ആരോഗ്യ മന്ത്രി പ്രതിപക്ഷത്തിന് ക്ലാസെടുക്കാതെ ആരോപണങ്ങൾക്ക് മറുപടി പറയണമെന്ന് വി.ഡി സതീശൻ

കോഴിക്കോട്: ആരോഗ്യ മന്ത്രി പ്രതിപക്ഷത്തിന് ക്ലാസെടുക്കാതെ ആരോപണങ്ങൾക്ക് മറുപടി പറയണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. മഹാമാരിയുടെ കാലത്ത് നടന്ന കൊള്ളയെ കുറിച്ച് പ്രതിപക്ഷം നിയമസഭയിൽ ആരോപണം ഉന്നയിച്ചിട്ടുണ്ട്. ലോകായുക്തയിൽ കേസും തുടരുന്നു. ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത് അതിനേക്കാൾ ഞെട്ടിക്കുന്ന വിവരങ്ങളാണ്.

26 ആശുപത്രികളിൽ കാലാവധി കഴിഞ്ഞ മരുന്ന് കൊടുത്തു. വിതരണം ചെയ്യാൻ പാടില്ലെന്ന് പറഞ്ഞ മരുന്ന് 483 ആശുപത്രികളിൽ കൊടുത്തു. സ്റ്റോപ്പ് മെമ്മോ വച്ച മരുന്നുകൾ 148 ആശുപത്രികളിൽ കൊടുത്തു . ഇതാണ് സി ആന്റ് എ.ജി.യുടെ കണ്ടെത്തൽ. ഇക്കാര്യം പ്രതിപക്ഷം ചോദിക്കണ്ട എന്നാണോ ആരോഗ്യ മന്ത്രി പറയുന്നത്. പ്രതിപക്ഷം ഇനിയും ആരോപണങ്ങൾ ഉന്നയിക്കും. അതിന് കൃത്യമായ മറുപടിയാണ് വേണ്ടത്. പ്രതിപക്ഷ നേതാവ് എങ്ങനെ ആരോപണം ഉന്നയിക്കണമെന്ന് ആരോഗ്യ മന്ത്രി ക്ലാസ് എടുക്കണ്ട.

കാലാവധി കഴിഞ്ഞ മരുന്ന് കൊടുത്താൽ ജീവഹാനിക്ക് വരെ കാരണമാകും. ഷെൽഫ് ലൈഫ് കഴിഞ്ഞ മരുന്നുകൾ യു.ഡി.എഫ് കാലത്തെ ആണോ എന്ന് ആരോഗ്യ മന്ത്രി ചോദിക്കുന്നത് തമാശയാണ്. കാലാവധി കഴിഞ്ഞ മരുന്നുകൾ മെഡിക്കൽ സർവീസസ് കോർപറേഷനിൽ വന്നാൽ എന്ത് ചെയ്യണമെന്ന് എഴുതി വച്ചിട്ടുണ്ട്. ആരോഗ്യ മന്ത്രി അത് വായിച്ച് നോക്കണം.

ഷെൽഫ് ലൈഫ് കഴിഞ്ഞ മരുന്നുകൾ അതേ കമ്പനിക്ക് തിരിച്ചു കൊടുത്ത് അവരിൽ നിന്ന് പണവും പിഴയും ഈടാക്കണം. കഴിഞ്ഞ ഏഴ് വർഷമായി ഇതൊന്നും ചെയ്തിട്ടില്ലേ ? കാര്യം അറിയാതെയാണ് ആരോഗ്യ മന്ത്രി സംസാരിക്കുന്നത്. മഹാമാരി കാലത്ത് പർച്ചേസുകളിൽ കൊള്ളയാണ് നടന്നത്. എവിടെ അഴിമതി നടന്നാലും അവസാനം വന്നു വീഴുന്ന ഒരു പെട്ടിയുണ്ട്. അവിടേയ്ക്ക് തന്നെയാണ് ഈ അഴിമതി പണവും വരുന്നത്. ഇതൊന്നും കേരളത്തിലെ പ്രതിപക്ഷം വിടില്ലെന്നും വി.ഡി സതീശൻ പറഞ്ഞു.

Tags:    
News Summary - VD Satheesan asked the health minister to answer the allegations without taking classes from the opposition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.