കോൺഗ്രസ് നടത്തിയ സമരങ്ങൾ ശരിയെന്ന് തെളിഞ്ഞു -വി.ഡി. സതീശൻ

കോഴിക്കോട്: വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കാനുള്ള മോദി സർക്കാർ തീരുമാനത്തോട് പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. രക്തസാക്ഷിത്വങ്ങൾ എത്ര ഉജ്ജ്വല പ്രകാശമാണെന്ന് ഇന്ത്യയിലെ കർഷകർ തെളിയിച്ചിരിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് ഫേസ്ബുക്കിൽ കുറിച്ചു. പ്രധാന സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകൾ പടിവാതിലിൽ എത്തി നിൽക്കുമ്പോൾ കർഷകരോടോ രാജ്യത്തോടോ മോദി സർക്കാറിനോ സംഘപരിവാറിനോ എന്തെങ്കിലും ആത്മാർഥതയുണ്ടെന്ന് കരുതാനാവില്ലെന്നും വി.ഡി. സതീശൻ ചൂണ്ടിക്കാട്ടി.

ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ രാജ്യം കണ്ട ഏറ്റവും വലിയ ജനകീയ ചെറുത്തു നിൽപ്പിനു മുന്നിൽ ഭരണകൂടത്തിന് മുട്ടുമടക്കേണ്ടി വന്നിരിക്കുന്നു. കാലിനടിയിലെ മണ്ണൊലിച്ചു പോകുന്നുവെന്ന് രണ്ട് പ്രധാന സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകൾ പടിവാതിലിൽ എത്തി നിൽക്കുമ്പോൾ തിരിച്ചറിഞ്ഞതിനപ്പുറം കർഷകരോടോ രാജ്യത്തോടോ മോദി സർക്കാറിനോ സംഘപരിവാറിനോ എന്തെങ്കിലും ആത്മാർഥത ഉണ്ടെന്ന് കരുതുക വയ്യ.

അത്രക്ക് ജനവിരുദ്ധവും ജനാധിപത്യ വിരുദ്ധവുമാണ് കേന്ദ്രം ഭരിക്കുന്ന സർക്കാർ. അംഗബലത്തിന്‍റെ ശക്തിയിൽ എന്തും ചെയ്യാൻ മടിക്കാത്തവരെയാണ് ഒരു വർഷമായി പൊരുതുന്ന കർഷകർ പരാജയപ്പെടുത്തിയത്. ഇത് ജനാധിപത്യത്തിന്‍റെ വിജയമാണ്. സാധാരണക്കാരന്‍റെ അസാധാരണ ഇച്ഛാശക്തിയുടെ വിളംബരമാണ്. നിസ്വരുടെ ത്യാഗത്തിന്‍റെ തിളക്കമാണ്.

തണുപ്പും വെയിലും മഴയും സഹിച്ച്, ക്രൂരമായ ആക്രമണങ്ങളെ നേരിട്ട് അനേകായിരങ്ങൾ തെരുവിൽ പ്രതിഷേധിച്ച ഈ മാസങ്ങളെ എങ്ങനെ മറക്കാനാകും. പാടത്ത് പണിയെടുക്കുന്നവരുടെ കരുത്ത് ഇന്ത്യ ഒന്നുകൂടി തിരിച്ചറിയുകയായിരുന്നു. മണ്ണിൽ കാലുറച്ചു നിൽക്കുന്നവരുടെ ബോധ്യങ്ങളുടെ ഉറപ്പ് എത്ര വലുതാണെന്ന് അവർ പഠിപ്പിച്ചു. ഈ സമരത്തിന്‍റെ തുടക്കം മുതൽ കോൺഗ്രസ് കർഷകർക്കൊപ്പം നിന്നു.

മൂന്ന് കരിനിയമങ്ങളും പിൻവലിച്ചേ മതിയാകൂ എന്ന് ശക്തമായി, നിരന്തരമായി പറഞ്ഞ ഒരു ജനനേതാവെ ഇന്ത്യയിലുള്ളൂ - രാഹുൽ ഗാന്ധി. സമര മുഖത്തേക്ക് വീണ്ടും വീണ്ടും രാഹുലും പ്രിയങ്കയും കടന്നു ചെന്നു. സമരത്തിന് വിട്ടുവീഴ്‌ചയില്ലാത്ത പിന്തുണ നൽകി. ജീവൻ ബലി കഴിച്ചവരുടെ കുടുംബങ്ങളെ നേരിൽ കണ്ടു. അവരെ തടയാൻ, തല്ലാൻ, തിരിച്ചോടിക്കാൻ, അപമാനിക്കാൻ എന്തൊരു വ്യഗ്രതയായിരുന്നു യോഗി - മോദി കൂട്ടുകെട്ടിന്.

നീതിയും സത്യവും ഏതു കഠിന പരീക്ഷണങ്ങൾക്കൊടുവിലും ജയിക്കും. ജാലിയൻവാല ബാഗിന്‍റെ സമരരക്തമുള്ളവരെ ലഖിപൂരിൽ വണ്ടി കേറ്റി കൊല്ലാൻ ഇറങ്ങി തിരിച്ചവർക്ക് ചരിത്രത്തിന്‍റെ ഗതിവേഗങ്ങളോ പൊള്ളുന്ന പാഠങ്ങളോ തിരിയില്ല. മതാത്മകതയുടെ ഇരുളകങ്ങളിൽ രാഷ്ട്രീയത്തെ എന്നും തളക്കാമെന്ന മൗഢ്യവും അവസാനിച്ചു. പാടത്തും പണിശാലയിലും കലാലയത്തിലും തെരുവിലും മനുഷ്യപക്ഷമായ രാഷ്ട്രീയം ഉജ്ജ്വലമായി തിരികെയെത്തും. അവരുടെ ഇൻക്വിലാബുകളിൽ, ജയ് കിസാൻ വിളികളിൽ രാജ്യത്തിന്‍റെ അന്തരംഗമിടിച്ചുണരും.

ചെറുത്തു നിൽപ്പുകൾ എത്ര ആശാവഹമാണ്, സമര പോരാട്ടങ്ങൾ എത്ര ജീവദായകമാണ്, രക്തസാക്ഷിത്വങ്ങൾ എത്ര ഉജ്ജ്വല പ്രകാശമാണെന്ന് ഇന്ത്യയിലെ കർഷകർ തെളിയിച്ചിരിക്കുന്നു. ഇന്നിന്‍റെയും നാളെയുടെയും പോരാട്ടങ്ങൾ മണ്ണിലുറച്ചു നിന്നുള്ളവയും അടിസ്ഥാന അവകാശങ്ങൾക്കു വേണ്ടിയുള്ളവയുമാണ്. ഗാന്ധിജിയുടെ വഴിയാണ് അത്. ഉറച്ച ബോധ്യങ്ങൾക്കായുള്ള, നിലനിൽപ്പിനായുള്ള ജനാധിപത്യത്തിനായുള്ള സത്യാന്വേഷണ പരീക്ഷണങ്ങൾ പഠിപ്പിച്ചു തന്ന കർഷക പോരാളികൾക്ക് അഭിവാദനങ്ങൾ. അന്നം മാത്രമല്ല, നിങ്ങൾ തന്നത് ആത്മാഭിമാനം കൂടിയാണ്, നന്ദി.

തോളോടുതോൾ ചേർന്ന് പോരാടാൻ ഓരോ കോൺഗ്രസുകാരനും കോൺഗ്രസുകാരിയും നിങ്ങൾക്കൊപ്പം ഉണ്ടാകും - എന്നും എവിടെയും.

കര്‍ഷകരോഷത്തെ ഭയന്ന് പിന്‍മാറ്റമെന്ന് ഉമ്മന്‍ ചാണ്ടി

കര്‍ഷകരോഷത്തില്‍ ആവിയാപ്പോകുമെന്നു ഭയന്നാണ് മോദി സര്‍ക്കാര്‍ കുപ്രസിദ്ധമായ കര്‍ഷക നിയമം പിന്‍വലിച്ചതെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം ഉമ്മന്‍ ചാണ്ടി. 750 കര്‍ഷകര്‍ ചോര കൊടുത്തും ലക്ഷക്കണക്കിനു കര്‍ഷകര്‍ നീരുകൊടുത്തും കൈവരിച്ച നേട്ടമാണിത്.

വെടിയുണ്ട കൊണ്ട് വീണിട്ടും ഗാന്ധിയന്‍ മാര്‍ഗത്തില്‍ നിന്ന് അണുവിട ചലിക്കാതെയുള്ള ഈ സമരം സമാനതകളില്ലാത്തതാണ്. കര്‍ഷകരെ അഭിനന്ദിക്കുകയും അഭിവാദ്യം ചെയ്യുകയും ചെയ്യുന്നു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ജനരോഷത്തിനു മുന്നില്‍ ഇന്ധനവില വിലയും കുറക്കേണ്ടി വരുമെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു.

Tags:    
News Summary - VD Satheesan React to Farm laws withdrawn

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.