കൽപ്പറ്റ: വൈത്തിരി റിസോർട്ടിൽ പൊലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവ് സി.പി. ജലീൽ പൊലീസിന് നേരെ വെടിയുതിർത്തിട്ടില്ലെന്ന് ഫോറൻസിക് റിപ്പോർട്ട്. ജലീലിന്‍റെ കൈവശമുണ്ടായിരുന്നതായി കാണിച്ച് പൊലീസ് ഹാജരാക്കിയ തോക്കിൽ നിന്ന് വെടിയുതിർത്തിട്ടേയില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. ജലീലിന്‍റെ വലതുകയ്യിൽ വെടിമരുന്നിന്‍റെ അംശം ഇല്ല. സ്ഥലത്തുനിന്ന് കണ്ടെത്തിയ വെടിയുണ്ടകൾ പൊലീസിന്‍റെ തോക്കിൽ നിന്നുള്ളതാണെന്നും റിപ്പോർട്ടിൽ പറയുന്നു. ജലീൽ വെടിയുതിർത്തപ്പോഴാണ് തിരികെ വെടിവെച്ചതെന്ന പൊലീസ് ഭാഷ്യം നിഷേധിക്കുകയാണ് റിപ്പോർട്ട്.
ഫെബ്രുവരിയിൽ കോടതിയിൽ സമർപ്പിച്ചതാണ് റിപ്പോർട്ട്. ഇത് ജലീലിന്‍റെ ബന്ധുക്കൾക്ക് ലഭ്യമായതോടെയാണ് റിപ്പോർട്ടിലെ വിവരങ്ങൾ പുറത്തുവന്നത്.
ജലീലിന്‍റെ മൃതദേഹത്തിന് സമീപത്തുനിന്ന് പൊലീസ് തോക്ക് കണ്ടെടുത്തിരുന്നു. ജലീൽ വെടിവെച്ചത് ഈ തോക്ക് ഉപയോഗിച്ചാണ് എന്നായിരുന്നു ഭാഷ്യം. എന്നാൽ, ഈ തോക്കിൽ നിന്ന് വെടിയുതിർത്തിട്ടില്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
വെടിവെക്കുന്ന ആളുടെ കൈയിൽ വെടിമരുന്നിന്‍റെ സാന്നിധ്യം ഉണ്ടാകും. എന്നാൽ, ജലീലിന്‍റെ വലതുകൈയിൽ വെടിമരുന്നിന്‍റെയോ ഈയത്തിന്‍റെയോ അംശം ഇല്ല. അതേസമയം, ഇടത് കൈയിൽ ഈയത്തിന്‍റെ അംശം കണ്ടെത്തിയതായി പറയുന്നുണ്ട്.
സി.പി. ജലീലിന്‍റെ കൊലപാതകം വ്യാജ ഏറ്റുമുട്ടലിലൂടെയാണെന്ന് വ്യക്തമായിരിക്കുകയാണെന്ന് സഹോദരനും മനുഷ്യാവകാശ പ്രവർത്തകനുമായ സി.പി. റഷീദ് പ്രതികരിച്ചു. പൊലീസിനെ സംരക്ഷിക്കുന്നതിനായി യഥാർഥത്തിൽ വെടിവെച്ച തോക്ക് കോടതിയിൽ സറണ്ടർ ചെയ്തിട്ടില്ലെന്നാണ് മനസിലാക്കുന്നതെന്നും റഷീദ് മാധ്യമങ്ങളോട് പറഞ്ഞു.
2019 മാർച്ച് ആറിനാണ് വൈത്തിരിയിലെ ഉപവൻ റിസോർട്ടിൽ മാവോയിസ്റ്റ് ജലീൽ വെടിവെപ്പിൽ കൊല്ലപ്പെട്ടത്. രാത്രിയിലെത്തിയ മാവോയിസ്റ്റുകൾ റിസോർട്ട് ജീവനക്കാരോട് പണം ആവശ്യപ്പെട്ടെന്നും ഇവർ പൊലീസിനെ വിവരം അറിയിക്കുകയും തുടർന്നുണ്ടായ ഏറ്റുമുട്ടലിൽ ജലീൽ കൊല്ലപ്പെടുകയായിരുന്നുവെന്നുമാണ് പൊലീസ് പറയുന്നത്. എന്നാൽ, ജലീലിനെ വ്യാജ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയതാണെന്ന് ആരോപിച്ച് ബന്ധുക്കളും മനുഷ്യാവകാശ പ്രവർത്തകരും രംഗത്തെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.