മലപ്പുറം: കോവിഡിനെ തുടർന്ന് വിദേശത്ത് കുടുങ്ങിയവരെ നാട്ടിൽ തിരിച്ചെത്തിക്കുന്ന വന്ദേഭാരത് ദൗത്യത്തിന് ഒരുവർഷം. കേന്ദ്ര വ്യോമയാന മന്ത്രാലയം നടപ്പാക്കിയ ദൗത്യത്തിലൂടെ തിരിച്ചെത്തിയത് 58 ലക്ഷത്തോളം പേർ. കഴിഞ്ഞ വർഷം മേയ് ഏഴിനാണ് വന്ദേഭാരത് ആരംഭിച്ചത്. ആദ്യദിവസം എയർ ഇന്ത്യ എക്സ്പ്രസ് രണ്ട് വിമാനങ്ങളാണ് ഷെഡ്യൂൾ ചെയ്തത്. ഇത് രണ്ടും കേരളത്തിലേക്കായിരുന്നു. ആദ്യവിമാനം അബൂദബിയിൽനിന്ന് കൊച്ചിയിലേക്കും തൊട്ടുപിന്നാലെ രണ്ടാമത്തെ വിമാനം ദുബൈയിൽനിന്ന് കരിപ്പൂരിലേക്കുമായിരുന്നു.
2020 മേയ് ഏഴ് മുതൽ 2021 മാർച്ച് 29 വരെ 10 ഘട്ടങ്ങളിലായാണ് ദൗത്യം പൂർത്തീകരിച്ചത്. എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും സംയുക്തമായി 12,303 സർവിസുകളിലായി 19,02,161 പേരെ തിരിച്ചെത്തിച്ചു. ഇന്ത്യൻ സ്വകാര്യ വിമാന കമ്പനികളും വിദേശ കമ്പനികളും േചർന്ന് 24,613 സർവിസുകളിലായി 33,48,518 പേരെയാണ് ഏപ്രിൽ 13 വരെയുള്ള കണക്ക് പ്രകാരം നാട്ടിൽ എത്തിച്ചത്. അഞ്ചര ലക്ഷത്തോളം പേരെ കപ്പലുകളിലും കൊണ്ടുവന്നു.
കേരളം ഉൾപ്പെടെ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് തിരിച്ചെത്തിയവരിൽ കൂടുതൽ. സംസ്ഥാനത്ത് കോഴിക്കോട്, കൊച്ചി വിമാനത്താവളങ്ങൾ വഴിയാണ് ഏറെ പേരും വന്നത്. മേയ് 26നാണ് കഴിഞ്ഞ വർഷത്തെ േലാക്ഡൗണിന് ശേഷം ആദ്യമായി പ്രവാസികൾ മടങ്ങിയത്. കരിപ്പൂരിൽനിന്ന് 95 പേരാണ് ആദ്യമായി ബഹ്റൈനിലേക്ക് പുറപ്പെട്ടത്. പിന്നീട് യു.എ.ഇയിലേക്കും മറ്റ് ഗൾഫ് രാജ്യങ്ങളിലേക്കും തിരികെ പോകാൻ സാധിച്ചു. ഇൗ കാലയളവിൽ എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസിെൻറ 12,310 സർവിസുകളിലായി 14,46,357 പേർ വിദേശത്തേക്ക് മടങ്ങി.
അതേസമയം, സൗദി അറേബ്യയിലേക്ക് ഇതുവരെ നേരിട്ടുള്ള വിമാന സർവിസ് ആരംഭിച്ചിട്ടില്ല. ദൗത്യത്തിെൻറ തുടക്കത്തിൽ എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും മാത്രമാണ് സർവിസ് നടത്തിയത്. പിന്നീട് സ്വകാര്യ, വിദേശ വിമാന കമ്പനികൾക്കും ചാർേട്ടഡ് സർവിസുകൾ നടത്താൻ അനുമതി നൽകിയതോടെയാണ് കൂടുതൽ പേർ തിരിച്ചെത്തിയത്. പ്രവാസി സന്നദ്ധ സംഘടനകൾക്ക് പുറമെ മാധ്യമം-മീഡിയവണും ചാർട്ടർ വിമാനങ്ങൾ ഏർപ്പെടുത്തിയത് നിരവധി പേർക്ക് തുണയായി. ആദ്യഘട്ടങ്ങളിൽ ഗർഭിണികൾ, കുട്ടികൾ, വയോധികർ, രോഗികൾ, വിസ കാലാവധി അവസാനിച്ചവർ എന്നിവർക്കായിരുന്നു മുൻഗണന. പിന്നീടാണ് മറ്റുള്ളവർക്കും അവസരം നൽകിയത്.
മലപ്പുറം: വന്ദേഭാരത് ദൗത്യത്തിൽ നോവായി െഎ.എക്സ് 1344. വിദേശത്തുനിന്ന് മലയാളികളെ നാട്ടിലേക്ക് എത്തിക്കുന്നതിനിടെയാണ് എയർ ഇന്ത്യ എക്സ്പ്രസ് വിമാനം കരിപ്പൂരിൽ ദുരന്തത്തിൽപ്പെട്ടത്.
ആഗസ്റ്റ് ഏഴിന് ദുബൈയിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസിെൻറ െഎ.എക്സ് 1344 നമ്പർ വിമാനമാണ് കോഴിക്കോട് വിമാനത്താവളത്തിൽ അപകടത്തിൽപ്പെട്ടത്. ദുരന്തത്തിൽ വിമാനത്തിെൻറ ക്യാപ്റ്റൻ ദീപക് സാഥെയും േകാപൈലറ്റ് അഖിലേഷ് കുമാറും ഉൾപ്പെടെ 21 പേരാണ് മരിച്ചത്.
അപകടത്തിൽ വി.ടി എ.എക്സ്.എച്ച് എന്ന ബി 737-800 വിമാനം പൂർണമായി തകർന്നു. 184 യാത്രക്കാരാണ് ഉണ്ടായിരുന്നത്. നിരവധി പേർക്ക് ഗുരുതര പരിക്കേറ്റിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.