തിരുവനന്തപുരം: ജനകീയ വിഷയങ്ങളൊന്നും സര്‍ക്കാറിന്‍റെ മുന്‍ഗണനകളിലില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ജനങ്ങളെ നേരിട്ടു ബാധിക്കുന്ന വിഷയങ്ങളില്‍ അടിയന്തര തീരുമാനങ്ങളെടുക്കേണ്ട സാഹചര്യത്തില്‍ മന്ത്രിസഭായോഗം പോലും ചേരുന്നില്ല. ജനകീയ വിഷയങ്ങളൊന്നും ഈ സര്‍ക്കാറിന്‍റെ മുന്‍ഗണനകളിലും പരിഗണനയിലും ഇല്ലെന്നത് ഖേദകരമാണ്. എന്തുകൊണ്ടാണ് മന്ത്രിസഭാ യോഗം ചേരാത്തത്? സംസ്ഥാനത്ത് ഭരണപ്രതിസന്ധിയുടെ സാഹചര്യം സൃഷ്ടിക്കപ്പെടുന്നത് ഉചിതമല്ലെന്ന് വി.ഡി. സതീശൻ വ്യക്തമാക്കി.
മുഖ്യമന്ത്രിയും മന്ത്രിമാരും വിദേശയാത്ര നടത്തുന്നതിന് പ്രതിപക്ഷം എതിരല്ല. എന്നാല്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ അതീവ രഹസ്യമായി യാത്ര നടത്തിയത് എന്തിനെന്ന് മനസിലാകുന്നില്ല. 16 ദിവസം മുഖ്യമന്ത്രി സംസ്ഥാനത്തില്ലെന്നാണ് മനസിലാക്കുന്നത്. ഭരണഘടന സ്ഥാനത്തിരിക്കുന്നവര്‍ എന്ത് ചെയ്യുമ്പോഴും സുതാര്യത ഉറപ്പാക്കേണ്ടതുണ്ട്. അല്ലെങ്കില്‍ അത് പല വിധ സംശയങ്ങള്‍ക്കും ഇടവരുത്തും.
മുഖ്യമന്ത്രിയുടെ അസാന്നിധ്യത്തില്‍ ആരാണ് നയപരമായ കാര്യങ്ങളില്‍ തീരുമാനമെടുക്കുന്നത്? പകരം ചുമതല ഒരു മന്ത്രിക്കും നല്‍കാത്തത് എന്തുകൊണ്ടാണ്? ചുമതല ഏല്‍പ്പിക്കാന്‍ പറ്റുന്ന തരത്തില്‍ മുഖ്യമന്ത്രിക്ക് വിശ്വാസമുള്ള ആരും ഈ മന്ത്രിസഭയില്‍ ഇല്ലെന്നാണോ? അങ്ങനെയെങ്കില്‍ മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തത്തെ കുറിച്ചും സംശയിക്കേണ്ടിയിരിക്കുന്നു.
ഇതുവരെയില്ലാത്ത പ്രതിസന്ധിയിലൂടെയാണ് സംസ്ഥാനം കടന്നു പോകുന്നത്. ഉഷ്ണതരംഗത്തിന്റെ ആഘാതം ഇപ്പോഴും അവസാനിച്ചിട്ടില്ല. കള്ളക്കടല്‍ പോലുള്ള പ്രതിഭാസങ്ങളുമുണ്ട്. പൊള്ളുന്ന ചൂടില്‍ ആളുകള്‍ മരിക്കുന്നു. വ്യാപകമായി കൃഷി നശിക്കുന്നു. വളര്‍ത്തുമൃഗങ്ങള്‍ തളര്‍ന്നു വീഴുന്നു. മത്സ്യലഭ്യത കുറഞ്ഞതോടെ തീരദേശ മേഖല വറുതിയിലാണ്. ഡ്രൈവിങ് ടെസ്റ്റുകള്‍ അവതാളത്തിലായതോടെ 10 ലക്ഷത്തോളം പേരാണ് ലൈസന്‍സിനായി കാത്തിരിക്കുന്നത്. തീരുമാനം എടുക്കേണ്ട വകുപ്പ് മന്ത്രിയും വിദേശത്താണ്. ക്ഷേമ പെന്‍ഷനുകള്‍ മുടങ്ങിയിട്ട് ഏഴ് മാസമാകുന്നു.
ഇടതില്ലെങ്കില്‍ ഇന്ത്യയില്ലെന്നു പറഞ്ഞവരാണ് ലോകം ചുറ്റാന്‍ ഇറങ്ങിയിരിക്കുന്നത്. കേരളത്തിലെ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ സി.പി.എമ്മിന്റെ ഏക മുഖ്യമന്ത്രിയും വിദേശത്ത് പോയി. പി.ബി അംഗം കൂടിയായ പിണറായി വിജയന്‍ ബംഗാളിലോ ത്രിപുരയിലോ പോലും പ്രചരണത്തിന് പോയില്ല. ബി.ജെ.പിയെ പേടിച്ചാണോ പിണറായി പ്രചരണത്തിന് ഇറങ്ങാതിരുന്നത്. അതിന്റെ ഭാഗമായാണോ വിദേശത്തേക്ക് പോയത്? സി.പി.എം ദേശീയ നേതൃത്വം ഇക്കാര്യത്തില്‍ അഭിപ്രായം വ്യക്തമാക്കണമെന്നും വി.ഡി. സതീശൻ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.