തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ റോഡിൽ ഇരുന്ന് പ്രതിഷേധിച്ചത് ഷോ മാത്രമാണെന്ന് മന്ത്രി വി. ശിവൻകുട്ടി. ഗവർണർ വല്ലാത്ത മാനസികാവസ്ഥയിലെന്നും മന്ത്രി കുറ്റപ്പെടുത്തി.
ഗവർണറുടേത് ഇത് നാലാമത്തെ ഷോ ആണ്. പദവി പോലും നോക്കാതെയുള്ള പ്രകടനമാണ് ഗവർണർ നടത്തുന്നത്. കേരളത്തെ വെല്ലുവിളിക്കുകയാണ് അദ്ദേഹം -ശിവൻകുട്ടി പറഞ്ഞു.
കൊല്ലം നിലമേലിൽ വെച്ചാണ് ഗവർണറുടെ വാഹനവ്യൂഹത്തിന് നേർക്ക് എസ്.എഫ്.ഐ പ്രവർത്തകർ കരിങ്കൊടി കാണിച്ചത്. ഇതോടെ വാഹനത്തിൽ നിന്ന് പുറത്തിറങ്ങിയ ഗവർണർ പൊലീസിന് നേരെ ശകാരവുമായെത്തി. പിന്നീട് സ്ഥലത്ത് നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. കാറിൽ തിരിച്ച് കയറാതെ പ്രതിഷേധിച്ച ഗവർണർ, എസ്.എഫ്.ഐക്കാർക്കെതിരെ കേസെടുക്കാതെ തിരിച്ചുപോവില്ലെന്ന് പറഞ്ഞ് റോഡിൽ കസേരയിട്ട് ഇരുന്നു.
പൊലീസിനെ ശകാരിച്ച ഗവർണർ, തനിക്ക് മതിയായ സുരക്ഷ ഒരുക്കുന്നില്ലെന്ന് ആരോപിച്ചു. 17 എസ്.എഫ്.ഐക്കാർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതിന്‍റെ എഫ്.ഐ.ആർ പകർപ്പ് ലഭിച്ച ശേഷമാണ് റോഡിൽ ഒന്നരമണിക്കൂർ നീണ്ട കുത്തിയിരിപ്പ് പ്രതിഷേധം ഗവർണർ അവസാനിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.