തിരുവനന്തപുരം: വന്ദേഭാരത് പരീക്ഷണയോട്ടത്തിൽ 7.10 മണിക്കൂർകൊണ്ട് കണ്ണൂരിലെത്തിയെങ്കിലും ടിക്കറ്റ് നിരക്കുമായി താരതമ്യം ചെയ്യുമ്പോൾ കാര്യമായ സമയലാഭമില്ലെന്ന് കണക്കുകൾ അടിവരയിടുന്നു.
നിലവിലെ ഏറ്റവും വേഗത്തിലോടുന്ന ട്രെയിനുമായി താരതമ്യം ചെയ്യുമ്പോൾ 47 മിനിറ്റിന്റെ സമയലാഭമേ കിട്ടൂ. തിരുവനന്തപുരത്തുനിന്ന് ചൊവ്വ, വ്യാഴം, വെള്ളി ദിവസങ്ങളിൽ പുറപ്പെടുന്ന രാജധാനി എക്സ്പ്രസ് 7.57 മണിക്കൂർകൊണ്ട് കണ്ണൂരിലെത്തുന്നുണ്ട്.
ഏപ്രിൽ 25 ഓടെ സർവിസ് ആരംഭിക്കുമ്പോൾ ഇതേ വേഗമാണ് വന്ദേഭാരതിനെങ്കിൽ ചെലവഴിക്കുന്ന തുകക്കൊത്ത സമയലാഭം വന്ദേഭാരതിനില്ലെന്ന് വ്യക്തം. അതേസമയം, ഫോട്ടോഫിനിഷിൽ ഏറ്റവും വേഗത്തിലോടുന്ന ട്രെയിനെന്ന വിശേഷണം വന്ദേഭാരത് സ്വന്തമാക്കും. കണ്ണൂരിലേത് മാത്രമല്ല, മറ്റ് സ്റ്റേഷനുകളിലും നിലവിൽ ഓടുന്ന ജനശതാബ്ദി, രാജധാനി എന്നിവയുമായി താരതമ്യം ചെയ്യുമ്പോൾ കാര്യമായ സമയലാഭമില്ല.
തിരുവനന്തപുരത്തുനിന്ന് 5.10ന് പുറപ്പെട്ട ട്രെയിൻ 50 മിനിറ്റെടുത്ത് രാവിലെ ആറിനാണ് കൊല്ലത്തെത്തിയത്. രാജധാനി 55 മിനിറ്റ് കൊണ്ട് ഈ ദൂരം ഓടിയെത്തുന്നുണ്ട്. കോട്ടയത്തെത്തുന്ന സമയത്തിലും വലിയ അന്തരമില്ല. തിരുവനന്തപുരത്തുനിന്ന് 2.19 മണിക്കൂർകൊണ്ടാണ് വന്ദേഭാരത് കോട്ടയം തൊട്ടത്. കേരള എക്സ്പ്രസ് 2.42 മണിക്കൂർകൊണ്ട് ഈ ദൂരം പിന്നിടുന്നുണ്ട്.
കോട്ടയത്തേക്കുള്ള യാത്രക്കാർക്ക് ലഭിക്കുന്നത് 23 മിനിറ്റ് ലാഭം മാത്രം. 3.18 മണിക്കൂർ എടുത്ത് 8.28നാണ് എറണാകുളത്ത് എത്തിയത്. ഇതേസമയംകൊണ്ട് ഇതിലും കുറഞ്ഞ ചെലവിൽ എറണാകുളത്തെത്താമെന്നതാണ് നിലവിലെ സ്ഥിതി.
വന്ദേഭാരത് തിരുവനന്തപുരത്തുനിന്ന് കോഴിക്കോട് എത്തിയത് 6.06 മണിക്കൂർകൊണ്ടാണ്. രാജധാനി 6.42 മണിക്കൂറിൽ കോഴിക്കോട്ട് ഓടിയെത്തുന്നുണ്ട്. ജനശതാബ്ദി 7.01 മണിക്കൂർകൊണ്ടും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.