‘ഞാൻ എല്ലാം ദിവസവും പ്രാർഥിക്കുന്നത് മുഖ്യമന്ത്രിയെ പോലെ അഴിമതിക്കാരനാകരുതെന്ന്’; സഭയിൽ തിരിച്ചടിച്ച് വി.ഡി സതീശൻ

തിരുവനന്തപുരം: പ്രതിപക്ഷത്തിന്‍റെ നേതാവാരാണെന്ന് ചോദിച്ച സ്പീക്കറെ കടന്നാക്രമിച്ച സംഭവത്തിൽ പ്രതിപക്ഷ നേതാവിനെ വിമർശിച്ച മുഖ്യമന്ത്രിയുടെയും പാർലമെന്‍ററികാര്യ മന്ത്രിയുടെയും പരാമർശത്തിൽ തിരിച്ചടിച്ച് വി.ഡി. സതീശൻ. ഞാൻ എല്ലാം ദിവസവും പ്രാർഥിക്കുന്നത് അങ്ങയെ പോലെ അഴിമതിക്കാരനായി മാറരുതെന്നാണ് മുഖ്യമന്ത്രിക്ക് വി.ഡി സതീശൻ ചുട്ടമറുപടി നൽകി.

'ഞാൻ നിലവാരമില്ലാത്തവൻ ആണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. മുഖ്യമന്ത്രി എന്നെ കുറിച്ച് നല്ല വാക്കാണ് പറഞ്ഞിരുന്നെങ്കിൽ വിഷമിച്ചു പോയേനെ. ഞാൻ വിശ്വാസിയാണ്. അങ്ങയെ പോലെ ഒരു അഴിമതിക്കാരനാകരുതെന്നും നിലവാരമില്ലാത്തവനാകരുതെന്നും എല്ലാ ദിവസവും പ്രാർഥിക്കാറുണ്ട്. എന്‍റെ നിലവാരം അളക്കാൻ മുഖ്യമന്ത്രി വരേണ്ട' -പ്രതിപക്ഷ നേതാവ് തിരിച്ചടിച്ചു.

നിങ്ങൾ നിങ്ങളുടെ നിക്ഷ്പക്ഷത കളഞ്ഞുവെന്നും പറഞ്ഞാൽ തിരിച്ചു പറയുമെന്നും സ്പീക്കറോട് പ്രതിപക്ഷ നേതാവ് പറഞ്ഞു. പാർലമെന്‍ററികാര്യ മന്ത്രി തനിക്കെതിരെ പറഞ്ഞതിൽ ഒന്നും പറയുന്നില്ല. എല്ലാവരെയും കൂട്ടിയോജിപ്പിച്ച് പോകേണ്ട ആളാണ് പാർലമെന്‍ററികാര്യ മന്ത്രി. ദൗർഭാഗ്യവശാൽ അദ്ദേഹത്തിന് സ്വന്തം വകുപ്പ് പോലും ഭരിക്കാൻ ശേഷിയില്ല. വേറെ ആളുകളാണ് ഭരിക്കുന്നത്. അവരൊന്നും പ്രതിപക്ഷത്തിന്‍റെ അളവെടുക്കേണ്ടെന്നും വി.ഡി സതീശൻ വ്യക്തമാക്കി.

ഈ സഭയിൽ എം.വി രാഘവനെ തള്ളിച്ചതച്ചിട്ടില്ലേ?. അന്ന് ആരായിരുന്നു പാർലമെന്‍ററി പാർട്ടി ലീഡർ?. ഈ സഭ തല്ലിപ്പൊളിച്ചപ്പോൾ പുറത്തുനിന്ന് അതിന് ഒത്താശ കൊടുത്തത് ആരാണ്?. കെ.കെ. രമയെ അധിക്ഷേപിച്ചപ്പോൾ ആരായിരുന്നു പാർലമെന്‍ററി പാർട്ടി ലീഡർ എന്നും വി.ഡി സതീശൻ ചോദിച്ചു.

കേരള നിയമസഭയുടെ പാരമ്പര്യത്തിന് നിലക്കാത്ത കാര്യങ്ങളാണ് നടന്നതെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പറഞ്ഞു. പ്രതിപക്ഷ നേതാവ് സഭയിൽ ഇല്ലാത്ത സന്ദർഭത്തിൽ മുഖ്യമന്ത്രിയും പാർലമെന്‍ററികാര്യ മന്ത്രിയും അധിക്ഷേപിച്ചതിനെ സ്പീക്കർ അപലപിച്ചില്ല. എല്ലാവരുടെയും താൽപര്യം സംരക്ഷിക്കാൻ സ്പീക്കർ ബാധ്യസ്ഥനാണെന്നും രമേശ് ചെന്നിത്തല സഭയിൽ ചൂണ്ടിക്കാട്ടി.

നിയമസഭയിൽ പ്രതിപക്ഷത്തിന്‍റെ നേതാവ് ആരാണെന്ന സ്പീക്കർ എ.എൻ ഷംസീറിന്‍റെ പരാമർശമാണ് പ്രതിപക്ഷ നേതാവ് വി.ഡി സതീശനെ പ്രകോപിപ്പിച്ചത്. സർക്കാറിന്‍റെ താൽപര്യങ്ങൾ സംരക്ഷിച്ച് സ്പീക്കറുടെ കസേരയിൽ ഇരുന്നതിന്‍റെ കുറ്റബോധം കൊണ്ടാണ് പ്രതിപക്ഷ നേതാവ് ആരാണെന്ന് ചോദിച്ചതെന്ന് വി.ഡി സതീശൻ തിരിച്ചടിച്ചു.

സ്പീക്കറുടെ അപക്വതയാണ് വ്യക്തമായത്. പക്വതയില്ലായ്മയാണ് തെളിയിക്കുന്നതെന്ന് പറയേണ്ടി വന്നതിൽ ദുഃഖമുണ്ട്. ഒരിക്കലും ചോദിക്കാൻ പാടില്ലാത്ത, ഒരു സ്പീക്കറും ചോദിക്കാത്ത ചോദ്യമാണ് ചോദിച്ചത്. സ്പീക്കർ പദവിക്ക് അപമാനകരമായ ചോദ്യമാണ് ഉന്നയിച്ചത്. സംസ്ഥാന സർക്കാറിന്‍റെ എല്ലാ വൃത്തിക്കേടുകൾക്കും കൂട്ടുനിന്ന് പ്രതിപക്ഷത്തിന്‍റെ അവകാശങ്ങളാണ് സ്പീക്കർ ഹനിച്ചതെന്നും വി.ഡി സതീശൻ കുറ്റപ്പെടുത്തി.

സർക്കാറിനെയും മുഖ്യമന്ത്രിയെയും പ്രതിക്കൂട്ടിൽ നിർത്തിയ വിവാദ വിഷയങ്ങളിലെ നിയമസഭ ചോദ്യങ്ങൾക്ക് നേരിട്ടുള്ള മറുപടി ഒഴിവാക്കാൻ തരംമാറ്റിയ സംഭവം പ്രതിപക്ഷ നേതാവ് ഇന്ന് നിയമസഭയിൽ ഉന്നയിച്ചു. ചോദ്യോത്തരവേള തുടങ്ങിയപ്പോൾ തന്നെ ഈ വിഷയം പ്രതിപക്ഷ നേതാവ് സഭയുടെ ശ്രദ്ധയിൽ കൊണ്ടുവന്നു.

എന്നാൽ, വിഷയത്തിൽ വിശദീകരണം നൽകിയ സ്പീക്കർ എ.എൻ ഷംസീർ, വിവേചനം കാണിച്ചിട്ടില്ലെന്നും വീഴ്ചയില്ലെന്നും വ്യക്തമാക്കി. തരംമാറ്റിയ ചോദ്യങ്ങൾ സഭയിൽ ഉന്നയിക്കാനുള്ള പൊതുപ്രാധാന്യമില്ലെന്നും തദ്ദേശീയ പ്രാധാന്യമുള്ള ചോദ്യം മാത്രമാണെന്നും സ്പീക്കർ ചൂണ്ടിക്കാട്ടി. സഭാ തലത്തിൽ വിശദമാക്കേണ്ട പ്രാധാന്യമില്ലെന്നും സ്പീക്കർ വ്യക്തമാക്കി.

എന്നാൽ, സ്പീക്കറുടെ വിശദീകരണം തള്ളിയ പ്രതിപക്ഷ നേതാവ് രൂക്ഷവിമർശനമാണ് നടത്തിയത്. ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി ആർ.എസ്.എസ് നേതാക്കളെ കണ്ടത് പൊതു പ്രാധാന്യമില്ലേ എന്ന് വി.ഡി സതീശൻ തിരിച്ചടിച്ചു. ഇതോടെ പ്രതിപക്ഷ നേതാവിന്‍റെ മൈക്ക് സ്പീക്കർ ഓഫ് ചെയ്തു. സഭയുടെ നടുത്തളത്തിലിറങ്ങിയ പ്രതിപക്ഷാംഗങ്ങൾ സ്പീക്കർക്കും മുഖ്യമന്ത്രിക്കും എതിരെ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു.

ഇതിനിടെ, നടുത്തളത്തിൽ നിന്ന് അംഗങ്ങൾ ഇരിപ്പിടത്തിലേക്ക് മടങ്ങാതെ വന്നതോടെ പ്രതിപക്ഷത്തിന്‍റെ നേതാവ് ആരാണെന്നും ഒരുപാട് നേതാവുണ്ടോ എന്ന ചോദ്യം സ്പീക്കർ ഉന്നയിച്ചു. ഇതിൽ പ്രകോപിതനായ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ സ്പീക്കർക്കെതിരെ രൂക്ഷ വിമർശനമാണ് നടത്തിയത്. സ്പീക്കറുടെ മോശം പരാമർശത്തിൽ പ്രതിഷേധിച്ച് പ്രതിപക്ഷം ചോദ്യോത്തരവേള ബഹിഷ്കരിക്കുകയും ചെയ്തു.

പ്രതിപക്ഷ ബഹിഷ്കരണത്തിന് പിന്നാലെ പാർലമെന്‍ററികാര്യ മന്ത്രി എം.ബി രാജേഷ് പ്രതിപക്ഷ നേതാവിനെ വിമർശിച്ച് സംസാരിച്ചു. ചെയറിനെതിരായ പ്രതിപക്ഷ നേതാവ് തുടർച്ചയായി അധിക്ഷേപം നടത്തുകയാണ് എം.ബി രാജേഷ് ആരോപിച്ചു. അധിക്ഷേപത്തിന്‍റെ പാരമ്യമാണ് ഇന്ന് കണ്ടത്. കേരളത്തിന്‍റെ ചരിത്രത്തിലെ അപക്വമതിയായ പ്രതിപക്ഷ നേതാവ് എന്ന പദവിക്ക് വി.ഡി സതീശൻ അർഹനായി. നിയമസഭയുടെ ചരിത്രത്തിൽ ഒരു പ്രതിപക്ഷ നേതാവും ഇത്തരത്തിൽ അധിക്ഷേപിച്ചിട്ടില്ല. ഷാക്കർ ആൻ കൗൾ ചൂണ്ടിക്കാട്ടിയാണ് സ്പീക്കർ വിശദീകരിച്ചത്. പ്രതിപക്ഷ നേതാവ് ഷാക്കർ ആൻഡ് കൗളിന് മുകളിൽ തന്നെ പ്രതിഷ്ഠിച്ചിരിക്കുകയാണെന്നും എം.ബി രാജേഷ് ചൂണ്ടിക്കാട്ടി.

സഭാ ചരിത്രത്തിലില്ലാത്ത അധിക്ഷേപ വാക്കുകളാണ് ചെയറിനെ കുറിച്ച് പ്രതിപക്ഷ നേതാവ് നടത്തിയതെന്ന് മുഖ്യമന്ത്രിയും പറഞ്ഞു. ബഹുമാനപ്പെട്ട എന്ന വാക്ക് ചേർക്കുന്നത് പാർലമെന്‍ററി നടപടിക്രമത്തിന്‍റെ ഭാഗമായാണ്. ആ പരസ്പ ബഹുമാനം നിലനിർത്തി പോവുകയാണ് വേണ്ടത്. നിലവാരമില്ലാത്ത പ്രതിപക്ഷ നേതാവാണ് താനെന്ന് പല നടപടികളിലൂടെ തെളിയിച്ചിട്ടുണ്ട്. അതിന്‍റെ പാരമ്യതയാണ് ഇന്ന് കണ്ടത്. പ്രതിപക്ഷ നേതാവിന്‍റെ പരാമർശം സഭ അവജ്ഞയോടെ തള്ളുകയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

പ്രതിപക്ഷ നേതാവിൽ നിന്നുണ്ടായ പരാമർശങ്ങൾ നിർഭാഗ്യകരമെന്ന് സ്പീക്കർ വ്യക്തമാക്കി. പ്രതിപക്ഷ നേതാവ് പ്രസംഗിക്കാൻ വേണ്ടി എഴുന്നേറ്റപ്പോൾ ചെയർ മൈക്ക് നൽകി. അംഗങ്ങളോട് ഇരിപ്പിടത്തിലേക്ക് തിരികെ പോകാൻ പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. ഭൂരിഭാഗം ആംഗങ്ങളും മടങ്ങിപ്പോയപ്പോഴും മാത്യു കുഴൽനാടൻ നടുത്തളത്തിൽ ബഹളംവെച്ചു. അതുകൊണ്ടാണ് അത്തരം ചോദ്യം പ്രതിപക്ഷ നേതാവിനോട് ചോദിക്കേണ്ടി വന്നത്. പ്രതിപക്ഷ നേതാവ് ചെയറിനെതിരെ നടത്തിയ പരാമർശങ്ങളും സഭാരേഖകളിൽ ഉണ്ടാകില്ലെന്നും സ്പീക്കർ സഭയെ അറിയിച്ചു.

Tags:    
News Summary - VD Satheesan Attack directly to Pinarayi Vijayan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.