സഹപ്രവർത്തകർ തമ്മിൽ സംസാരിക്കുന്നതല്ലേ കെ. സുധാകരൻ പറഞ്ഞത്; മാധ്യമങ്ങൾ വലിയ വാർത്തയാക്കേണ്ടെന്ന് വി.ഡി. സതീശൻ

ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ സമരാഗ്നി യാത്രക്കിടെ സംഘടിപ്പിച്ച വാർത്താസമ്മേളനത്തിൽ പ്രതിപക്ഷ നേതാവ് എത്താൻ വൈകിയതിൽ ക്ഷുഭിതനായ സംഭവത്തിൽ പ്രതികരണവുമായി വി.ഡി. സതീശൻ രംഗത്ത്. കെ. സുധാകരൻ നിഷ്‌കളങ്കമായി പറഞ്ഞതാണെന്ന് സതീശൻ പ്രതികരിച്ചു.

അത് പറയാനുള്ള സ്വാതന്ത്ര്യം അദ്ദേഹത്തിനുണ്ട്. ആരാണെങ്കിലും സുധാകരേട്ടൻ പറഞ്ഞ ആ വാക്ക് തന്നെ പറയും. നിങ്ങളാണെങ്കിലും അതു തന്നെ പറയും. കെ. സുധാകരനുമായി ജ്യേഷ്ഠാനുജന്മാരെ പോലെയാണെന്നും വി.ഡി. സതീശന്‍ വ്യക്തമാക്കി.

അടുത്ത സുഹൃത്തുക്കൾ തമ്മിലുള്ള സംഭാഷണത്തിൽ പറയുന്നതാണു നടന്നത്. നിങ്ങളാണെങ്കിലും അതു തന്നെ പറയുകയുള്ളു. നിങ്ങൾക്കു വേണ്ടിയാണ് അദ്ദേഹമത് പറഞ്ഞത്. ആദ്യം വാർത്താസമ്മേളനം നടത്താൻ നിശ്ചയിച്ചിരുന്ന സമയത്തിൽ നിന്ന് വൈകി ഒരാൾ കാത്തിരിക്കുമ്പോൾ പറയുന്നതാണത്. ഒരാൾ കാത്തിരുന്നാൽ അസ്വസ്ഥനാകില്ലേ -സതീശൻ ചോദിച്ചു.

എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ സ്ഥലത്തുള്ളതിനാൽ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള ചില ചർച്ചകൾ രാവിലെ നടന്നിരുന്നു. അതിന് ശേഷം മറ്റൊരു പരിപാടിയിൽ പങ്കെടുക്കേണ്ടി വന്നതിനാലാണ് വൈകിയത്. സഹപ്രവർത്തകർ തമ്മിൽ സംസാരിക്കുന്നതല്ലേ അദ്ദേഹം പറഞ്ഞത്? അതിന്‍റെ അപ്പുറത്ത് എന്താ ഉള്ളത്. അവൻ എവിടെ പോയി കിടക്കുവാ എന്ന് ചോദിച്ചു.

നിങ്ങൾ വരുമ്പോൾ നിങ്ങളുടെ കാമറാമാനെ കണ്ടില്ലെങ്കിൽ നിങ്ങൾ ചോദിക്കില്ലേ അവൻ എവിടെ പോയികിടക്കുവാ എന്ന്. അത്ര തന്നെ ഉള്ളൂ. അതിനപ്പുറത്തേക്ക് ഒന്നുമില്ല. അതു പറയാനുള്ള സ്വാതന്ത്ര്യം അദ്ദേഹത്തിനുണ്ട്. നിങ്ങളിത് വല്യ വാർത്തയാക്കേണ്ട. ഹൈക്കമാൻഡ് ഇടപെട്ടു, താക്കീത് നൽകി, രാജി ഭീഷണി മുഴക്കി, ഇങ്ങനെ എന്തല്ലാം വാർത്തകളാണ് നൽകിയത്. സമ്മതിച്ചു ഞാൻ...–വി.ഡി. സതീശൻ വിശദീകരിച്ചു.

Tags:    
News Summary - VD Satheesan react to K Sudhakaran Bad Comment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.