മുളന്തുരുത്തി/ പാലക്കാട്: ദുരന്തം പാഞ്ഞുകയറിയ മരണപ്പാതിരയിൽ ജീവൻ വെടിഞ്ഞ ഒമ്പതുപേർക്കും യാത്രാ മൊഴി. എറണാകുളം മുളന്തുരുത്തി വെട്ടിക്കൽ മാർ ബസേലിയോസ് വിദ്യാനികേതൻ സീനിയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർഥികളുമായി ഊട്ടിയിലേക്ക് വിനോദയാത്ര പോയ ടൂറിസ്റ്റ് ബസ് വടക്കഞ്ചേരിക്കടുത്ത് കെ.എസ്.ആർടി.സി ബസിൽ പാഞ്ഞുകയറിയുണ്ടായ അപകടത്തിൽ അഞ്ച് സ്കൂൾ വിദ്യാർഥികളടക്കം ഒമ്പതുപേരാണ് മരിച്ചത്. ഉല്ലാസത്തോടെ യാത്ര തിരിച്ച സഹപാഠികളും പ്രിയപ്പെട്ട അധ്യാപകനും ചേതനയറ്റ് കിടക്കുന്ന കാഴ്ചക്ക് മുന്നിൽ നാട് മുഴുവൻ തേങ്ങി. ബുധനാഴ്ച അർധരാത്രി 12ഓടെ പാലക്കാട് വടക്കഞ്ചേരിക്കടുത്ത് അഞ്ചുമൂർത്തി മംഗലത്ത് കൊല്ലത്തറയിലായിരുന്നു അപകടം. 48 പേർക്ക് പരിക്കേറ്റു. രണ്ടു പേരുടെ നില ഗുരുതരമായി തുടരുന്നു. ടൂറിസ്റ്റ് ബസിലെ ആറും കെ.എസ്.ആർ.ടി.സി ബസിലെ മൂന്നു പേരുമാണ് മരിച്ചത്.
ടൂറിസ്റ്റ് ബസിലുണ്ടായിരുന്ന വിദ്യാനികേതൻ സ്കൂളിലെ പ്ലസ് ടു വിദ്യാർഥികളായ ഉദയംപേരൂർ വലിയകുളം അഞ്ജന നിവാസിൽ അഞ്ജന അജിത് (17), ആരക്കുന്നം കാഞ്ഞിരിക്കാപ്പിള്ളി ചിറ്റേത്ത് സി.എസ്. ഇമ്മാനുവൽ (17), പത്താം ക്ലാസിലെ മുളന്തുരുത്തി പൈങ്ങാരപ്പിള്ളി പോട്ടയിൽ വീട്ടിൽ ക്രിസ് വിന്‍റർബോൺ തോമസ് (15), പൈങ്ങാരപ്പിള്ളി രശ്മി നിലയത്തിൽ ദിയ രാജേഷ് (15), തിരുവാണിയൂർ വണ്ടിപ്പേട്ട ചെമ്മനാട് വെമ്പിള്ളിമറ്റത്തിൽ എൽന ജോസ് (15), കായിക അധ്യാപകൻ മുളന്തുരുത്തി ഇഞ്ചിമല വട്ടത്തറയിൽ വി.കെ. വിഷ്ണു (33), കെ.എസ്.ആർ.ടി.സിയിലുണ്ടായിരുന്ന കൊല്ലം വലിയോട് ശാന്തിമന്ദിരത്തിൽ അനൂപ് (22), പുനലൂർ മണിയാർ ധന്യാഭവനിൽ യു. ദീപു (26), തൃശൂർ നടത്തറ ഗോകുലം വീട്ടിൽ ആർ. രോഹിത് രാജ് (24) എന്നിവരാണ് മരിച്ചത്.
കൊട്ടാരക്കരയിൽ നിന്ന് കോയമ്പത്തൂരിലേക്ക് പോവുകയായിരുന്നു കെ.എസ്.ആർ.ടി.സി സൂപ്പർ ഫാസ്റ്റ്. ഇടിയുടെ ആഘാതത്തിൽ തലകീഴായി മറിഞ്ഞ ടൂറിസ്റ്റ് ബസ് 50 മീറ്ററോളം റോഡിലൂടെ നിരങ്ങി. പ്രിയ അധ്യാപകനും അഞ്ച് കുട്ടികൾക്കും യാത്രാമൊഴിയേകാൻ സ്കൂൾ മുറ്റത്തേക്ക് നാടാകെ ഒഴുകിയെത്തി. സ്കൂൾ മുറ്റത്ത് നിരത്തിക്കിടത്തിയ ആറ് മൃതദേഹങ്ങൾക്ക് മുന്നിൽ സഹപാഠികളും ഉറ്റവരും അലമുറയിടുമ്പോൾ നാടിന് കണ്ണീർ വാർക്കാതിരിക്കാനായില്ല. 41 വിദ്യാർഥികളും അഞ്ച് അധ്യാപകരും രണ്ട് ബസ് ജീവനക്കാരും അടങ്ങുന്നതായിരുന്നു യാത്രാസംഘം.
കൊച്ചി: വിദ്യാർഥികളടക്കം ഒമ്പതുപേരുടെ മരണത്തിനിടയാക്കിയ വടക്കഞ്ചേരി വാഹനാപകടത്തിൽ സ്വമേധയാ കേസെടുത്ത് ഹൈകോടതിയുടെ രണ്ട് ബെഞ്ച്. വാഹനങ്ങളുമായി ബന്ധപ്പെട്ട കേസുകൾ പരിഗണിക്കുന്ന ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് പി.ജി. അജിത്കുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചും ജസ്റ്റിസ് ദേവൻ രാമചന്ദ്രനുമാണ് വെവ്വേറെ കേസ് സ്വമേധയാ പരിഗണിച്ചത്.
കോടതി നിരോധിച്ച വെളിച്ച-ശബ്ദ സംവിധാനങ്ങൾ ഘടിപ്പിച്ച ബസിന് ഏത് സാഹചര്യത്തിലാണ് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകിയതെന്ന് ഡിവിഷൻ ബെഞ്ച് ആരാഞ്ഞു. കണ്ണഞ്ചപ്പിക്കുന്ന ബൾബുകളും അമിത ശബ്ദ സംവിധാനങ്ങളും ഘടിപ്പിച്ച് ടൂറിസ്റ്റ് ബസുകളെ നൃത്തവേദികളാക്കാൻ അനുവദിക്കരുതെന്ന് ഉത്തരവിട്ടത് ഈ ബെഞ്ചാണ്. വടക്കഞ്ചേരി അപകടവുമായി ബന്ധപ്പെട്ട് പൊലീസിനോടും മോട്ടോർ വാഹന വകുപ്പിനോടും റിപ്പോർട്ടും ആവശ്യപ്പെട്ടിട്ടുണ്ട്.
ഇത്തരം അപകടങ്ങൾ ഒഴിവാക്കാൻ സ്വീകരിക്കുന്ന നടപടികൾ വിശദീകരിക്കാൻ ട്രാൻസ്പോർട്ട് കമീഷണർ വെള്ളിയാഴ്ച ഉച്ചക്ക് നേരിട്ടോ ഓൺലൈനിലൂടെയോ ഹാജരാകാൻ സിംഗിൾ ബെഞ്ചും ഉത്തരവിട്ടു. അപകടത്തിൽപെട്ട കെ.എസ്.ആർ.ടി.സി ബസിലുണ്ടായിരുന്ന ഒരു യാത്രക്കാരൻ അയച്ച മെസേജ് പരിഗണിച്ചാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ സ്വമേധയാ ഇടപെട്ടത്. ഇത്തരം അപകടങ്ങൾ മേലിലുണ്ടാകുന്നില്ലെന്ന് ഉറപ്പാക്കാൻ കർശന നടപടി വേണമെന്ന് കോടതി നിർദേശിച്ചു.
ചവറ: വടക്കഞ്ചേരിയിൽ ഒമ്പതുപേരുടെ മരണത്തിനിടയാക്കിയ അപകടത്തിൽപെട്ട ടൂറിസ്റ്റ് ബസ് ഡ്രൈവറെ ചവറയിൽനിന്ന് പൊലീസ് പിടികൂടി. അപകടത്തിന് പിന്നാലെ ഒളിവിൽപോയ ജോമോനാണ് പിടിയിലായത്. തിരുവനന്തപുരത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ ചവറയിൽനിന്ന് വടക്കഞ്ചേരി പൊലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു. ജോമോനെ രക്ഷിക്കാൻ സഹായിച്ച എറണാകുളം, കോട്ടയം സ്വദേശികളായ രണ്ട് സുഹൃത്തുക്കളും പിടിയിലായി. ഇയാളെ വടക്കഞ്ചേരിയിലേക്ക് കൊണ്ടുപോയി.അപകടത്തിനുശേഷം തൃശൂരിലെ ആശുപത്രിയിൽ ചികിത്സ തേടിയ ഇയാൾ അവിടെനിന്ന് മുങ്ങുകയായിരുന്നു. ജോമോന്റെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പിടിയിലായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.