കേക്ക് വാങ്ങാം, സൂക്ഷിച്ച് വേണമെന്ന് മാത്രം

കേക്ക് മുറിക്കാതെ എന്താഘോഷമെന്ന് ചോദിക്കുന്ന ഇക്കാലത്ത് അത് കഴിക്കുന്നതിലപ്പുറമൊന്നും ആരും ആലോചിക്കാറില്ല. എന്നാൽ, കേക്ക് വാങ്ങുമ്പോൾ ശ്രദ്ധിച്ച് വേണമെന്ന് മുന്നറിയിപ്പ് നൽകുകയാണ് കർണാടക ഭക്ഷ്യസുരക്ഷാ ഗുണനിലവാര വകുപ്പ്. അടുത്തിടെ ബംഗളൂരുവിലെ ചില ബേക്കറികളിൽനിന്നുള്ള കേക്ക് പരിശോധിച്ചപ്പോൾ അതിൽ അർബുദത്തിനുവരെ കാരണമാകുന്ന ഘടകങ്ങൾ കണ്ടെത്തി.

235 സാമ്പിൾ പരിശോധിച്ചതിൽ, 12 ഇനം കേക്കുകളിൽ കൃത്രിമ നിറത്തിനായി ചേർത്ത ഘടകങ്ങൾ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുമെന്ന് കണ്ടെത്തി. റെഡ് വെൽവെറ്റ്, ബ്ലാക്ക് ഫോറസ്റ്റ് തുടങ്ങി ഏറെ ആവശ്യക്കാരുള്ള കേക്കുകൾ കൂടുതൽ ആകർഷകമാക്കാൻ കൂടിയ അളവിൽ രാസപദാർഥങ്ങൾ ചേർക്കുകയാണ്. അല്ലുറ റെഡ്, സൺസെറ്റ് യെല്ലോ എഫ്‌.സി.എഫ്, പോൺസോ 4 ആർ, ടാർട്രാസൈൻ, സിന്തറ്റിക് ഡൈ, കാർമോയ്‌സിൻ തുടങ്ങിയവയാണ് ഈ ഹാനികരമായ വസ്തുക്കൾ. അർബുദ സാധ്യത വർധിപ്പിക്കുന്നതിന് പുറമേ, ശാരീരിക-മാനസിക ആരോഗ്യ പ്രശ്‌നങ്ങൾക്കും ഇത് കാരണമാകുമെന്നും കർണാടക സർക്കാർ മുന്നറിയിപ്പ് നൽകുന്നു.

ജനപ്രിയ ഭക്ഷണങ്ങളിലെ അപകടകരമായ വസ്തുക്കളെക്കുറിച്ച് കർണാടക ഭക്ഷ്യസുരക്ഷാ വകുപ്പ് നേരത്തേയും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഗോബി മഞ്ചൂറിയൻ, കബാബ്, പാനി പൂരി തുടങ്ങിയവയിൽ രാസവസ്തുക്കളുടെ ഉപയോഗത്തെക്കുറിച്ചായിരുന്നു ബോധവത്കരണം. ചില തട്ടുകടകളിൽ ഭക്ഷണത്തിൽ റോഡാമൈൻ-ബി എന്ന രാസവസ്തുവിന്റെ ഉപയോഗം കണ്ടെത്തിയതിനെതുടർന്ന് സർക്കാർ അത് നിരോധിച്ചിരുന്നു.

കേക്ക് നിർമിച്ച് വിൽക്കുന്നവർ അവ ആകർഷകമാക്കാൻ ഹാനികരമായ രാസവസ്തുക്കൾ ചേർക്കാതെ, ഉപഭോക്താക്കളുടെ ആരോഗ്യത്തിന് മുൻഗണന നൽകണമെന്ന് കർണാടക ആരോഗ്യ മന്ത്രി ദിനേശ് ഗുണ്ടുറാവു അഭ്യർഥിച്ചു.

Tags:    
News Summary - Cake can be bought, just be careful

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.