തിരുവനന്തപുരം: കേരള സർവകലശാല കാര്യവട്ടം കാമ്പസിലെ എസ്.എഫ്.ഐ ക്രിമിനലുകളുടെ ആക്രമണത്തിൽ കർശന നടപടി ആവശ്യപ്പെട്ട് കേരള സർവകലാശാല വൈസ് ചാൻസലർക്ക് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കത്ത് നൽകി. എം.എ മലയാളം വിദ്യാർഥിയും കെ.എസ്.യു ജില്ല ജോ. സെക്രട്ടറിയുമായ സഞ്ചോസിനെ ഹോസ്റ്റൽ ഇടിമുറിയില്‍ ക്രൂരമായി മർദിച്ച എസ്.എഫ്.ഐ നേതാക്കളായ കൊടുംക്രിമിനലുകളെ കോളജില്‍ നിന്നും പുറത്താക്കണമെന്നും കാമ്പസിലും ഹോസ്റ്റൽ പരിസരത്തും സി.സി ടി.വി നിരീക്ഷണം കർശനമാക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
കേരള സര്‍വകലാശാല കാര്യവട്ടം കാമ്പസിലെ എം.എ മലയാളം വിദ്യാര്‍ത്ഥിയും കെ.എസ്.യു ജില്ലാ ജോയിന്റ് സെക്രട്ടറിയുമായ സഞ്ചോസിനെ കോളജ് ഹോസ്റ്റലിലെ ഇടിമുറിയില്‍ എത്തിച്ച് ക്രൂരമായി മര്‍ദ്ദിച്ച, എസ്.എഫ്.ഐ നേതാക്കളായ കൊടുംക്രിമിനലുകളെ കോളജില്‍ നിന്നും പുറത്താക്കാനും സംഭവത്തെ കുറിച്ച് പക്ഷപാതരഹിതമായി അന്വേഷിക്കാനും സര്‍വകലാശാല വൈസ് ചാന്‍സലര്‍ എന്ന നിലയില്‍ നടപടി ഉണ്ടാകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
ചൊവ്വാഴ്ച രാത്രി 9.30ന് പുറത്തുനിന്ന് ആഹാരം കഴിച്ച ശേഷം സാഞ്ചോസും ബന്ധുവും കാമ്പസിലേക്ക് വരുന്നതിനിടെയായിരുന്നു ആക്രമണം. സാഞ്ചോസ് ഹോസ്റ്റലിലേക്ക് നടക്കുന്നതിനിടെ അവിടെ കൂടിനിന്ന സി.പി.എം നേതാവിന്റെ മകനും റിസര്‍ച്ച് യൂണിയന്‍ ചെയര്‍മാനുമായ അജിന്ത് അജയ് 'ഒരുത്തന്‍ വരുന്നുണ്ടെ'ന്ന് ഫോണില്‍ നിര്‍ദേശം നല്‍കുകയും വഴിയില്‍വച്ച് സഞ്ചോസിന്റെ ബന്ധുവിനെ തടയുകയും ചെയ്തു. മൂന്നു പേര്‍ വണ്ടി കുറുകെ വച്ചാണ് തടഞ്ഞത്. ബന്ധു ഫോണ്‍ വിളിച്ച് അറിയിച്ചതിനെ തുടര്‍ന്ന് സാഞ്ചോസ് അങ്ങോട്ടേക്കെത്തി. ഇതിനിടെ അജിന്ത് അജയ്‌യുടെ നിര്‍ദേശത്തെ തുടര്‍ന്ന് അഭിജിത്ത് എന്ന എസ്.എഫ്.ഐ നേതാവ് സാഞ്ചോസിനെ കഴുത്തില്‍ പിടിച്ച് വലിച്ചെടുത്ത് ഹോസ്റ്റലിലേക്ക് കൊണ്ടുപോയി. ശ്വാസം കിട്ടാതെ പിടഞ്ഞിട്ടും കഴുത്തിലെ പിടിവിട്ടിരുന്നില്ല. അഭിജിത്ത്, അഭിമന്യു ഉള്‍പ്പെടെയുള്ളവരാണ് ഇതു ചെയ്തതെന്ന് സാഞ്ചോസ് വ്യക്തമാക്കിയിട്ടുണ്ട്.
ഹോസ്റ്റലിലെ ഇടിമുറിയായ 121-ാം മുറിയിലായിരുന്നു ചോദ്യം ചെയ്യൽ. കെ.എസ്.യുവിനെ വളര്‍ത്താന്‍ പാടില്ലെന്നതായിരുന്നു അവരുടെ ആവശ്യം. കത്തിയെടുത്ത് മുന്നില്‍വച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. ഒരു ചോദ്യത്തിനു നല്‍കിയ ഉത്തരം കള്ളമാണെന്ന് പറഞ്ഞ് കാലില്‍ ഷൂസ് ഞെരിച്ച് ചവിട്ടി, മര്‍ദിച്ചു.
'ഞങ്ങള്‍ക്ക് സെനറ്റുണ്ട്, സിന്‍ഡിക്കേറ്റുണ്ട്, ഞങ്ങള്‍ക്ക് ഭരണമുണ്ട്, ഞങ്ങളാണ് ഇവിടെ കാര്യങ്ങള്‍ തീരുമാനിക്കുന്നത്, ഞങ്ങളോട് കളിയ്ക്കാന്‍ നീ ആരാണെണ്'.- ഇതൊക്കെയായിരുന്നു ഭീഷണി. ആരും ഉപദ്രവിച്ചിട്ടില്ല എന്ന് പേപ്പറില്‍ എഴുതി നല്‍കാനും അജിന്ത് അജയ് ഭീഷണിപ്പെടുത്തി.
സര്‍വകലാശാലയിലെ ജീവനക്കാര്‍ക്കും എസ്.എഫ്.ഐ നേതാക്കളെ പേടിയാണെന്നതാണ് യാഥാര്‍ത്ഥ്യം. കോഴ്സ് കഴിഞ്ഞ പലരും ഹോസ്റ്റലില്‍ തങ്ങുന്നുണ്ട്. പഠിച്ച് 5 വര്‍ഷം കഴിഞ്ഞിട്ടും ഹോസ്റ്റലില്‍നിന്ന് ഇറങ്ങാത്ത പെണ്‍കുട്ടികള്‍ അടക്കമുള്ളവരുണ്ട്.
പെണ്‍കുട്ടികളെ രാത്രി വനിതാ ഹോസ്റ്റലില്‍ നിന്നും വിളിച്ചിറക്കി ഒന്നൊന്നര മണിക്കൂര്‍ വരെ ഇരുത്തി കരയിപ്പിക്കുന്നതും കാമ്പസില്‍ പതിവാണ്. അധ്യാപകരില്‍ പലരും എസ്.എഫ്.ഐയ്ക്ക് പിന്തുണയാണ്. പാര്‍ട്ടിക്കാരല്ലാത്തവരുടെ തീസിസില്‍ അധ്യാപകര്‍ ഒപ്പിടില്ലെന്നും അറ്റന്‍ഡന്‍സ് വെട്ടിക്കുറയ്ക്കുമെന്നും വ്യാപക പരാതിയുണ്ട്.
സാഞ്ചോസിനെ ശ്രീകാര്യം പൊലീസ് സ്റ്റേഷനില്‍ എത്തിച്ചപ്പോള്‍ അവിടെയും ഈ ക്രിമിനലുകള്‍ സംഘടിച്ചെത്തി ആക്രമിച്ചു. ഇതിനു പിന്നാലെ മെഡിക്കല്‍ കോളജ് ആശുപത്രിയിലും ഇവരുടെ നേതൃത്വത്തില്‍ ആക്രമണമുണ്ടായി.
സഹപാഠികളെ പോലും രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരില്‍ ഇടിമുറികളില്‍ എത്തിച്ച് മര്‍ദ്ദിക്കുകയും പിന്തുടര്‍ന്ന് ആക്രമിക്കുകയും ചെയ്യുന്ന ഇവര്‍ കൊടും ക്രിമിനല്‍ മനസുള്ളവരാണെന്ന് പറയേണ്ടതില്ലല്ലോ. പൂക്കോട് വെറ്റനറി സര്‍വകലാശാലയില്‍ സിദ്ധാര്‍ത്ഥ് എന്ന വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച് കെലപ്പെടുത്തിയതിന് പിന്നിലും ഇതേ വിദ്യാര്‍ത്ഥി സംഘടനയില്‍പ്പെട്ടവരായിരുന്നു. അത്തരമൊരു സംഭവം ഇനി ആവര്‍ത്തിക്കപ്പെടാതിരിക്കാന്‍ നാം ഓരോരുത്തരും ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്.
കാമ്പസിലും ഹോസ്റ്റൽ പരിസരത്തും സി.സി ടി.വി നിരീക്ഷണം കർശനമാക്കാനും സുരക്ഷാ ഉദ്യോഗസ്ഥരുടെയും പൊലീസിൻ്റെയും സാന്നിധ്യം ഉറപ്പാക്കാനും കർശന നിർദ്ദേശം നൽകണം. കേരള സര്‍വകലാശാലയുടെ അന്തസും സത്‌പേരും കളങ്കപ്പെടുത്തുകയും കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെ സാഞ്ചോസിനെ ക്രൂരമായി ആക്രമിക്കുകയും ചെയ്ത ക്രിമിനലുകള്‍ക്കെതിരെ അടിയന്തിരമായി കർശന നടപടി സ്വീകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.’’
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.