ഗാന്ധിയന്‍ ആശയങ്ങള്‍ സഹിഷ്ണുതയുള്ള സമൂഹത്തെ രൂപപ്പെടുത്തുമെന്ന് വി. ശിവന്‍കുട്ടി

തിരുവനന്തപുരം :രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ആശയങ്ങള്‍ പ്രധാന്യത്തോടെ വിദ്യാർഥികളെ പഠിപ്പിക്കണമെന്നും അത് വിദ്യാർഥികളുടെ സ്വഭാവരൂപീകരണത്തില്‍ അഗാധമായ സ്വാധീനം ചെലുത്തുമെന്നും മന്ത്രി വി. ശിവന്‍കുട്ടി. പഠനത്തോടൊപ്പം വിദ്യാര്‍ത്ഥികളില്‍ അന്തര്‍ലീനമായ കഴിവുകള്‍ കണ്ടെത്തി പരിപോഷിപ്പിക്കുന്നതിനായി നന്ദിയോട് എസ്.കെ.വി ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ആരംഭിച്ച ജ്വലിതം പദ്ധതിയുടെ ഭാഗമായി മഹാത്മാഗാന്ധിയുടെ പ്രതിമ അനാച്ഛാദനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

അക്രമരഹിത പ്രശ്നപരിഹാരം, സമാധാനപരമായ സഹവര്‍ത്തിത്വം തുടങ്ങിയ ഗാന്ധീയന്‍ ആശയങ്ങള്‍ പഠിക്കുന്നതിലൂടെ സഹിഷ്ണുതയുള്ള സമൂഹത്തെ രൂപപ്പെടുത്താനാകുമെന്നും അദ്ദേഹം പറഞ്ഞു. പി.ടി.എ കമ്മിറ്റിയും സ്റ്റാഫും വിദ്യാര്‍ത്ഥികളും ചേര്‍ന്ന് ന്യൂസ് പേപ്പര്‍ ചലഞ്ച് നടത്തി ശേഖരിച്ച തുക ഉപയോഗിച്ചാണ് ഗാന്ധിജിയുടെ അര്‍ദ്ധകായ പ്രതിമ നിര്‍മിച്ചത്.

വിദ്യാർഥികളുടെ വ്യത്യസ്തങ്ങളായ കഴിവുകള്‍ കണ്ടെത്തുന്നതിനും പരിപോഷിപ്പിക്കുന്നതിനുമായി 14 ഇനം പ്രവര്‍ത്തനങ്ങളാണ് ജ്വലിതം പദ്ധതിക്ക് കീഴില്‍ നടപ്പാക്കുന്നത്. 2023-24 അധ്യയന വര്‍ഷത്തെ പാഠ്യ-പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ സജീവമാക്കുന്നതിനായി രാഷ്ട്രപിതാവിന്റെ പ്രതിമ അനാച്ഛാദനം, ഋതം, ഫ്ളുവന്റ് യു, ഇന്ദ്രധനുഷ്, ശാസ്ത്രം ജീവിതം, ചരിത്ര വിസ്മയം, മിര്‍സാഖാനി, സര്‍ഗസ്വപ്നങ്ങള്‍, ഇക്കോ വാരിയേഴ്സ്, മധുരവനം, സ്വയംതൊഴില്‍ പരിശീലനം, കായിക കേരളം ആരോഗ്യ കേരളം, സുരലി ഹിന്ദി പാര്‍ക്ക്, സൗഹൃദ ക്ലബ് എന്നിവയാണ് പ്രവര്‍ത്തനങ്ങള്‍.

വിദ്യാലയത്തിലെ പ്രഥമ സ്റ്റുഡന്‍സ് പൊലീസ് കേഡറ്റ് ബാച്ചിന്റെ പാസിംഗ് ഔട്ട് പരേഡില്‍ മന്ത്രി സല്യൂട്ട് സ്വീകരിച്ചു. നെടുമങ്ങാട് സബ് ഡിവിഷനിലെ 32 വിദ്യാര്‍ഥികള്‍ രണ്ട് പ്ലാറ്റൂണുകളായാണ് പാസിംഗ് ഔട്ട് പരേഡില്‍ അണിനിരന്നത്. വിദ്യാലയത്തിലെ സൗഹൃദ ക്ലബ്ബിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ക്യാരി ബാഗ് യൂനിറ്റും സുരലി ഹിന്ദി സൗഹൃദ പാര്‍ക്കും മന്ത്രി സന്ദര്‍ശിച്ചു.

ഡി.കെ മുരളി എം.എല്‍.എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ നന്ദിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശൈലജ രാജീവന്‍, മറ്റ് ജനപ്രതിനിധികള്‍, സ്‌കൂള്‍ പ്രഥമാധ്യാപിക എസ്. റാണി, അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവരും സന്നിഹിതരായിരുന്നു.

Tags:    
News Summary - V. Shivankutty said that Gandhian ideas will form a tolerant society

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.