തിരുവനന്തപുരം :കല്ലമ്പലം വടശ്ശേരിക്കോണത്ത് അയല്‍വാസിയായ യുവാവും സുഹൃത്തുക്കളും വിവാഹ വീട്ടില്‍ അതിക്രമിച്ച് കയറി വധുവിന്റെ പിതാവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ വനിതാ കമീഷന്‍ ചെയര്‍പേഴ്‌സണ്‍ അഡ്വ. പി. സതീദേവി സംഭവസ്ഥലം സന്ദര്‍ശിച്ചു. പെണ്‍കുട്ടിയെയും മാതാവിനെയും ആശ്വസിപ്പിച്ചു. സംഭവത്തില്‍ നേരത്തേതന്നെ വനിതാ കമീഷന്‍ സ്വമേധയാ കേസെടുത്തിരുന്നു.
പ്രതികളും, പ്രതികളിലൊരാളായ ജിഷ്ണുവിന്റെ കുടുംബാംഗങ്ങളും കൂടിച്ചേര്‍ന്നുകൊണ്ട് നടത്തിയിട്ടുള്ള ആസൂത്രിതമായൊരു കൊലപാതകം എന്ന നിലയില്‍ ഈ കേസിനെ സംബന്ധിച്ച അന്വേഷണം നടത്തേണ്ടതുണ്ട്. കൊലപാതകം നടത്തിയതിനുശേഷം ഈ പ്രദേശത്ത് കുറ്റവാളികളെ സംരക്ഷിക്കുന്നതിനുവേണ്ടി ഒരു സംഘം തന്നെ പ്രവര്‍ത്തിക്കുന്നുണ്ട് എന്നാണ് സംഭവസ്ഥലം സന്ദര്‍ശിച്ചപ്പോള്‍ മനസിലാക്കാന്‍ കഴിയുന്നതെന്നും സതീദേവി പറഞ്ഞു.
ഈ കേസിലെ ദൃക്‌സാക്ഷികളായ, കൊല്ലപ്പെട്ട രാജുവിന്റെ സഹോദരി ഭര്‍ത്താവ് ദേവദത്തന്‍ മകള്‍ ഗുരുപ്രിയ എന്നിവര്‍ക്കടക്കം സംരക്ഷണം ഏര്‍പ്പെടുത്തുന്നതിനുള്ള നടപടിയുണ്ടാകേണ്ടതാണെന്നും ചെയര്‍പേഴ്‌സണ്‍ പി.സതീദേവി പറഞ്ഞു. എം.എൽ.എ ഒ.എസ്.അംബിക, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വൈസ് പ്രസിഡന്റ് എ. ഷൈലജാ ബീഗം തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.
കൊല്ലപ്പെട്ട രാജുവിന്റെ മകള്‍ ശ്രീലക്ഷ്മിയെ വിവാഹം കഴിക്കാന്‍ താല്പര്യമുണ്ട് എന്ന് ഈ കേസിലെ പ്രധാന പ്രതി വിഷ്ണു ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍തന്നെ ഇതിന് തയാറല്ലായെന്ന് പെണ്‍കുട്ടിയും വീട്ടുകാരും അറിയിച്ചിട്ടും പെണ്‍കുട്ടിയുടെ പിറകേകൂടി നിര്‍ബന്ധപൂര്‍വം വിവാഹം കഴിച്ചേതീരൂ എന്ന രീതിയില്‍ ആ യുവാവും അയാളുടെ വീട്ടുകാരും പ്രവര്‍ത്തിച്ചു എന്നാണ് മനസിലാക്കുന്നത്. പെണ്‍കുട്ടിയുടെ ആശാപ്രവര്‍ത്തകയായ അമ്മയേയും ഭീഷണി സ്വരത്തില്‍ ഇക്കാര്യം അറിയിച്ചുകൊണ്ടുള്ള വാട്‌സാപ്പ് സന്ദേശങ്ങള്‍ അയച്ചിട്ടുണ്ട് എന്നാണ് മനസിലാക്കുന്നത്. ഇവയെല്ലാം കേസന്വേഷണത്തിന്റെ ഭാഗമായി പരിശോധിക്കപ്പെടേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.