ആലപ്പുഴ: പരമ്പരാഗത മതപ്രഭാഷണത്തിന്റെ ശൈലിയും ഘടനയും പൊളിച്ചെഴുതി, മലബാറിന്റെ ‘ഖൽബ്’ കീഴടക്കിയ പ്രഭാഷകനായിരുന്നു അന്തരിച്ച വൈലിത്തറ മുഹമ്മദുകുഞ്ഞ് മൗലവി. ആരെയും അനുകരിക്കാതെ സ്വന്തംനിലയിൽ ആർജിച്ചെടുത്ത പ്രഭാഷ ശൈലിയിലൂടെയായിരുന്നു അദ്ദേഹം ജനസാഗരത്തെ ആകർഷിച്ചത്.
സ്കൂൾ വിദ്യാഭ്യാസം കുറവായിരുന്നിട്ടും ഇംഗ്ലീഷ് സാഹിത്യവും കുമാരനാശാന്റെയും ചങ്ങമ്പുഴയുടെയും മലയാള കവിതകളും നിരത്തിയാണ് ആശയങ്ങൾ സമർഥിച്ചത്. ഖുര്‍ആനും ബൈബിളും ഭഗവത്ഗീതയും ഉപനിഷത്തുകളും കോർത്തിണക്കിയുള്ള പാഠങ്ങളും ഫലിതങ്ങളും ചേർത്തുള്ള ശൈലി അക്കാലത്ത് പുതുമയായിരുന്നു. അന്ന് ‘വഅ്ള് (മതപ്രസംഗം) നടത്തുന്ന മതപണ്ഡിതന്മാര് പൊതുവെ ഖുര്‍ആന്‍ വചനങ്ങള്‍ക്ക് അപ്പുറത്തേക്ക് പോയിരുന്നില്ല.
അവിടെനിന്നാണ് തലമുടി ക്രോപ് ചെയ്തും തൊപ്പിയും തലപ്പാവും ധരിക്കാതെയും വേദിയിൽ എത്തിയ ‘മോഡേൺ മൗലവി’ മതവിജ്ഞാനങ്ങൾക്കപ്പുറം സർവതല സ്പർശിയായ പ്രഭാഷണ ചാരുതയിലൂടെ കേരളത്തിനകത്തും പുറത്തും വിസ്മയം തീർത്തത്.
18ാം വയസ്സിൽ തൃക്കുന്നപ്പുഴ ജ്ഞാനോദയം വായനശാലയുടെ സാംസ്കാരിക സമ്മേളന വേദിലായിരുന്നു ആദ്യപ്രസംഗം. പിതൃസഹോദരൻ എഴുതിക്കൊടുത്ത പ്രസംഗമാണ് അവതരിപ്പിച്ചത്. ആത്മവിദ്യാസംഘത്തിന്റെ ആത്മീയാചാര്യന് ആര്യഭട്ട സ്വാമിയുടെ സാന്നിധ്യത്തിൽ നടന്ന ഈ പ്രസംഗം കഴിഞ്ഞിറങ്ങിയപ്പോള്‍ സ്വാമി കൈപിടിച്ച് അഭിനന്ദിച്ച് പറഞ്ഞത് ‘വണ്ടര്ഫുള് മാന്‍’ എന്നായിരുന്നു.
മലബാറിലെ ആദ്യപരിപാടി വടകര ബുസ്താനുല്‍ ഉലൂം മദ്റസ വാര്‍ഷികമായിരുന്നു. ആദ്യകാലത്തെ അവിസ്മരണീയ പ്രഭാഷണത്തിൽ ഒന്നായിരുന്നു കോഴിക്കോട് കുറ്റിച്ചിറ അന്‍സാറുല്‍ മുസ്ലിമീന് മദ്റസ അങ്കണത്തിൽ നടന്നത്. ഏഴുദിവസത്തേക്ക് തീരുമാനിച്ച പ്രഭാഷണം 17 ദിവസംവരെ നീണ്ടു. കേൾവിക്കാരനായി അബ്ദുറഹ്മാന് ബാഫഖി തങ്ങളുണ്ടായിരുന്നു. ഒവൈലിത്തറയുടെ പ്രസംഗത്തെക്കുറിച്ച് പത്രങ്ങളിലും മാഗസിനുകളിലും ഫീച്ചറുകളും വന്നിരുന്നു.
1930ലാണ് ജനനം. പണ്ഡിതനായ പിതാവിന്റെ പേരും വൈലിത്തറ മുഹമ്മദുകുഞ്ഞ് മുസ്ലിയാർ എന്നായിരുന്നു.14ാം വയസ്സിൽ പിതാവിന്റെ ആദ്യകാല ഗുരുവും സൂഫിവര്യനുമായ വാഴക്കാടന്‍ മുഹമ്മദ് മുസ്ലിയാരുടെ ദറസില്‍ ചേര്‍ന്നു. ആലി മുസ്ലിയാർ, വടുതല കുഞ്ഞുവാവ മുസ്ലിയാർ എന്നിവരിൽനിന്ന് കർമശാസ്ത്രവും പഠിച്ചത്.
പാണക്കാട് കുടുംബത്തിലെ പി.എം.എസ്. പൂക്കോയ തങ്ങൾ മുതൽ ഇളംതലമുറയിൽ ഉള്ളവരുമായി വരെ അടുത്ത ബന്ധമായിരുന്നു. സി.എച്ച്. മുഹമ്മദ് കോയ, ബാഫഖി തങ്ങൾ, വ്യവസായ പ്രമുഖൻ എം.എ. യൂസുഫലി തുടങ്ങിയവരെല്ലാം വൈലിത്തറയുടെ പ്രഭാഷണത്തെ ഏറെ ഇഷ്ടപ്പെട്ടിരുന്നവരാണ്.
ഒരുവർഷം മുമ്പ് കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ പല്ലനയിലെ വീട്ടിലെത്തി അമീറുൽ ഖുത്വബ (പ്രഭാഷക കുലപതി) പട്ടം നൽകിയിരുന്നു. മമ്മിഹാജി സ്മാരക അവാർഡ് ജേതാവുമാണ് വൈലിത്തറ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.