പാലക്കാട് യു.ഡി.എഫ് ഉജ്ജ്വല വിജയം നേടുമെന്ന് വി.ഡി സതീശൻ; ‘യു.ഡി.എഫ് ശക്തി കേന്ദ്രങ്ങളില്‍ കൃത്യമായ പോളിങ് നടന്നു’

തിരുവനന്തപുരം: പാലക്കാട് യു.ഡി.എഫ് ഉജ്ജ്വല വിജയം നേടുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. പാലക്കാട് 71 ശതമാനത്തില്‍ അധികം പോളിങ് ഉണ്ട്. വീടുകളില്‍ ചെയ്ത വോട്ട് കൂടി ചേര്‍ക്കുമ്പോള്‍ പോളിങ് ശതമാനം ഉയരും. യു.ഡി.എഫ് പ്രതീക്ഷിച്ച പോളിങ് ശതമാനമാണ് പാലക്കാടുണ്ടായത്. ടൗണില്‍ പോളിങ് കൂടിയെന്നും ഗ്രാമങ്ങളില്‍ പോളിങ് കൂടിയെന്നും ഇന്നലെ മാധ്യമങ്ങള്‍ പറഞ്ഞത് ശരിയല്ല. ടൗണില്‍ കുറയുകയും ഗ്രാമപ്രദേശങ്ങളില്‍ കൂടുകയുമാണ് ചെയ്തതെന്നും സതീശൻ പറഞ്ഞു.

യു.ഡി.എഫ് ശക്തി കേന്ദ്രങ്ങളില്‍ എല്ലാം കൃത്യമായ പോളിങ് നടന്നിട്ടുണ്ട്. പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ ഉണ്ടായതിനേക്കാള്‍ ഉജ്ജ്വലമായ വിജയമുണ്ടാകും. പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിനേക്കാള്‍ കൂടുതല്‍ വോട്ട് പോള്‍ ചെയ്തിട്ടുണ്ട്. 2021ലെ നിയമസഭ തെരഞ്ഞെടുപ്പിനേക്കാള്‍ കൂടുതല്‍ വോട്ടുകള്‍ യു.ഡി.എഫ് കേന്ദ്രങ്ങളില്‍ പോള്‍ ചെയ്തിട്ടുണ്ട്. അഞ്ച് തവണയാണ് പ്രവര്‍ത്തകര്‍ വീടുകള്‍ കയറിയത്. അതുകൊണ്ടു തന്നെ പ്രതീക്ഷിച്ച ഫലം പാലക്കാടുണ്ടാകും. മറ്റുള്ളവരുടെ അവകാശവാദങ്ങളെ കുറിച്ച് ഒന്നും പറയുന്നില്ലെന്നും വി.ഡി സതീശൻ വ്യക്തമാക്കി.

പൊലീസില്‍ ആര്‍.എസ്.എസ് നുഴഞ്ഞുകയറ്റമുണ്ടെന്ന് ആദ്യം പറഞ്ഞത് ആനി രാജയാണ്. ഇപ്പോള്‍ സിവില്‍ സര്‍വീസിലും നുഴഞ്ഞു കയറ്റമുണ്ട്. ഇക്കാര്യം വ്യക്തമായിട്ടും വാട്‌സാപ് ഗ്രൂപ്പ് ഉണ്ടാക്കിയതില്‍ കേസെടുക്കാന്‍ സര്‍ക്കാര്‍ തയാറാകുന്നില്ല. സംഘ്പരിവാര്‍ അജണ്ടയ്ക്ക് സര്‍ക്കാരും കുടപിടിച്ചു കൊടുക്കുകയാണ്. വാട്‌സാപ് ഉണ്ടാക്കിയ ഉദ്യോഗസ്ഥനെ രക്ഷപ്പെടുത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.

ഇത് കേരളത്തിലെ സിവില്‍ സര്‍വീസിനെ അപകടകരമായ രീതിയിലേക്ക് കൊണ്ടു പോകും. ഐ.എ.എസില്‍ ഇന്നു കൊണ്ട് വാട്‌സാപ് ഗ്രൂപ്പ് ഉണ്ടാക്കി വിവാദമായപ്പോള്‍ ഡിലീറ്റ് ചെയ്തത് എല്ലാവര്‍ക്കും അറിയാം. അതില്‍ എന്ത് നിയമോപദേശമാണ് തേടേണ്ടത്? ഏതെങ്കിലും ക്ലാര്‍ക്കോ പ്യൂണോ ആയിരുന്നെങ്കില്‍ സസ്‌പെന്‍ഡ് ചെയ്‌തേനെ. സര്‍ക്കാറിന്‍റെ കൂടി പിന്തുണയുള്ളതു കൊണ്ടാണ് സംരക്ഷിക്കുന്നതെന്നും വി.ഡി സതീശൻ ആരോപിച്ചു.

Tags:    
News Summary - VD Satheesan react to Palakkad By Election Polling

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.