തിരുവനന്തപുരം: കോണ്‍ഗ്രസ് വനിതാ നേതാക്കള്‍ താമസിച്ചിരുന്ന ഹോട്ടല്‍ മുറികളിൽ അർധരാത്രിയിൽ നടത്തിയ പൊലീസ് റെയ്ഡിൽ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. പാലക്കാട്ട് നടന്നത് ചരിത്രത്തിലില്ലാത്ത ഗൂഢാലോചനയാണെന്ന് വി.ഡി സതീശൻ പറഞ്ഞു.
ഗൂഢാലോചനക്ക് പിന്നിൽ മന്ത്രി എം.ബി രാജേഷും അളിയനും ബി.ജെ.പി നേതാക്കളുമാണ്. സ്ത്രീകളെ അപമാനിക്കാൻ ശ്രമിച്ച എം.ബി രാജേഷ് മന്ത്രിസ്ഥാനം രാജിവെക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു.
വനിതാ നേതാക്കളെ പൊലീസ് അപമാനിച്ചു. ഈ ഭരണത്തിന്‍റെ അവസാനമാവാറായി. പൊലീസിനെ അടിമക്കൂട്ടമാക്കി. രാജാവിനെക്കാൾ രാജഭക്തി കാണിക്കുന്ന പൊലീസ് ചെവിയിൽ നുള്ളിക്കോ എന്നും പ്രതിപക്ഷ നേതാവ് മുന്നറിയിപ്പ് നൽകി.
ടി.വി രാജേഷിന്‍റെ മുറിയിൽ പൊലീസ് പരിശോധന നടത്തിയില്ല. ഡി.വൈ.എഫ്.ഐ-ബി.ജെ.പി ഗുണ്ടാ സംഘത്തിന് കാവൽ നിന്ന ആളാണ് എ.എ റഹീം. റെയ്ഡ് സംബന്ധിച്ച് കൈരളിക്ക് വിവരങ്ങൾ കിട്ടിയത് എവിടെ നിന്നെന്ന് പറയണം. പൊലീസ് കൈരളിയിൽ അറിയിച്ചാണോ പോകുന്നത്.
കൊടകര കുഴൽപ്പണ കേസിലെ ജാള്യത മറക്കാനുള്ള ശ്രമമാണ് നടക്കുന്നത്. തിരക്കഥ ബി.ജെ.പി-സി.പി.എം അറിവോട് കൂടിയാണ്. അരങ്ങിലെത്തും മുമ്പ് നാടകം ദയനീയമായി പൊളിഞ്ഞെന്നും വി.ഡി സതീശൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.