കോഴിക്കോട്: മദ്യനയം സംബന്ധിച്ച് എക്സൈസ്, ടൂറിസം വകുപ്പുകൾക്കെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ടൂറിസം വകുപ്പ് എക്‌സൈസ് വകുപ്പിനെ ഹൈജാക്ക് ചെയ്തിരിക്കുകയാണെന്ന് ആരോപിച്ച പ്രതിപക്ഷ നേതാവ് എന്നിട്ടും മന്ത്രിക്ക് ഒരു മറുപടിയും പറയാനില്ലെന്നും കുറ്റപ്പെടുത്തി.
ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്നാണ് ടൂറിസം മന്ത്രി പറഞ്ഞത്. അബ്കാരി നയ മാറ്റവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ വകുപ്പ് നടത്തിയ യോഗത്തിന്റെ വിവരങ്ങളും രേഖകളും പ്രതിപക്ഷം ഹാജരാക്കിയിട്ടും മന്ത്രിക്ക് മറുപടി പറായനാനില്ല. സ്വന്തം വകുപ്പില്‍ നടക്കുന്നത് അദ്ദേഹം അറിയുന്നില്ലെന്നു പറയുന്നത് അതിനേക്കാള്‍ വലിയ നാണക്കേടാണ്. ടൂറിസം സെക്രട്ടറിയും ടൂറിസം ഡയറക്ടറുമാണ് ബാര്‍ ഉടമകളുടെ യോഗം വിളിച്ചത്. അബ്കാരി പോളിസി റിവ്യൂ ചെയ്യാന്‍ ടൂറിസം വകുപ്പിന് എന്ത് അധികാരമാണുള്ളത്?
എക്‌സൈസ് വകുപ്പിന്റെ അധികാരങ്ങള്‍ ടൂറിസം വകുപ്പ് കവര്‍ന്നെടുക്കുകയാണ്. ഡ്രൈ ഡേ ഒഴിവാക്കുന്നതിലും ബാറുകളുടെ സമയം നീട്ടിക്കൊടുക്കാനും ആവേശത്തോടെ ഇറങ്ങിയത് ടൂറിസം വകുപ്പാണ്. എല്ലാ അഴിമതിക്കള്‍ക്ക് പിന്നിലുമെന്ന പോലെ ഇവിടെയും അനാവശ്യ ധൃതിയുണ്ടായി. മന്ത്രിമാരാണ് ആദ്യം നുണ പറഞ്ഞത്. പിന്നീട് ഉദ്യോഗസ്ഥരെക്കൊണ്ടും നുണ പറയിച്ചു. ടൂറിസം സെക്രട്ടറിയുടെ പേരിലുള്ള പ്രസ്താവന ടൂറിസം മന്ത്രിയുടെ ഓഫീസിലാണ് തയാറാക്കിയത്. അവിടെയാണ് കാര്യങ്ങളൊക്കെ തീരുമാനിക്കുന്നത്. അവിടെ അധികാര കേന്ദ്രീകരണം നടക്കുകയാണ്. അതൊക്കെ പുറത്തു വരും.
ചീഫ് സെക്രട്ടറി വിളിച്ചു കൂട്ടിയ യോഗത്തിലാണ് അബ്കാരി ചട്ടം ഭേദഗതി ചെയ്യാന്‍ ടൂറിസം സെക്രട്ടറിയെ ചുമതലപ്പെടുത്തിയത്. ഇക്കാര്യത്തില്‍ ടൂറിസം സെക്രട്ടറിക്ക് എന്ത് കാര്യമാണുള്ളത്? അത് ടൂറിസം സെക്രട്ടറിയുടെ പണിയല്ല. അപ്പോള്‍ മന്ത്രി രാജേഷ് പറയട്ടെ, അദ്ദേഹത്തിന്റെ വകുപ്പ് ഇപ്പോള്‍ കൈയിലുണ്ടോയെന്നും അതോ മറ്റാരുടെയെങ്കിലും കൈയിലാണോയെന്നും വി.ഡി. സതീശൻ ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.