തിരുവനന്തപുരം: അന്തർസംസ്ഥാന തൊഴിലാളികളുടെ രജിസ്ട്രേഷൻ നിർബന്ധമാക്കി നിയമം നിർമിക്കുന്ന കാര്യം പരിഗണനയിലെന്ന് തൊഴിൽ മന്ത്രി വി. ശിവൻകുട്ടി. സംസ്ഥാനത്തെ ഇത്തരം തൊഴിലാളികളുടെ ശരിയായ കണക്കില്ല. നിലവിൽ 5,16,350 പേർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അല്ലാത്തവരെ കണ്ടെത്തി രജിസ്റ്റർ ചെയ്യിക്കാൻ നടപടി സ്വീകരിക്കും. സംസ്ഥാനത്തേക്ക് വരുന്നവർക്ക് അതത് സംസ്ഥാനങ്ങളിലെ പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കാനാകുമോയെന്ന കാര്യം പരിശോധിക്കും.
അന്തർസംസ്ഥാന തൊഴിലാളികളെ കുറിച്ച സമഗ്ര വിവരങ്ങൾ അടങ്ങിയ അതിഥി ആപ് ആഗസ്റ്റിൽ പുറത്തിറക്കും. ഇതുമായി ബന്ധപ്പെട്ട് വ്യാപക പ്രചാരണം നടത്തും.
ഏജന്റുമാരാണ് തൊഴിലാളികളെ കൊണ്ടുവരുന്നത്. അവരിൽ ലൈസൻസ് ഇല്ലാത്തവരുണ്ട്. എല്ലാ തൊഴിലാളികളെയും കുഴപ്പക്കാരായി കാണില്ല. പക്ഷേ, ചില കുഴപ്പക്കാർ വരുന്നുണ്ട്. വരുകയും പോകുകയും ചെയ്യുന്നവരെ സംബന്ധിച്ച പരിശോധനക്ക് കൂടുതൽ ആലോചന നടത്തും. നിലവിൽ 1979ലെ അന്തർസംസ്ഥാന കുടിയേറ്റ തൊഴിലാളി നിയമത്തെയാണ് ആശ്രയിക്കുന്നത്. ആ നിയമത്തിൽ നിരവധി പരിമിതികളുണ്ടെന്നതിനാലാണ് പുതിയ നിയമം നിർമിക്കാൻ ആലോചിക്കുന്നത്.
നിലവിലെ നിയമപ്രകാരം കരാർ മുഖേന അഞ്ചോ അതിലധികമോ പുറം തൊഴിലാളികളെ ജോലി ചെയ്യിക്കാൻ മാത്രമേ ലേബർ ഓഫിസിൽ രജിസ്റ്റർ ചെയ്യേണ്ടതുള്ളൂ. ഇതു മാറ്റി ഓരോ തൊഴിലാളിയും രജിസ്റ്റർ ചെയ്യേണ്ട സാഹചര്യമുണ്ടാക്കും. തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥർ ലേബർ ക്യാമ്പുകളിലും തൊഴിൽ പരിസരങ്ങളിലും നേരിട്ടെത്തി അതിഥി ആപിൽ ഓരോ തൊഴിലാളിയെയും രജിസ്റ്റർ ചെയ്യിപ്പിക്കും.
മറ്റൊരു സംസ്ഥാനവും നൽകാത്ത നിലയിലുള്ള പരിഗണന അവർക്ക് നൽകുന്നുണ്ട്. ദിവസം 1000 രൂപ വരെ കൂലി കിട്ടുന്നുണ്ട്. മറ്റു സംസ്ഥാനങ്ങളിൽ 350 രൂപ വരെയാണ് കിട്ടുന്നത്. ഇന്ത്യയിൽതന്നെ തൊഴിലാളികൾക്ക് മെച്ചപ്പെട്ട വേതനം നൽകുന്നത് കേരളമാണ്. ആവാസ് ഇൻഷുറൻസ് കാർഡ് ഏർപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.