VD Satheesan

എം.എ. ബേബിയെ അഭിനന്ദിച്ച് വി.ഡി. സതീശൻ; 'കാരാട്ടിന്‍റെയും പിണറായിയുടെയും ദൂഷിത വലയത്തിൽ പെടരുത്'

തൃശൂർ: സി.പി.എം ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട എം.എ. ബേബി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അഭിനന്ദിച്ചു. പ്രകാശ് കാരാട്ടും പിണറായി വിജയനും ഉള്‍പ്പെടെയുള്ളവരുടെ ദൂഷിത വലയത്തിൽ ബേബി പെടുതെന്നും സതീശൻ പറഞ്ഞു.

'സി.പി.എം ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട എം.എ. ബേബിയെ അഭിനന്ദിക്കുന്നു. അദ്ദേഹത്തിനെ പോലെ ദേശീയ തലത്തില്‍ പ്രവര്‍ത്തിച്ച ഒരാള്‍ക്ക് ഇൻഡ്യ മുന്നണിയുടെ ഭാഗമായി നിന്നു കൊണ്ട് വര്‍ഗീയ ശക്തികള്‍ക്കെതിരെ ശക്തമായ നിലപാട് എടുക്കാന്‍ സാധിക്കും. എന്നാല്‍, പ്രകാശ് കാരാട്ടിനെയും പിണറായി വിജയനെയും പോലുള്ളവര്‍ നിയന്ത്രിക്കാന്‍ ശ്രമിച്ചാല്‍ ആ തീരുമാനവുമായി എം.എ. ബേബിക്ക് മുന്നോട്ട് പോകാനാകില്ല. ബി.ജെ.പി ഫാഷിസ്റ്റോ നവഫാഷിസ്റ്റോ അല്ലെന്ന കണ്ടുപിടുത്തം നടത്തിയ ആളാണ് പ്രകാശ് കാരാട്ട്. അതിന് പിന്തുണ നല്‍കിയ ആളാണ് പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവര്‍. കോണ്‍ഗ്രസ് വിരുദ്ധതയാണ് അവരുടെ മനസില്‍ നിറയെ. ബി.ജെ.പിയുമായി സന്ധി ചെയ്താലും കോണ്‍ഗ്രസിനെ തകര്‍ക്കണമെന്ന മനസുള്ളവരുടെ ദൂഷിതവലയത്തില്‍ പെടാതെ മുന്നോട്ട് പോയാല്‍ ദേശീയ തലത്തില്‍ എം.എ. ബേബിക്കും മതേതര നിലപാട് സ്വീകരിക്കാം' -വി.ഡി. സതീശൻ പറഞ്ഞു. 

ജബല്‍പൂരില്‍ സംഘ്പരിവാര്‍ ആക്രമണത്തിന് ഇരയായ തൃശൂര്‍ സ്വദേശി ഫാദര്‍ ഡേവിസിന്റെ വസതി സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്. രാജ്യത്തുടനീളം ക്രൈസ്തവര്‍ക്കും ക്രൈസ്തവ ദേവാലയങ്ങള്‍ക്കും നേരേ ആക്രമണങ്ങള്‍ നടക്കുകയാണ്. സംഘ്പരിവാറിന്റെ പിന്തുണയോടെയാണ് ഈ ആക്രമണങ്ങള്‍ എല്ലാം നടക്കുന്നത്. അതിന്റെ ഭാഗമായാണ് ഫാദര്‍ ഡേവിസ് ഉള്‍പ്പെടെയുള്ളവര്‍ ജെബല്‍പൂരില്‍ ആക്രമിക്കപ്പെട്ടതെന്നും വി.ഡി. സതീശൻ പറഞ്ഞു. 

Tags:    
News Summary - VD Satheesan congratulates CPM general secretary MA Baby

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.