടായി. സംസ്ഥാനത്തെ 60 കൃഷിഫാമുകള്‍ പുനരുദ്ധരിക്കാനും പച്ചക്കറികള്‍ സൂക്ഷിക്കാനുള്ള ശീതീകരണ സംവിധാനങ്ങള്‍ കാര്യക്ഷമമാക്കുമെന്നും മന്ത്രി അറിയിച്ചു.
കൃഷിക്കാര്‍ക്ക് പലിശരഹിത വായ്പ
കൃഷിക്കാര്‍ക്ക് സഹകരണസംഘങ്ങള്‍ വഴി പലിശരഹിത വായ്പ ലഭ്യമാക്കുമെന്ന് മന്ത്രി വി.എസ്. സുനില്‍കുമാര്‍. മൂന്നുലക്ഷം വരെയുള്ള വായ്പകള്‍ക്കാണ് ഈ ആനുകൂല്യം. എല്ലാത്തരം പച്ചക്കറിക്കൃഷിക്കും ഇത് ലഭ്യമാക്കും. പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങളില്‍ അംഗങ്ങളായവര്‍ക്കാണ് വായ്പ അനുവദിക്കുക. 3,56,663 കര്‍ഷകര്‍ക്ക് പെന്‍ഷന്‍ കുടിശ്ശികയിനത്തില്‍ 191.51 കോടിനല്‍കാനുണ്ട്. ഈ സര്‍ക്കാര്‍ 151.45 കോടി നല്‍കി. 1000 രൂപയാക്കി ഉയര്‍ത്തിയ കര്‍ഷക പെന്‍ഷന്‍ 37,895 കോടി ഓണത്തിന് മുമ്പ് തന്നെ നല്‍കിയിട്ടുണ്ട്. അനര്‍ഹരുണ്ടെങ്കില്‍ പരിശോധിക്കും. ഇന്‍േറാ ഡച്ച് ആക്ഷന്‍ പ്ളാനിന്‍െറ ഭാഗമായി പച്ചക്കറി, പൂക്കള്‍ എന്നിവയുടെ ഹൈടെക് കൃഷി സാങ്കേതികവിദ്യ പ്രചരിപ്പിക്കുന്നതിന് മികവിന്‍െറ കേന്ദ്രം സ്ഥാപിക്കും. വിലസ്ഥിരത ഉറപ്പുവരുത്താന്‍ 500 കോടി വകയിരുത്തിയിട്ടുണ്ട്. പാലക്കാട്, ആലപ്പുഴ, എറണാകുളം ജില്ലകളില്‍ നെല്ലിനെ അടിസ്ഥാനമാക്കി അഗ്രോപാര്‍ക്ക് തുടങ്ങാന്‍ ലക്ഷ്യമിടുന്നുണ്ട്.
കെ.എസ്.ആര്‍.ടി.സിക്ക് രക്ഷാ പാക്കേജ്
കെ.എസ്.ആര്‍.ടി.സിക്കായി രക്ഷാ പാക്കേജ് നടപ്പാക്കുമെന്ന് മന്ത്രി എ.കെ. ശശീന്ദ്രന്‍. 823 കണ്ടക്ടര്‍മാരുടെ കുറവുണ്ട്. 1989ലെ കേന്ദ്ര മോട്ടോര്‍ വാഹന ചട്ടപ്രകാരം വാഹനങ്ങളില്‍ നിര്‍ബന്ധമായും രജിസ്ട്രേഷന്‍ മാര്‍ക്ക് പ്രദര്‍ശിപ്പിക്കേണ്ടതാണ്. ഇത് പ്രദര്‍ശിപ്പിക്കാത്ത ഒരുവാഹനവും ഓടിക്കാന്‍ പാടില്ല.
സമ്പൂര്‍ണ
പാര്‍പ്പിടപദ്ധതി
പട്ടികജാതിക്കാര്‍ക്കായുള്ള ഭവനപദ്ധതികള്‍ക്ക് സ്ഥലം ഏറ്റെടുക്കുന്നത് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായി മന്ത്രി കെ.ടി. ജലീല്‍. അതിനാല്‍, നഗരപ്രദേശങ്ങളിലെ സമ്പൂര്‍ണ പാര്‍പ്പിടപദ്ധതി ഫ്ളാറ്റ് സമുച്ചയങ്ങളായിട്ടായിരിക്കും നിര്‍മിക്കുക. തദ്ദേശ സ്ഥാപനങ്ങളെ ഒറ്റവകുപ്പിന് കീഴില്‍ കൊണ്ടുവരുന്നതിന് പൊതുസര്‍വിസ് രൂപവത്കരിക്കും. തദ്ദേശ സ്ഥാപനങ്ങളില്‍ അജൈവ മാലിന്യങ്ങള്‍ ശേഖരിച്ച് തരംതിരിച്ച് സൂക്ഷിക്കുന്നതിനും റീ-സൈക്കിള്‍ ചെയ്യുന്നതിനുമായി മെറ്റീരിയല്‍ റിക്കവറി ഫെസിലിറ്റി/റിസോഴ്സ് റിക്കവറി സെന്‍ററുകള്‍ എന്നിവ നഗരസഭകളിലും പഞ്ചായത്തുകളിലും സ്ഥാപിക്കും. പഞ്ചാത്തുകളില്‍ കെട്ടിടനികുതി വര്‍ധിപ്പിക്കുന്നത് ഇപ്പോള്‍ പരിഗണനയിലില്ളെന്നും മന്ത്രി അറിയിച്ചു.
കുളച്ചല്‍ തുറമുഖം യാഥാര്‍ഥ്യമായാല്‍ അത് വിഴിഞ്ഞത്തിന് തിരിച്ചടിയാകുമെന്ന് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി.
വിഴിഞ്ഞം തീരത്തുനിന്ന് കേവലം 30 കിലോമീറ്റര്‍ മാത്രം ദൂരമുള്ള കുളച്ചല്‍ തുറമുഖം യാഥാര്‍ഥ്യമായാല്‍ സാമ്പത്തികമായ സാധ്യതകളെ അത് സാരമായി ബാധിക്കും. രണ്ട് തുറമുഖങ്ങളും വരുന്നതോടെ വലിയ മത്സരത്തിന് വഴിയൊരുങ്ങും. രണ്ട് പദ്ധതികളെയും സാമ്പത്തികമായി അത് ബാധിക്കും. സാമ്പത്തിക ഇടിവും സംസ്ഥാനത്തിന്‍െറ ആശങ്കയും ചൂണ്ടിക്കാട്ടി കേന്ദ്രസര്‍ക്കാറിന് കത്തയച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. വലിയതുറ കടല്‍പാലം നവീകരിച്ച് വിനോദസഞ്ചാരികള്‍ക്ക് തുറന്നുകൊടുക്കുന്നത് പരിഗണനയിലാണ്.
ഹജ്ജിന് പോയത് 10,286 പേര്‍
കേരള ഹജ്ജ് കമ്മിറ്റി മുഖാന്തരം 10,268 തീര്‍ഥാടകരാണ് ഇക്കൊല്ലം സംസ്ഥാനത്തുനിന്ന് ഹജ്ജ് കര്‍മം നിര്‍വഹിക്കാന്‍ പോയതെന്ന് മന്ത്രി കെ.ടി. ജലീല്‍ അറിയിച്ചു. അതില്‍ 4858 പുരുഷന്മാരും 5410 സ്ത്രീകളും ഉള്‍പ്പെട്ടിട്ടുണ്ട്. ഇതിനുപുറമെ ഒമ്പത് കുട്ടികളും ഇക്കുറി ഹജ്ജ് തീര്‍ഥാടനം നടത്തി. ജില്ല തിരിച്ചുള്ള കണക്കില്‍ കോഴിക്കോട്ടുനിന്നാണ് ഏറ്റവും കൂടുതല്‍ തീര്‍ഥാടകര്‍ ഹജ്ജ് നടത്തിയത് -3291പേര്‍. തിരുവനന്തപുരം 184, കൊല്ലം 215, പത്തനംതിട്ട 38, കോട്ടയം 203, ഇടുക്കി 92, ആലപ്പുഴ 128, എറണാകുളം 766, തൃശൂര്‍ 149, പാലക്കാട് 392, മലപ്പുറം 2391, വയനാട് 315, കണ്ണൂര്‍ 1216, കാസര്‍കോട് 888. അടുത്തവര്‍ഷം കൂടുതല്‍ ഹജ്ജ് സീറ്റുകള്‍ ലഭ്യമാക്കുന്നതിന് ശ്രമിക്കുമെന്നും മന്ത്രി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.