തൃശൂർ: കൈയിലെ മാറാപ്പിൽ നിറച്ചുവെച്ച എന്തോ തൃശൂർ ചെമ്പൂക്കാവിലെ തോട്ടിലേക്ക് എറിയുകയാണ് ജഡപിടിച്ച മുടിയുള്ള അയാൾ. എന്തൊക്കെയോ പിറുപിറുക്കുന്നുണ്ട്. അവിടെനിന്ന് പതിയെ നടന്നുനീങ്ങി റോഡിൽ എന്തോ തിരയുന്നു. എന്താണെന്ന് ചോദിച്ചപ്പോൾ ചിരിയോടെ മറുപടി -'വിത്തുകൾ'.
ഇത് വാസൻ. തമിഴ്നാട് ഈറോഡാണ് ജനനം. നാടുവിട്ട് 13 വർഷം മുമ്പ് തൃശൂരിൽ എത്തിയതാണ്. വഴിയോരത്ത് താമസം. ആെരാക്കെയോ നൽകുന്ന ഭക്ഷണമാണ് ജീവൻ നിലനിർത്തുന്നത്. പണത്തിന് വേണ്ടി ആരുടെയും മുന്നിൽ കൈനീട്ടാറില്ല. നിരത്തിലെ വിത്തുകൾ പെറുക്കിയെടുക്കുകയാണ് ജീവിതലക്ഷ്യം. അത് പക്ഷികൾ കൊത്തിയിടുന്നതാകാം, എങ്ങനെയെങ്കിലും വീണ് കിട്ടുന്നതാകാം. എന്തിനാണ് ഇത് ചെയ്യുന്നത് എന്ന് ചോദിച്ചപ്പോൾ വാസെൻറ ഉത്തരം ഇതായിരുന്നു. 'താങ്കൾ ഒരു വിത്ത്, ഞാൻ ഒരു വിത്ത്. ഇതും ഒരു വിത്ത്. അതിനെ ചവിട്ടിക്കൊല്ലാൻ പാടില്ല. അതുകൊണ്ടാണ് ഞാൻ അവയെ എടുത്ത് തോട്ടിലേക്ക് എറിയുന്നത്. ആ വിത്തുകൾ ഒഴുകി ഏതെങ്കിലും തീരത്ത് മുളക്കട്ടെ'.
വാസന് 56 വയസ്സായി. മുടിവെട്ടിയിട്ട് നാലു കൊല്ലത്തിലധികമായെന്ന് ഇയാൾ പറയുന്നു. പത്തുകൊല്ലം മുമ്പാണ് അതിനുമുമ്പ് വെട്ടിയത്. നാട്ടിൽ പോയിട്ട് കുറേനാളായി. പോകുേമ്പാൾ സഞ്ചി നിറയെ വിത്ത് കൊണ്ടുപോയി കാവേരി നദിയിൽ നിക്ഷേപിക്കും. നാട്ടിൽ പോവുമെങ്കിലും ബന്ധുക്കളെയോ വീട്ടുകാരേയോ കാണാറില്ല. ഉറുമ്പിനെ ഇഷ്ടമായതിനാൽ അതിനെ നോവിക്കാതെ അതിസൂക്ഷ്മമായാണ് നടത്തം. കടവരാന്തയിലാണ് രാത്രിയിൽ ഉറക്കം. കോവിഡിനെ പോലും ഭയമില്ലാത്ത വാസന് ആകെ പേടിയുള്ളത് പൂച്ചയെ മാത്രമാണ്. 'അത് പിശാശാണ്'- പേടിയോടെ വാസൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.