തിരുവനന്തപുരം: സാങ്കേതിക സർവകലാശാല വൈസ് ചാൻസലറുടെ നിയമനം റദ്ദാക്കിയ സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ ഗവർണർ നൽകിയ കാരണം കാണിക്കൽ നോട്ടീസിന് പത്ത് സർവകലാശാല വി.സിമാരും മറുപടി നൽകി.
കാലിക്കറ്റ്, കണ്ണൂർ, കുസാറ്റ് വി.സിമാരാണ് അവസാന ദിവസമായ തിങ്കളാഴ്ച മറുപടി നൽകിയത്. അഞ്ച് വി.സിമാർ ഗവർണറെ നേരിൽ കണ്ട് വിശദീകരിക്കാൻ സമയം ആവശ്യപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തിൽ വി.സിമാരെ നേരിൽ കേട്ട ശേഷമായിരിക്കും തുടർനടപടികളിലേക്ക് ഗവർണർ കടക്കുക.
ചില വി.സിമാർ അഭിഭാഷകരുടെ സഹായത്തോടെ വിശദീകരിക്കാൻ അവസരം ആവശ്യപ്പെട്ടിട്ടുണ്ട്. പത്ത് വി.സിമാരെയും ഒറ്റദിവസം കേട്ടശേഷം തുടർ നടപടി തീരുമാനിക്കാനാണ് രാജ്ഭവന്റെ നീക്കം.
ഗവർണറെ നേരിൽ കണ്ട് വിശദീകരിക്കുന്നില്ലെന്ന് കണ്ണൂർ വി.സി നിലപാടെടുത്തിട്ടുണ്ട്. തന്‍റെ നിയമനം സംബന്ധിച്ച കേസ് സുപ്രീംകോടതിയുടെ പരിഗണനയിലാണെന്നും ഹിയറിങ്ങിന് അഭിഭാഷകനെ അയക്കാമെന്നും കണ്ണൂർ വി.സി മറുപടിയിൽ വ്യക്തമാക്കി.
കാരണം കാണിക്കൽ നോട്ടീസിനെ ചോദ്യം ചെയ്ത് വി.സിമാർ നൽകിയ ഹരജിയിലുള്ള ഹൈകോടതി ഉത്തരവ് കൂടി ലഭിച്ച ശേഷമായിരിക്കും രാജ്ഭവൻ തുടർനടപടികൾ സ്വീകരിക്കുക.
മറുപടി നൽകിയവരിൽ കേരള വി.സി ഡോ. വി.പി. മഹാദേവൻ പിള്ള കഴിഞ്ഞ 23ന് കാലാവധി പൂർത്തിയാക്കിയിട്ടുണ്ട്. യു.ജി.സി റഗുലേഷൻ പ്രകാരമുള്ള വ്യവസ്ഥകൾ പാലിച്ചില്ലെന്ന് കണ്ടാണ് സാങ്കേതിക സർവകലാശാല വി.സി ഡോ.എം.എസ്. രാജശ്രീയുടെ നിയമനം സുപ്രീംകോടതി റദ്ദാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.