പിണറായി സർക്കാറിന്‍റെ ഡൽഹി സമരം കെടുകാര്യസ്ഥത മറച്ചുവെക്കാൻ; കർണാടകയുടെ സമരവുമായി താരതമ്യം വേണ്ടെന്ന് വി.ഡി. സതീശൻ

തിരുവനന്തപുരം: പിണറായി സർക്കാറിന്‍റെ കെടുകാര്യസ്ഥതയും ധൂർത്തും അഴിമതിയും മറച്ചുവെക്കാനാണ് കേന്ദ്ര സർക്കാർ അവഗണിക്കുന്നുവെന്ന പ്രചാരണം നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സുപ്രീംകോടതിയിലും കേരള നിയമസഭയിലും ഡൽഹിയിലും പരസ്പര വിരുദ്ധ കാര്യങ്ങളാണ് സർക്കാർ പറയുന്നതെന്നും വി.ഡി. സതീശൻ ചൂണ്ടിക്കാട്ടി.

ധന പ്രതിസന്ധിയുടെ ഒരുപാട് കാര്യങ്ങളിൽ ഒന്നു മാത്രമാണ് കേന്ദ്ര സർക്കാർ അവഗണന. നികുതി പിരിവിലെ പരാജയവും കെടുകാര്യസ്ഥതയും ധൂർത്തും അഴിമതിയുമാണ് രൂക്ഷമായ ധനപ്രതിസന്ധിക്ക് കാരണം. 57,800 കോടി രൂപ കേന്ദ്രത്തിൽ നിന്ന് കിട്ടാനുണ്ടെന്ന് പറയുന്നത് പച്ചക്കള്ളമാണ്. ഊതിപ്പെരുപ്പിച്ച ഈ കണക്ക് നിയമസഭയിൽ പ്രതിപക്ഷം പൊളിച്ചിരുന്നു. ഉമ്മൻചാണ്ടി സർക്കാറിന്‍റെ കാലത്ത് 18 മാസം പെൻഷൻ നൽകിയില്ലെന്ന് വ്യാജ പ്രചാരണം എൽ.ഡി.എഫ് നടത്തി. ഇക്കാര്യം പച്ചക്കള്ളമാണെന്ന് പ്രതിപക്ഷം നിയമസഭയിൽ തെളിയിച്ചു. നുണ ആവർത്തിച്ച് പറയുന്നതാണ് എൽ.ഡി.എഫിന്‍റെ തന്ത്രമെന്നും വി.ഡി. സതീശൻ ചൂണ്ടിക്കാട്ടി.

കേരള സർക്കാർ പത്താം ധനകാര്യ കമീഷനെയും പതിനഞ്ചാം ധനകാര്യ കമീഷനെയുമാണ് താരതമ്യപ്പെടുത്തിയത്. 1995ലാണ് പത്താം ധനകാര്യ കമീഷൻ ഉണ്ടായിരുന്നത്. പതിനാലും നിലവിലെ പതിനഞ്ചും ധനകാര്യ കമീഷനുകളുടെ കാര്യങ്ങളാണ് കർണാടക സർക്കാർ ഡൽഹി സമരത്തിൽ ഉന്നയിച്ചിട്ടുള്ളത്. കർണാടകയിലെ 90 ശതമാനം ജില്ലകളിലും വരൾച്ചയാണ്. വരൾച്ചാ ദുരിതാശ്വാസം ലഭിച്ചിട്ടില്ല. കഴിഞ്ഞ എട്ട് മാസത്തിനിടെ 2,000 രൂപ വനിതകളുടെ അക്കൗണ്ടിൽ നൽകുന്ന തെരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ നാല് സുപ്രധാന പരിപാടികളാണ് കർണാടക സർക്കാർ നടപ്പാക്കിയത്. അഞ്ച് മാസമായി ക്ഷേമ പെൻഷൻ പോലും കൊടുക്കാത്ത സർക്കാരാണ് കേരളത്തിലുള്ളത്. ഈ സാഹചര്യത്തിൽ വീണ്ടും കടമെടുക്കണമെന്നാണ് സർക്കാർ പറയുന്നത്.

കടമെടുപ്പിന് പരിധി നിശ്ചയിക്കരുതെന്ന് ചൂണ്ടിക്കാട്ടിയാണ് കേരള സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്. കടമെടുപ്പ് പരിധി കൂടി മാറ്റിയാൽ കേരളം എവിടെ പോയി നിൽക്കും. അത്ര രൂക്ഷമായ ധനപ്രതിസന്ധിയിലേക്ക് സംസ്ഥാനത്തെ ഇടത് സർക്കാർ തള്ളിയിട്ടു. സംസ്ഥാനത്തിന് ഉണ്ടാകാൻ പോകുന്ന ദുരന്തം 2020ലും 2021ലും ഇറക്കിയ ധവളപത്രത്തിൽ പ്രതിപക്ഷം ചൂണ്ടിക്കാട്ടിയതാണ്.

കഴിഞ്ഞ അഞ്ച് വർഷമായി നിയമസഭക്ക് അകത്തും പുറത്തും ധനപ്രതിസന്ധിയെ കുറിച്ചുള്ള കൃത്യമായ ഓർമപ്പെടുത്താനും തിരുത്താനും ശ്രമിക്കുകയും ക്രിയാത്മ നിർദേശങ്ങളും പ്രതിപക്ഷം സർക്കാറിന് നൽകിയിട്ടുണ്ട്. പ്രതിപക്ഷം മുന്നോട്ടുവെച്ച കാര്യങ്ങൾ തള്ളിയ സർക്കാർ സാമ്പത്തിക പ്രതിസന്ധിയിൽ ചാടുകയായിരുന്നു. ലോക്സഭ തെരഞ്ഞെടുപ്പ് വരുന്നതും ധനകാര്യ കമീഷന്‍റെ കാലാവധി അവസാനിക്കാൻ ഇരിക്കുന്നതുമായ സാഹചര്യത്തിലാണ് സർക്കാർ ഡൽഹി സമരം നടത്തുന്നതെന്നും വി.ഡി. സതീശൻ കുറ്റപ്പെടുത്തി. 


Tags:    
News Summary - VD Satheesan criticise Kerala Govt's Delhi Protest against Modi Government

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.