വാളയാർ കേസിൽ സർക്കാർ പ്രഖ്യാപനം ആത്മാർത്ഥതയില്ലാത്തത് -വിമൻ ജസ്റ്റിസ്

കോഴിക്കോട്: വാളയാർ കേസിൽ ജസ്റ്റിസ് ഹനീഫ കമീഷൻ കുറ്റക്കാരെന്ന് കണ്ടെത്തിയ ഉദ്യോഗസ്ഥരെ ശിക്ഷിക്കുമെന്ന സർക്കാർ പ്രഖ്യാപനം ആത്മാർത്ഥതയില്ലാത്തതാണെന്ന് വിമൻ ജസ്റ്റിസ് സംസ്ഥാന പ്രസിഡന്‍റ് ജബീന ഇർഷാദ്. ക്രൂരമായി പീഡിപ്പിക്കപ്പെട്ട് ദുരൂഹ മരണത്തിനിരയായ പെൺകുട്ടികളുടെ കേസന്വേഷണം അട്ടിമറിക്കുന്നതിന് നേതൃത്വം നൽകിയ അന്നത്തെ ഡി.വൈ.എസ്.പി. സോജനെ കുറിച്ച് യാതൊരു പരാമർശവും നടത്താതെയാണ് ജസ്റ്റിസ് ഹനീഫ കമീഷൻ റിപ്പോർട്ട് നൽകിയത്.

'കുട്ടികൾ ഉഭയകക്ഷി സമ്മതപ്രകാരം ലൈംഗികവൃത്തിയിൽ ഏർപ്പെടുകയായിരുന്നെന്ന' വിവാദ പരാമർശം നടത്തിയ സോജനെ എസ്.പിയാക്കി സ്ഥാനക്കയറ്റം കൊടുത്ത് ആദരിക്കുകയും ഐ.പി.എസ് നൽകാൻ കേന്ദ്രത്തോട് ശുപാർശ നൽകുകയുമാണ് പിണറായി സർക്കാർ ചെയ്തത്. കമ്മീഷൻ കുറ്റക്കാരനെന്ന് കണ്ടെത്തിയ എസ്.ഐ ചാക്കോക്ക് നേരത്തെ സി.ഐ.യായി സ്ഥാനക്കയറ്റം നൽകിയിരുന്നു. കേസിൽ ആഭ്യന്തര വകുപ്പിന് പിഴവ് പറ്റിയെന്ന് ഹൈകോടതിയിൽ കുറ്റസമ്മതം നടത്തിയ സർക്കാർ വീഴ്ച തിരുത്താൻ തയ്യാറല്ല എന്നാണ് ഇതിൽ നിന്നും മനസ്സിലാകുന്നതെന്നും അവർ പറഞ്ഞു.

വാളയാറിൽ ക്രൂരമായി പീഡിപ്പിക്കപ്പെടുകയും കൊല ചെയ്യപ്പെടുകയും ചെയ്യപ്പട്ട പെൺകുഞ്ഞുങ്ങൾക്കും അവരുടെ കുടുംബത്തിനും നീതി ലഭിക്കണമെങ്കിൽ പ്രോസിക്യൂഷൻ അലംഭാവം കാരണം രക്ഷപ്പെട്ട പ്രതികളെ നിയമപരമായി ശിക്ഷിക്കുന്നതിനാവശ്യമായ നടപടികൾ ഉറപ്പു വരുത്തണം.

സോജനടക്കം കുറ്റക്കാരായ മുഴുവൻ ഉദ്യോഗസ്ഥരും ശിക്ഷിക്കപ്പെടണം. പോക്സോ കേസുകളിൽ  പ്രതികളെ രക്ഷപ്പെടുത്തുന്ന സർക്കാർ സമീപനം തിരുത്തിയില്ലെങ്കിൽ കടുത്ത പ്രതിഷേധങ്ങൾക്ക് കേരളം സാക്ഷ്യം വഹിക്കുമെന്നും ജബീന ഇർഷാദ് പ്രസ്താവനയിൽ പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.