പാരാഗ്ലൈഡിങ് അപകടം: പവിത്രയിൽ നിന്ന് വെള്ളക്കടലാസിൽ ഒപ്പിട്ടുവാങ്ങിയെന്ന് ആരോപണം

വർക്കല: പാരാഗ്ലൈഡിങ് അപകടത്തിൽ പരിക്കേറ്റ പവിത്രയിൽ നിന്ന് ഫ്ലൈ സ്പോർട്സ് അഡ്വഞ്ചേഴ്സിലെ രണ്ടു ജീവനക്കാർ ആശുപത്രി ജീവനക്കാരെന്ന വ്യാജേന വെള്ളക്കടലാസിൽ ഒപ്പിട്ടുവാങ്ങിയെന്ന് ആരോപണം. പവിത്രയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രഭുദേവിനും ശ്രേയസ്സിനുമെതിരെ പൊലീസ് കേസെടുത്തത്. നേരത്തെ സമ്മതപത്രം ഇല്ലാതെയാണ് പവിത്രയടക്കമുള്ള ടൂറിസ്റ്റുകളെ പാരാഗ്ലൈഡിങ്ങിന് കൊണ്ടു പോയതെന്നാണ് വിവരം.

പാപനാശം ബീച്ചിൽ ചൊവ്വാഴ്ചയുണ്ടായ പാരാഗ്ലൈഡിങ് അപകടത്തിൽ പരിശീലകൻ ഉൾപ്പെടെ മൂന്നുപേരെയാണ് അറസ്റ്റ് ചെയ്തത്. പാപനാശം കേന്ദ്രമായി പ്രവർത്തിക്കുന്ന ഫ്ലൈ സ്പോർട്സ് അഡ്വഞ്ചേഴ്സിലെ പരിശീലകനായ ഉത്തരാഖണ്ഡ് സ്വദേശി സന്ദീപ് (30), ഒറ്റൂർ പൗർണമിയിൽ ശ്രേയസ്സ് (27), വക്കം പുളിവിളാകം സിന്ധുഭവനിൽ പ്രഭുദേവ് (31) എന്നിവരാണ് അറസ്റ്റിലായത്. കമ്പനി ഉടമകളായ ജിതേഷ്, ആകാശ് എന്നിവരെയും പ്രതി ചേർത്തിട്ടുണ്ട്. ഇവർ ഒളിവിലാണ്.

മനഃപൂർവമായ നരഹത്യ ശ്രമത്തിനാണ് കേസ്. എഫ്.ഐ.ആർ പ്രകാരം പരിശീലകനായ സന്ദീപാണ് ഒന്നാം പ്രതി. സഹായികളായ ശ്രേയസ്സും പ്രഭുദേവുമാണ് രണ്ടും മൂന്നും പ്രതികൾ. അലക്ഷ്യമായാണ് സന്ദീപ് പാരാഗ്ലൈഡിങ് നടത്തിയതെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതായി പൊലീസ് പറഞ്ഞു.

ചൊവ്വാഴ്ച വൈകീട്ട് നാലോടെയാണ് കോയമ്പത്തൂ‍ർ സ്വദേശിനി പവിത്രയുമായി ഹെലിപാഡിൽനിന്ന് സന്ദീപ് പാരാഗ്ലൈഡിങ് തുടങ്ങിയത്. അഞ്ച് മിനിറ്റിനകം സന്ദീപിന് ഗ്ലൈഡറിന്റെ നിയന്ത്രണം നഷ്ടമായി. ഭയന്ന പവിത്ര നിലവിളിക്കാൻ തുടങ്ങി. എന്നിട്ടും ഗ്ലൈഡർ അടിയന്തരമായി നിലത്തിറക്കാതെ അലക്ഷ്യമായി പറപ്പിക്കുകയാണ് സന്ദീപ് ചെയ്തത്.

500 മീറ്റർ അകലെ പാപനാശത്തെ പ്രധാന ബീച്ചിലെ ഹൈമാസ്റ്റ് ലൈറ്റിൽ ഗ്ലൈഡർ ഇടിച്ചു. ഇരുവരും ഒന്നരമണിക്കൂറോളം 80 അടി ഉയരത്തിൽ കുടുങ്ങിക്കിടന്നു. അഗ്നിരക്ഷാസേനയുടെ രക്ഷാപ്രവർത്തനത്തിനിടെ ഗ്ലൈഡറിന്റെ ചരട് പൊട്ടി ഇരുവരും താഴെ വീണെങ്കിലും സുരക്ഷവലയിലേക്കായതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെടുകയായിരുന്നു.

Tags:    
News Summary - Varkala Paragliding accident: It is alleged that the signature was obtained from Pavitra on a white paper

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.