ഗവര്‍ണറും സര്‍ക്കാരും തമ്മില്‍ നടക്കുന്നത് കൊടുക്കല്‍ വാങ്ങൽ -വി.ഡി. സതീശൻ

ചെങ്ങന്നൂർ: കേരളത്തിലെ സര്‍വകലാശാലകളില്‍ സി.പി.എം നേതാക്കളുടെ ബന്ധുക്കള്‍ക്ക് പിന്‍വാതില്‍ നിയമനം നല്‍കിയത് മുഖ്യമന്ത്രിയുടെ അറിവോടെയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഇക്കാര്യം ഗവര്‍ണര്‍ പറയുന്നതിനും മുന്‍പേ പ്രതിപക്ഷം പറഞ്ഞതാണ്. വി.സി നിയമനങ്ങള്‍ക്കെല്ലാം ഗവര്‍ണറും കൂട്ടുനിന്നു. മുഖ്യമന്ത്രിയും ഗവര്‍ണറും ചേര്‍ന്നാണ് ഈ നിയമവിരുദ്ധ നിയമനങ്ങളൊക്കെ നടത്തിയത്. അതിനെയാണ് പ്രതിപക്ഷം ചോദ്യം ചെയ്തത്. കേരളത്തിലെ ഉന്നത വിദ്യാഭ്യാസരംഗം കുളമാക്കിയത് മുഖ്യമന്ത്രിയും ഗവര്‍ണറും ചേര്‍ന്നാണ്. എന്നിട്ടാണ് ഉന്നത വിദ്യാഭ്യാസ രംഗം കുളമാക്കിയെന്ന് ആരോപിച്ച് സി.പി.എം രാജ്ഭവന് മുന്നില്‍ സമരം നടത്തിയത്.

സര്‍വകലാശാലകളില്‍ ബന്ധുക്കളെ നിയമിക്കാന്‍ ഒന്നും രണ്ടും പിണറായി സര്‍ക്കാരുകള്‍ നടത്തിയ ശ്രമങ്ങളെ തുടര്‍ന്ന് സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ഇപ്പോഴും അനിശ്ചിതത്വം നിലനില്‍ക്കുകയാണ്. ഈ അനിശ്ചിതത്വം മാറ്റാന്‍ സര്‍ക്കാറിന് ബാധ്യതയുണ്ട്. എന്നിട്ടും കേരള സര്‍വകലാശാലയില്‍ വി.സിയെ നിയമിക്കാന്‍ അനുവദിക്കില്ലെന്നും സാങ്കേതിക സര്‍വകലാശാലയില്‍ വി.സിയെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നുമുള്ള നിലപാടിലാണ് സര്‍ക്കാര്‍. ഇതിനെല്ലാം മുഖ്യമന്ത്രി ഉത്തരം പറയണം. പക്ഷെ അദ്ദേഹം മിണ്ടാന്‍ തയാറല്ല. ഗവര്‍ണറും സര്‍ക്കാരും തമ്മില്‍ കൊടുക്കല്‍ വാങ്ങലുകളാണ് നടക്കുന്നതെന്നും സതീശൻ വ്യക്തമാക്കി.

സംഘടനാപരമായ കാര്യങ്ങള്‍ കെ.പി.സി.സി അധ്യക്ഷന്‍ പറയുമെന്ന് സതീശൻ വ്യക്തമാക്കി. എല്ലാ കാര്യങ്ങളിലും പാര്‍ട്ടി നേതാക്കളുമായി ആലോചിച്ചാണ് പാര്‍ട്ടി അധ്യക്ഷന്‍ പറയുന്നത്. കെ.പി.സി.സി അധ്യക്ഷന്‍ പറയുന്നതായിരിക്കും പാര്‍ട്ടിയുടെ അഭിപ്രായം. ഒരു നേതാവിനെതിരെ മറ്റൊരു നേതാവ് എന്ന തരത്തില്‍ അടിക്കുറിപ്പ് കൊടുക്കാന്‍ ആവശ്യമായതൊന്നും എന്റെ വായില്‍ നിന്നും കിട്ടില്ലെന്നും സതീശൻ പറഞ്ഞു.

Tags:    
News Summary - VD Satheesan react to Kerala Governor Pinarayi Vijayan Conflicts

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.