വണ്ടിപ്പെരിയാർ: ആറു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിക്കുകയും കൊന്ന് കെട്ടിതൂക്കുകയും ചെയ്ത കേസിലെ പ്രതിയെ വെറുതെവിട്ട കോടതി വിധിക്കെതിരെ പരസ്യ പ്രതിഷേധവുമായി കുടുംബം. കുട്ടിയുടെ മാതാപിതാക്കൾ ഇന്ന് പൊലീസ് സ്റ്റേഷന് മുമ്പിൽ പ്രതിഷേധിക്കും. രാവിലെ പത്തരക്കാണ് പ്രതിഷേധം നടത്തുന്നത്.
പ്രതിയെ വെറുതേവിടാനുള്ള വിധിക്കെതിരെ കട്ടപ്പന അതിവേഗ കോടതി വളപ്പിൽ നാടകീയ സംഭവങ്ങളും പ്രതിഷേധവുമാണ് നടന്നത്. കേസിന്‍റെ അന്വേഷണം വേണ്ടവിധം പൊലീസ് നടത്തിയില്ലെന്നും തെളിവിന്‍റെ അഭാവത്തിലാണ് പ്രതിയെ വെറുതെവിടുന്നതെന്നും വിധിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ദൃക്സാക്ഷികൾ ഇല്ലാത്ത കേസിൽ സാഹചര്യ തെളിവുകളും ശാസ്ത്രീയ തെളിവുകളുമാണ് കോടതി പ്രധാനമായും പരിഗണിക്കുക.
കൊലപാതകം നടന്ന ദിവസം വിരടലയാള വിദഗ്ധർ അടക്കമുള്ളവരുടെ സേവനം ഉപയോഗിച്ചില്ലെന്നും തെളിവുകൾ ശേഖരിച്ചില്ലെന്നുമാണ് വിധിയിൽ ജഡ്ജി വിവരിക്കുന്നത്. ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുന്നതിൽ പൊലീസിനുണ്ടായ കാലതാമസം പ്രതിക്ക് തുണയായെന്ന സംശയം ബലപ്പെടുന്നു.
2021 ജൂൺ 30നാണ് വണ്ടിപ്പെരിയാർ ചുരക്കുളം എസ്റ്റേറ്റ് ലയത്തിൽ ആറ് വയസ്സുകാരിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രതിക്കെതിരായ ബലാത്സംഗം, കൊലപാതകം, പ്രകൃതിവിരുദ്ധ പീഡനം ഉൾപ്പെടെ വിവിധ പോക്സോ വകുപ്പുകൾ പ്രകാരം ചുമത്തിയ കുറ്റകൃത്യങ്ങളിൽ ഒന്നു പോലും പ്രോസിക്യൂഷന് കോടതിയിൽ തെളിയിക്കാനായില്ല. ഇതേതുടർന്ന് കേസിലെ പ്രതിയായ വണ്ടിപ്പെരിയാർ ചുരക്കുളം എസ്റ്റേറ്റിലെ അർജുനെ (24) വെറുതെവിടാൻ കട്ടപ്പന അതിവേഗ കോടതി ഉത്തരവിട്ടു.
കുട്ടിയെ ലയത്തിലാക്കി രാവിലെ ജോലിക്കു പോയ മാതാപിതാക്കള്‍ തിരികെ എത്തിയപ്പോഴാണ് ഷാള്‍ കഴുത്തില്‍ കുരുങ്ങിയ നിലയില്‍ കണ്ടെത്തിയത്. തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കളിക്കുന്നതിനിടെ അബദ്ധത്തില്‍ ഷാള്‍ കഴുത്തില്‍ കുരുങ്ങി മരിച്ചതാണെന്നായിരുന്നു ആദ്യം കരുതിയിരുന്നത്. എന്നാല്‍, പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കുട്ടി പീഡിപ്പിക്കപ്പെട്ടതായി കണ്ടെത്തിയതോടെയാണ് വഴിത്തിരിവുണ്ടായത്.
14 വര്‍ഷം കുട്ടികളുണ്ടാകാതെ കാത്തിരുന്ന മാതാപിതാക്കളും ബന്ധുക്കളും ഞെട്ടലോടെയാണ് ഈ വിവരം അറിഞ്ഞത്. രണ്ട് ദിവസത്തിനു ശേഷമാണ് വണ്ടിപ്പെരിയാർ എസ്.ഐ ടി.ഡി. സുനിൽകുമാർ പ്രതിയെ അറസ്റ്റ് ചെയ്തത്. മൂന്നു വര്‍ഷത്തോളമായി കുട്ടിയെ യുവാവ് പീഡിപ്പിച്ചിരുന്നതായാണ് പൊലീസ് കണ്ടെത്തൽ. പീഡനത്തിനിടെ ബോധരഹിതയായ കുട്ടിയെ ഷാള്‍ കഴുത്തില്‍ കുരുക്കി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പ്രതി മൊഴി നല്‍കിയെന്ന് പിന്നീട് പൊലീസ് വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.