തൃശൂർ: എൻ.സി.പി (എസ്) സംസ്ഥാന കമ്മിറ്റിയിൽ പ്രസിഡന്റ് പി.സി. ചാക്കോയും അദ്ദേഹത്തിന്റെ പ്രവർത്തന രീതികളെ എതിർക്കുന്നവരും തമ്മിലുള്ള തർക്കം കൂടുതൽ രൂക്ഷമാകുന്നു. അച്ചടക്കവിരുദ്ധ പ്രവർത്തനത്തിന്റെ പേരിൽ രണ്ട് ജനറൽ സെക്രട്ടറിമാരെക്കൂടി സംസ്ഥാന പ്രസിഡന്റ് നീക്കംചെയ്തു. തൃശൂരിൽനിന്നുള്ള എ.വി. വല്ലഭനെയും പാലക്കാട്ടുനിന്നുള്ള റസാഖ് മൗലവിയെയുമാണ് നീക്കിയത്. സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി അഡ്വ. കെ.ആർ. രാജനാണ് ഇരുവരെയും അറിയിച്ചത്.
സംഘടനവിരുദ്ധ പ്രവർത്തനത്തിന് മൂന്നു ദിവസത്തിനകം വിശദീകരണം ബോധിപ്പിക്കാൻ ആവശ്യപ്പെട്ട് വല്ലഭനും റസാഖ് മൗലവിയുമടക്കം ആറ് സീനിയർ നേതാക്കൾക്ക് ഒക്ടോബർ ഒന്നിന് നോട്ടീസ് നൽകിയിരുന്നു. നിശ്ചിത സമയത്തിനകം വിശദീകരണം നൽകാത്തത് കുറ്റം സമ്മതിക്കലാണെന്ന് കണക്കാക്കിയാണ് സ്ഥാനത്തുനിന്ന് നീക്കുന്നതെന്ന് അറിയിപ്പിൽ പറയുന്നു. കഴിഞ്ഞദിവസം സംസ്ഥാന സെക്രട്ടറി അഡ്വ. രഘു കെ. മാരാത്തിനെതിരെ നടപടിയെടുത്തിരുന്നു. അതിനുമുമ്പ് മുതിർന്ന നേതാവും വൈസ് പ്രസിഡന്റുമായ പി.കെ. രാജൻ മാസ്റ്റർക്കെതിരെയും നടപടിയുണ്ടായി. എ.കെ. ശശീന്ദ്രനെ മന്ത്രിസ്ഥാനത്തുനിന്ന് മാറ്റി തോമസ് കെ. തോമസിനെ മന്ത്രിയാക്കാനുള്ള ചാക്കോയുടെ പാളിയ നീക്കം സൃഷ്ടിച്ച തർക്കങ്ങളാണ് എൻ.സി.പി സംസ്ഥാന കമ്മിറ്റിയിൽ കലഹം തുറന്നുവിട്ടത്.
അതിനിടെ, പാർട്ടിയുടെ നിയന്ത്രണത്തിലുള്ള എ.സി. ഷണ്മുഖദാസ് പഠനകേന്ദ്രം ഒക്ടോബർ 17ന് തൃശൂരിൽ നടത്താൻ തീരുമാനിച്ച ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ സംവാദ സദസ്സിൽ പങ്കെടുക്കുന്നത് അച്ചടക്കവിരുദ്ധ പ്രവർത്തനമായി കണക്കാക്കുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി പി.വി. അജ്മൽ തൃശൂർ ജില്ലയിലെ സംസ്ഥാന, ജില്ല, ബ്ലോക്ക്, മണ്ഡലം നേതാക്കൾക്കും പ്രവർത്തകർക്കും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പാർട്ടി ജില്ല കമ്മിറ്റിയാണ് ഇത്തരം പരിപാടികൾ സംഘടിപ്പിക്കേണ്ടതെന്നും പാർട്ടിയുടെ അനുമതിയില്ലാതെ ഇതുപോലുള്ള യോഗങ്ങൾ വിളിച്ചുചേർക്കുന്നതും പങ്കെടുക്കുന്നതും സംഘടനവിരുദ്ധ പ്രവർത്തനമാണെന്നുമാണ് അറിയിച്ചിട്ടുള്ളത്. മുൻ മന്ത്രിയും സി.പി.എം നേതാവുമായ പ്രഫ. സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യുന്ന പരിപാടിയിൽ നടപടി നേരിട്ട പി.കെ. രാജൻ മാസ്റ്റർ, അഡ്വ. രഘു കെ. മാരാത്ത് എന്നിവരാണ് പങ്കെടുക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.