തിരുവനന്തപുരം: ഉത്സവ സീസണുകളിൽ യാത്രക്കാരുടെ തിരക്ക് പരിഹരിക്കുന്നതിന് പതിവ് സ്പെഷലുകൾക്ക് പകരം ഉയർന്ന നിരക്കിലെ ‘വന്ദേ ഭാരത് സ്പെഷലു’കളിലേക്ക് റെയിൽവേ ചുവടുമാറുന്നു. എ.സി കോച്ചുകൾ മാത്രമുള്ള ഈ സർവിസുകൾ സാധാരണക്കാർക്ക് ആശ്രയിക്കാനാവില്ലെന്നതാണ് പ്രധാന വെല്ലുവിളി. മുമ്പ് സാധാരണ നിരക്കിലുള്ള സ്പെഷലുകളായിരുന്നു യാത്രക്കാരുടെ തിരക്ക് കുറക്കുന്നതിന് റെയിൽവേ അനുവദിച്ചിരുന്നത്. എന്നാൽ, പിന്നീട് ലാഭത്തിൽ കണ്ണുവെച്ചതോടെ സുവിധ സ്പെഷലുകളിലായി ശ്രദ്ധ. പിന്നാലെ സ്പെഷൽ നിരക്കിലുള്ള പ്രത്യേക സർവിസുകളിലേക്കും. എന്നാൽ, 2023 ഡിസംബർ മുതൽ പ്രീമിയം നിരക്കുള്ള വന്ദേഭാരതുകൾ ഏർപ്പെടുത്തിയാണ് ടിക്കറ്റ് കൊള്ള.
ഒടുവിൽ ജൂലൈ 31 നും ആഗസ്റ്റ് 26 നും ഇടയിൽ എറണാകുളത്തുനിന്ന് ബംഗളൂരുവിലേക്കും തിരിച്ചും അനുവദിച്ചത് 24 വന്ദേഭാരത് സ്പെഷലുകളാണ്. ഡിസംബറിലെ ശബരിമല തീർഥാടന കാലത്ത് കോട്ടയം-ചെന്നൈ-കോട്ടയം റൂട്ടിൽ ഓടിച്ചത് എട്ട് വന്ദേഭാരത് സ്പെഷലുകൾ. ദക്ഷിണ റെയിൽവേയിൽ ചെന്നൈയിൽനിന്ന് നാഗർകോവിലിലേക്കും തിരിച്ചും 24 സ്പെഷൽ വന്ദേഭാരതുകളാണ് ഓടിച്ചത് ഇക്കഴിഞ്ഞ ഏപ്രിലിലും. ഇതിനിടയിൽ ജൂലൈ ആദ്യത്തിൽ കൊച്ചുവേളിയിൽനിന്ന് മംഗളൂരുവിലേക്ക് ഒറ്റ സർവിസായി വന്ദേഭാരത് സ്പെഷലുമുണ്ടായി.
ഉയർന്ന നിരക്കാണ് ഇവയിലെ പ്രധാന പ്രശ്നം. കേരളത്തിലേക്ക് ഇപ്പോൾ പ്രഖ്യാപിച്ച വന്ദേഭാരത് സ്പെഷലിന് എറണാകുളത്ത് നിന്ന് പാലക്കാട്ടേക്ക് എ.സി ചെയർകാറിൽ 840 രൂപയാണ് നിരക്ക്. എക്സിക്യുട്ടിവ് ചെയർകാറിൽ 1695 ഉം. എന്നാൽ, സാധാ എക്സ്പ്രസ് ട്രെയിനിൽ പാലക്കാടുനിന്ന് എറണാകുളത്തേക്ക് 100 രൂപയാണ് സെക്കൻഡ് സിറ്റിങ്ങിൽ നിരക്ക്. എ.സി ചെയർകാറിലാകട്ടെ 340 രൂപയും. എക്സ്പ്രസുകളിലെ എ.സി നിരക്കിന്റെ ഇരട്ടിയിലധികമാണ് വന്ദേഭാരതിൽ എന്നിരിക്കെയാണ് തിരക്കുകാലത്തെ കൊള്ള.
കേരളത്തിന് പുറത്ത് മലയാളികൾ ഏറ്റവുമധികം തങ്ങുന്ന നഗരമാണ് ബംഗളൂരു. അതുകൊണ്ടുതന്നെ ഈ റൂട്ടിൽ റെയിൽ യാത്രാവശ്യകതയും ഏറെയാണ്. തിരുവനന്തപുരം, എറണാകുളം എന്നിവിടങ്ങളിൽനിന്നുള്ള മൂന്നു പ്രതിദിന ട്രെയിനുകളടക്കം 12 ട്രെയിനുകളാണ് യാത്രക്കാർക്കുള്ള ആശ്രയം. ഈ സാഹചര്യത്തിൽ ഉയർന്ന നിരക്കാണെങ്കിലും നിർബന്ധിതാവസ്ഥയിൽ അതു നൽകി യാത്രചെയ്യുമെന്ന ധാരണയിലാണ് ഈ റൂട്ടിലെ വന്ദേഭാരത് പരീക്ഷണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.