പ്രതിപക്ഷ നേതാവ് ‘ഡയലോഗ് സതീശനെ’ന്ന് മന്ത്രി റിയാസ്; നാവ് ഉപ്പിലിട്ടുവെച്ച മന്ത്രി മിണ്ടിയല്ലോയെന്ന് വി.ഡി. സതീശൻ

തിരുവനന്തപുരം/കോഴിക്കോട്: വി.ഡി സതീശൻ എന്നാൽ 'വെറും ഡയലോഗ്' സതീശൻ എന്നാണെന്നും സമരാനുഭവങ്ങൾ ഇല്ലാത്ത ആളാണ് പ്രതിപക്ഷ നേതാവെന്നും മന്ത്രി മുഹമ്മദ് റിയാസ്. എല്ലാ മര്യാദയും പ്രതിപക്ഷ നേതാവ് ലംഘിച്ചുവെന്നും റിയാസ് കുറ്റപ്പെടുത്തി. മാസപ്പടി വിവാദം വന്നപ്പോൾ ഉപ്പിലിട്ടുവെച്ച നാവ് മന്ത്രി ഇപ്പോഴെങ്കിലും പുറത്തെടുത്തല്ലോ എന്ന് വി.ഡി. സതീശൻ പരിഹസിച്ചു. തന്നോട് കണ്ണാടി നോക്കാൻ പറഞ്ഞ മന്ത്രി സ്വയം കണ്ണാടി നോക്കണമെന്നും എങ്ങിനെ മന്ത്രിപദവിയിൽ എത്തി എന്ന് ഒന്ന് തിരിഞ്ഞു നോക്കണമെന്നും സതീശൻ പറഞ്ഞു.

‘പ്രതിപക്ഷ നേതാവിന്റെ ഡയലോഗുകൾ സോഷ്യൽ മീഡിയയിൽ മ്യൂസിക് ഇട്ട് നൽകാൻ മാത്രം പറ്റും. നവ കേരള സദസിന്റെ ശോഭ കെടുത്താനാണ് അക്രമം നടത്തുന്നത്. ഇതോടെ സദസിൽ പതിനായിരം കസേര എന്നത് ഇരുപതിനായിരമായി മാറും’ -മന്ത്രി റിയാസ് തിരുവനന്തപുരത്ത് പറഞ്ഞു.

''രണ്ടരക്കൊല്ലം കാലം പ്രതിപക്ഷ നേതാവ് എന്തൊക്കെ പറഞ്ഞു. ഇപ്പോൾ മുഖ്യമന്ത്രിയേയും മന്ത്രിമാരെയും തെറിവിളിക്കുകയാണ്. സെക്രട്ടറിയേറ്റിൽ സാധാരണ കൊടിയുമായിട്ടാണ് സമരം. ഇവിടെ ആണിയടിച്ച പട്ടികയുമായാണ് വരുന്നത്. പൊലീസ് വാഹനം അക്രമിക്കുന്നു. സമരത്തിൽ നിന്ന് പിടിച്ചുകൊണ്ടുപോകുന്ന ക്രിമിനല്‍ അംഗങ്ങളെ പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തിൽ പൊലീസ് വാഹനത്തിൽ നിന്ന് ഇറക്കുന്നു. അവരെ പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക കാറില്‍ കൊണ്ടുപോകുന്നു. ഇതൊക്കെയാണ് കാണുന്നത്. എല്ലാ മര്യാദയും ലംഘിച്ചാണ് കാര്യങ്ങൾ നടക്കുന്നത്''- റിയാസ് പറഞ്ഞു.

പ്രതിപക്ഷ നേതാവിവ് വ്യക്തിപരമായി പല പ്രശ്‌നങ്ങളും ഉണ്ടാകും. പാർട്ടിയിൽ തന്നെ അദ്ദേഹം ഒറ്റപ്പെടുകയാണ്. പിന്തുണ കുറയുന്നു. വ്യാജ ഐഡി കാർഡിൽ കൂടുതൽ ഒറ്റപ്പെടുന്നു. പ്രതിപക്ഷ നേതാവും അദ്ദേഹത്തിന്റെ സ്വന്തക്കാരും ചേർന്ന് ചെയ്തതാണ് വ്യാജ ഐഡി കാർഡെന്ന് പൊതുവെ ചർച്ച ചെയ്യപ്പെടുന്നുവെന്നും റിയാസ് ആരോപിച്ചു.

Tags:    
News Summary - vd satheesan and pa muhammad riyas

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.