ലീഗിനെ യു.ഡി.എഫിൽ നിന്ന് അടർത്താനുള്ള വെള്ളം വാങ്ങിവച്ചേക്ക്; പിണറായിയെ ഗോവിന്ദൻ തിരുത്തിയെന്ന് വി.ഡി സതീശൻ

തൃശൂര്‍: മുസ്ലിം ലീഗ് വര്‍ഗീയ കക്ഷിയാണെന്ന പിണറായി വിജയന്റെ നിലപാട് എം.വി ഗോവിന്ദന്‍ തിരുത്തിയതില്‍ സന്തോഷമുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. യു.ഡി.എഫില്‍ കുഴപ്പങ്ങളുണ്ടാക്കാമെന്ന ധാരണയോടെയാണ് അടുപ്പത്ത് വെള്ളം വച്ചതെങ്കില്‍ അതങ്ങ് വാങ്ങിവച്ചാല്‍ മതി. ആ പരിപ്പ് ഇവിടെ വേവില്ല. ലീഗ് യു.ഡി.എഫിന്റെ അഭിവാജ്യഘടകമാണെന്നും സതീശൻ പറഞ്ഞു.

യു.ഡി.എഫ് ഒറ്റക്കെട്ടായി ഒരു പാര്‍ട്ടിയെ പോലെയാണ് നിയമസഭയിലുള്‍പ്പെടെ പ്രവര്‍ത്തിക്കുന്നത്. ഭാരത് ജോഡോ യാത്രക്ക് ശക്തമായ പിന്തുണയാണ് ലീഗ് ഉള്‍പ്പെടെയുള്ള ഘടകകക്ഷികളുടെ ഭാഗത്ത് നിന്നുണ്ടായത്. തൃക്കാക്കരയും തദ്ദേശ ഉപതെരഞ്ഞെടുപ്പും ഉള്‍പ്പെടെ നേരിട്ട തെരഞ്ഞെടുപ്പുകളിലൊക്കെ ഉജ്ജ്വല വിജയമാണ് യു.ഡി.എഫിനുണ്ടായത്. സര്‍ക്കാരിനെതിരായ ജനരോഷത്തില്‍ നിന്നും ശ്രദ്ധതിരിക്കാനാണ് സി.പി.എം ഇത്തരത്തിലുള്ള ഓരോ വിഷയങ്ങളുമായി വരുന്നതെന്നും സതീശൻ പറഞ്ഞു.

Full View

സ്വകാര്യ ബില്ലായി ഏകീകൃത സിവില്‍ കോഡ് രാജ്യസഭയില്‍ വന്നപ്പോള്‍ കോണ്‍ഗ്രസ് അംഗം ജെബി മേത്തര്‍ ശക്തമായി എതിര്‍ത്തു. ഗാന്ധിയെയും അംബേദ്ക്കറെയും ഉദ്ധരിച്ചുള്ള ജെബിയുടെ പ്രസംഗത്തിനിടെ കേന്ദ്ര മന്ത്രി പീയുഷ് ഗോയല്‍ ഇടപെടുകയും ചെയ്തു. പ്രസംഗത്തിന്റെ വീഡിയോയും പുറത്ത് വന്നിട്ടുണ്ട്. കര്‍ണാടകത്തില്‍ നിന്നുള്ള ഹനുമന്തപ്പയും ബില്ലിനെ എതിര്‍ത്ത് സംസാരിച്ചു.

കെ. സുരേന്ദ്രനോട് അഭിപ്രായം ചോദിച്ചല്ല യു.ഡി.എഫ് തീരുമാനങ്ങളെടുക്കുന്നത്. യു.ഡി.എഫിന് യു.ഡി.എഫിന്‍റേതായ രാഷ്ട്രീയവും തീരുമാനങ്ങളുമുണ്ട്. ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്ത് നിന്നും മാറ്റാനുള്ള ബില്ലിനെ പല്ലും നഖവും ഉപയോഗിച്ചാണ് യു.ഡി.എഫ് നിയമസഭയില്‍ എതിര്‍ക്കുന്നത്. കൂട്ടായ തീരുമനങ്ങളെടുത്ത് ഒറ്റക്കെട്ടായാണ് യു.ഡി.എഫ് മുന്നോട്ട് പോകുന്നത്. കേരള രാഷ്ട്രീയത്തില്‍ ബി.ജെ.പിക്ക് ഒരു പ്രസക്തിയുമില്ല. ഇവിടെ യു.ഡി.എഫും എല്‍.ഡി.എഫും തമ്മിലാണ് മത്സരം. മാധ്യമങ്ങള്‍ പോലും ഇപ്പോള്‍ ബി.ജെ.പിയെ അന്വേഷിക്കുന്നില്ല. അതാണ് അവരെ അസ്വസ്ഥമാക്കുന്നത്. അതിന്റെ അസ്വസ്ഥതയാണ് അവര്‍ പ്രകടിപ്പിക്കുന്നത്.

Full View

23 വര്‍ഷത്തിന് ശേഷം കെ.എസ്.യു വിജയിച്ചതാണ് മേപ്പാടി കോളജിലെ സംഘര്‍ഷത്തിന് കാരണം. പുറത്ത് നിന്നുള്ള ആരും കാമ്പസിലേക്ക് വരരുതെന്ന് നേരത്തെ തന്നെ ധാരണയുണ്ടായിരുന്നു. ആ ധാരണ ലംഘിച്ച് എസ്.എഫ്.ഐ ജില്ലാ വൈസ് പ്രസിഡന്‍റിന്‍റെ നേതൃത്വത്തില്‍ മുപ്പതോളം പേര്‍ കാമ്പസില്‍ എത്തിയതാണ് സംഘര്‍ഷത്തിനിടയാക്കിയത്. മുന്‍ എസ്.എഫ്.ഐക്കാരായ മയക്കുമരുന്ന് സംഘവുമായാണ് സംഘര്‍ഷം ഉണ്ടായതെന്ന് ജില്ലാ വൈസ് പ്രസിഡന്‍റ് തന്നെ മനോരമ ചാനലിനോട് പറഞ്ഞിട്ടുണ്ട്.

മയക്കുമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട് പ്രിന്‍സിപ്പല്‍ പുറത്താക്കിയതും എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറിയെയാണ്. തെരഞ്ഞെടുപ്പില്‍ ജയിച്ച കെ.എസ്.യുക്കാരെ എസ്.എഫ്.ഐ ക്രൂരമായാണ് മര്‍ദിച്ചത്. നേരത്തെ എസ്.എഫ്.ഐയില്‍ ഉണ്ടായിരുന്നവരുടെയും ഇപ്പോള്‍ ഉള്ളവരുടെയും ഒരു സംഘമാണ് മയക്കുമരുന്ന് ഉപയോഗിക്കുന്നത്. ഡി.വൈ.എഫ്.ഐയും എസ്.എഫ്.ഐ മയക്കുമരുന്ന് സംഘങ്ങള്‍ക്ക് പിന്തുണ നല്‍കുകയാണ്. തിരുവനന്തപുരത്ത് അറസ്റ്റിലായത് ഡി.വൈ.എഫ്.ഐ മേഖലാ പ്രസിഡന്റും കൊച്ചിയില്‍ അറസ്റ്റിലായത് സി.ഐ.ടി.യു ഏരിയ കമ്മിറ്റി അംഗവുമാണ്.

എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി നൂറ് ദിവസം ജയിലില്‍ കിടന്ന ആളാണ്. പെണ്‍കുട്ടികളെ മര്‍ദിച്ചതുള്‍പ്പെടെ നാല്‍പ്പത്തി നാലോളം കേസുകളില്‍ ഉള്‍പ്പെട്ടയാളാണ് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി. അങ്ങനെയുള്ള ആളാണ് കേരളം മുഴുവന്‍ നടന്ന് കാല് തല്ലിയൊടിക്കുമെന്ന് ഭീഷണിപ്പെടുത്തുന്നത്. ഭരണകക്ഷി സംഘടനകളാണ് മയക്കുമരുന്ന് സംഘങ്ങള്‍ക്ക് ചെല്ലും ചെലവും കൊടുക്കുന്നതെന്നും സതീശൻ കൂട്ടിച്ചേർത്തു.

Tags:    
News Summary - VD Satheesan react to MV Govindan's Muslim League comments

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.