'രാമക്ഷേത്ര ചടങ്ങില്‍ കോണ്‍ഗ്രസിന് ക്ഷണമില്ല, വ്യക്തികള്‍ക്കാണ് ക്ഷണം'; അയോധ്യയെ സി.പി.എം രാഷ്ട്രീയവത്കരിക്കുന്നുവെന്ന് വി.ഡി. സതീശൻ

കൊച്ചി: ഏക സിവില്‍ കോഡിനേയും ഫലസ്തീന്‍ വിഷയത്തെയും രാഷ്ട്രീയവത്കരിച്ചത് പോലെ അയോധ്യയേയും സി.പി.എം രാഷ്ട്രീയവത്കരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ പാര്‍ട്ടി എന്ന നിലയില്‍ കോണ്‍ഗ്രസിന് ക്ഷണമില്ല. വ്യക്തികള്‍ക്കാണ് ക്ഷണം. ഇക്കാര്യത്തില്‍ പാര്‍ട്ടി ആലോചിച്ച് ഒരു തീരുമാനമെടുക്കും. കോണ്‍ഗ്രസ് തീരുമാനമെടുക്കുന്നതിന് മുന്‍പെ അതില്‍ അനാവശ്യ വിവാദം ഉണ്ടാക്കുകയാണ്. അയോധ്യയേയും സി.പി.എം. രാഷ്ട്രീയവത്കരിക്കുകയാണ്. ബി.ജെ.പി ചെയ്യുന്ന അതേ പണിയാണ് സി.പി.എമ്മും ചെയ്യുന്നത്. സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കാനാണ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു.

ജാതിയുടേയും മതത്തിന്‍റേയും പേരില്‍ ഭിന്നിപ്പ് ഉണ്ടാക്കി മുതലെടുക്കുന്നതാണ് ബി.ജെ.പിയുടെ ശൈലി. അതിന്റെ വേറൊരു ഫോര്‍മാറ്റാണ് സി.പി.എം കേരളത്തില്‍ നടപ്പാക്കുന്നത്. അങ്ങേയറ്റം സൂക്ഷ്മതയോടെയാട് പാണക്കാട് തങ്ങളും പി.കെ. കുഞ്ഞാലിക്കുട്ടിയും പ്രതികരിച്ചത്. സമൂഹത്തില്‍ ഭിന്നിപ്പ് ഉണ്ടാകരുതെന്ന ആഗ്രഹത്തോടെയാണ് അവരുടെ പ്രതികരണങ്ങള്‍. മുസ്ലിം ലീഗ് നേതൃത്വം മാതൃകയാണ്. അവര്‍ അഭിനന്ദനം അര്‍ഹിക്കുന്നു.

സുപ്രഭാതം പത്രം ഈ വിഷയത്തില്‍ എഴുതിയ എഡിറ്റോറിയല്‍ നേരത്തെയുള്ളതും അപക്വവും തെറ്റായതുമായ നടപടിയാണ്. അത് സമസ്തയുടെ നിലപാടല്ലെന്ന് ജിഫ്രി തങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. വോട്ട് കിട്ടാന്‍ സമസ്തയെ കൈകാര്യം ചെയ്യാമെന്ന സി.പി.എം ധാരണയും പാളിപ്പോയി. സമൂഹത്തില്‍ ഭിന്നിപ്പ് ഉണ്ടാകരുതെന്നാണ് സമസ്ത നേതൃത്വവും കരുതുന്നത്. അതില്‍ ഞങ്ങള്‍ക്ക് നിറഞ്ഞ സന്തോഷമുണ്ട്. ഇത്തരം വിഷയങ്ങളെ വോട്ട് രാഷ്ട്രീയത്തിന് വേണ്ടി മാത്രം ഉപയോഗിക്കുന്ന സി.പി.എം നിലപാട് ലജ്ജിപ്പിക്കുന്നു.

സൂക്ഷ്മതയോടെ കൈകാര്യം ചെയ്യേണ്ട വിഷയമാണിത്. കോണ്‍ഗ്രസ് ചര്‍ച്ച ചെയ്ത് ഒരു തീരുമാനം എടുക്കും. സി.പി.എമ്മിന് എന്താണ് ആലോചിക്കാന്‍ ഉള്ളത്? കേരളം പോലെ ഒരു ഇട്ടാവട്ട സ്ഥലത്തിന്‍റെ രാഷ്ട്രീയം മാത്രമാണ് സി.പി.എമ്മിനുള്ളത്. കാള പെറ്റെന്ന് കേട്ട് കയര്‍ എടുക്കേണ്ട കാര്യമില്ല. പോകണമെന്നും പോകേണ്ടെന്നും അഭിപ്രായമുള്ളവര്‍ എല്ലാ സമുദായത്തിലുമുണ്ട്. എല്ലാ വശങ്ങളും ആലോചിച്ച് പക്വതയുള്ള ഒരു തീരുമാനം കോണ്‍ഗ്രസ് എടുക്കും. അതിനുള്ള സമര്‍ഥമായ നേതൃത്വം കോണ്‍ഗ്രസിനുണ്ടെന്നും സതീശൻ പറഞ്ഞു.

Tags:    
News Summary - VD Satheesan press statement on ram temple controversy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.