എസ്.എഫ്.ഐക്കാരെ കൊല്ലാന്‍ ശ്രമിച്ച കേസിലെ പ്രതികളെ രക്തഹാരം അണിയിച്ച് സ്വീകരിച്ചതും 'നിലപാട്' ആണോയെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കണം -വി.ഡി. സതീശൻ

തിരുവനന്തപുരം: സംസ്ഥാനത്തെ ക്വട്ടേഷന്‍- ലഹരി മരുന്ന് മാഫിയാ സംഘങ്ങള്‍ക്ക് രാഷ്ട്രീയ സംരക്ഷണം നല്‍കുന്നതിന് പുറമെ പാര്‍ട്ടി പ്രവര്‍ത്തകരെ കൊലപ്പെടുത്താന്‍ ശ്രമിച്ച കൊടുംക്രിമിനലുകളെ പോലും മന്ത്രിമാരുടെ നേതൃത്വത്തില്‍ പാര്‍ട്ടിയിലേക്ക് ആനയിക്കുന്ന തരത്തിലേക്ക് സി.പി.എം അധഃപതിച്ചുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പത്തനംതിട്ടയില്‍ ആരോഗ്യവകുപ്പ് മന്ത്രിയുടെ നേതൃത്വത്തില്‍ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചവരില്‍ എസ്.എഫ്.ഐക്കാരെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതികളും ഉള്‍പ്പെട്ടിട്ടുണ്ടെന്നത് സി.പി.എമ്മിനെ ബാധിച്ചിരിക്കുന്ന ജീര്‍ണത എത്രത്തോളമാണെന്നു വ്യക്തമാകുന്നതാണ്.

ആരോഗ്യമന്ത്രിയും പത്തനംതിട്ട ജില്ലാ സെക്രട്ടറിയും പാര്‍ട്ടിയിലേക്ക് രക്തഹാരം അണിയിച്ച് സ്വീകരിച്ച ക്രിമിലുകളില്‍ ഒരാള്‍ കപ്പാക്കേസ് പ്രതിയും മറ്റൊരാള്‍ പിന്നീട് കഞ്ചാവുമായി പിടിക്കപ്പെടുകയും ചെയ്തു. എന്നിട്ടും കഞ്ചാവുമായി പിടിക്കപ്പെട്ട ക്രിമിനലിനെ ന്യായീകരിക്കാനാണ് ജില്ലയിലെ സി.പി.എം നേതൃത്വം ശ്രമിച്ചതെന്നും വി.ഡി. സതീശൻ ആരോപിച്ചു. കാപ്പ കേസിലെ പ്രതി ഉള്‍പ്പെടെയുള്ള ക്രിമിനലുകളെ വെള്ളപൂശുന്ന നിലപാടാണ് മന്ത്രിയും നിയമസഭയില്‍ സ്വീകരിച്ചത്. കാപ്പ കേസ് പ്രതിയും അയാള്‍ക്കൊപ്പം സി.പി.എമ്മില്‍ ചേര്‍ന്ന മറ്റൊരാളുമാണ് എസ്.എഫ്.ഐ പ്രവര്‍ത്തകരെ കൊലപ്പെടുത്താന്‍ കേസിലെ പ്രതികളെന്ന് ഇപ്പോള്‍ വ്യക്തമായിരിക്കുകയാണ്. മന്ത്രിക്കും സി.പി.എമ്മിനും ഇനി എന്ത് പറയാനുണ്ട്? ഇതും ആരോഗ്യമന്ത്രി നിയസഭയില്‍ പറഞ്ഞ 'നിലപാട്' ആണോയെന്ന് അറിയാന്‍ താല്‍പര്യമുണ്ടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

ബി.ജെ.പിയില്‍ ചേര്‍ന്നാല്‍ അഴിമതിക്കാര്‍ക്കെതിരായ കേസുകള്‍ എഴുതിത്തള്ളുന്നതു പോലെ കേരളത്തില്‍ സി.പി.എമ്മില്‍ ചേര്‍ന്നാല്‍ കൊടും ക്രിമിനലുകളും വിശുദ്ധരാകുന്ന അവസ്ഥയാണ്. ഭരണത്തുടര്‍ച്ചയും അധികാരത്തിന്റെ ധാര്‍ഷ്ട്യവും അഴിമതിയും സി.പി.എം നേതൃത്വത്തെയാകെ ജീര്‍ണ്ണിപ്പിച്ചിരിക്കുന്ന എന്നതിന്റെ ഉദാഹരണമാണ് പത്തനംതിട്ടയില്‍ ക്രിമിനല്‍ സംഘത്തെ മന്ത്രി രക്തഹാരം അണിയിച്ച് പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തതിലൂടെ പുറത്തുവന്നിരിക്കുന്നതെന്നും വി.ഡി. സതീശൻ പറഞ്ഞു.

Tags:    
News Summary - VD Satheesan against Veena George

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.