തിരുവനന്തപുരം: കെ ഫോൺ പദ്ധതി സംബന്ധിച്ച് കൃത്യമായ രേഖകൾ കിട്ടിയപ്പോഴാണ് കോടതിയിൽ പോയതെന്നും അതെങ്ങിനെയാണ് പബ്ലിസിറ്റിയാകുന്നതെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. തനിക്കെതിരായ ഹൈകോടതി വിമർശനത്തിന് വാർത്താ സമ്മേളനത്തിൽ മറുപടി പറയുകയായിരുന്നു അദ്ദേഹം.
കോടതിയിൽ പോകുന്നത് എങ്ങനെയാണ് പബ്ലിസിറ്റി ഇന്ററസ്റ്റാകുന്നത്? അത് മനസ്സിലാകുന്നില്ല. ഞാനൊരു നിയമവിദ്യാർഥിയാണ്. കോടതിയിൽ നീതി തേടിയാണ് പോകുന്നത്. നീതി തേടി കോടതിയിൽ പോകുമ്പോൾ വിമർശിക്കുകയല്ല, പരിഹസിക്കുകയാണ് ചെയ്തിരിക്കുന്നത്. രേഖകൾ വേണമെങ്കിൽ ചോദിക്കാം. പത്ര കട്ടിങ്ങിനെ അടിസ്ഥാനത്തിൽ ഹരജി നൽകിയതല്ല -പ്രതിപക്ഷ നേതാവ് പറഞ്ഞു.
കെ-ഫോൺ പദ്ധതിയിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ ഇന്നലെ ഹൈകോടതി വിമർശനമുന്നയിച്ചിരുന്നു. സതീശൻ നൽകിയ ഹരജിയിലെ പൊതുതാൽപര്യമെന്തെന്ന് ചോദിച്ച ഹൈകോടതി, ഹരജിക്ക് പിന്നിൽ പബ്ലിക് ഇന്ററസ്റ്റാണോ അതോ പബ്ലിസിറ്റി ഇന്ററസ്റ്റാണോ ഉള്ളതെന്ന് പരിശോധിക്കണമെന്നാണ് പറഞ്ഞത്. ചീഫ് ജസ്റ്റിസ് എ.ജെ. ദേശായി, ജസ്റ്റിസ് വി.ജി. അരുൺ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റേതായിരുന്നു വിമർശനം.
2019ൽ നിലവിൽവന്ന കരാർ പൊതുതാൽപര്യ ഹരജിയിലൂടെ ഇപ്പോൾ ചോദ്യംചെയ്യുന്നതിന്റെ കാരണമെന്താണെന്ന് ചോദിച്ച കോടതി, ഹരജി ഫയലിൽ സ്വീകരിക്കാതെതന്നെ സർക്കാറിന്റെ വിശദീകരണം തേടുകയാണ് ചെയ്തത്. ഹരജിയിൽ ലോകായുക്തക്കെതിരെ നടത്തിയ പരാമർശത്തിൽ ഹരജിക്കാരനെ വിമർശിക്കുകയും ചെയ്തിരുന്നു.
പദ്ധതിക്ക് കരാർ നൽകിയത് ചട്ടം ലംഘിച്ചാണെന്നും സർക്കാറിനെ നിയന്ത്രിക്കുന്നവരുമായി ബന്ധമുള്ള കമ്പനികൾക്കാണ് കരാർ അനുവദിച്ചതെന്നതുമടക്കം ചൂണ്ടിക്കാട്ടിയാണ് സതീശൻ ഹരജി നൽകിയത്. ഇക്കാര്യങ്ങളിൽ സി.ബി.ഐ അന്വേഷണം വേണമെന്നും നടത്തിപ്പ് സംബന്ധിച്ച അന്വേഷണത്തിന് ഹൈകോടതി മേൽനോട്ടം വേണമെന്നും ആവശ്യപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.