വണ്ടിപ്പെരിയാര്‍: വണ്ടിപ്പെരിയാറിൽ ആറു വയസുകാരിയുടെ പീഡിപ്പിച്ച് കൊന്ന് കെട്ടിത്തൂക്കിയ കേസില്‍ അന്വേഷണ ഉദ്യോഗസ്ഥന് ഗുരുതര തെറ്റുപറ്റിയെന്നാണ് കോടതിയുടെ വിധിന്യായത്തില്‍ പറയുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ദൃക്‌സാക്ഷികള്‍ ഇല്ലാത്ത കേസില്‍ ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കുന്നതില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ പരാജയപ്പെട്ടു. സാധാരണ തൂങ്ങി മരണ കേസുകളില്‍ ലഭിക്കുന്ന തെളിവുകള്‍ പോലും ശേഖരിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. വണ്ടിപ്പെരിയാറില്‍ പീഡിപ്പിച്ച് കൊലപ്പെടുത്തിയ ആറു വയസുകാരിയുടെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
തെളിവ് നിയമനത്തിലെ നടപടിക്രമങ്ങള്‍ അനുസരിച്ചല്ല ബഡ് ഷീറ്റ് പോലും തെളിവായി പൊലീസ് ശേഖരിച്ചത്. കുട്ടിയെ തൂക്കാന്‍ ഉപയോഗിച്ച തുണി എടുത്ത അലമാരയില്‍ വിരലടയാള വിദഗ്ധരെ കൊണ്ട് പരിശോധിച്ചില്ല. സംഭവം നടന്നതിന്റെ പിറ്റേ ദിവസമാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ സംഭവ സ്ഥലത്ത് എത്തിയത്. അന്വേഷണ ഉദ്യോഗസ്ഥന്റെ വിശ്വാസ്യതയാണ് കോടതി ചോദ്യം ചെയ്തിരിക്കുന്നത്.
നിലവിലെ തെളിവുകളുമായി അപ്പീല്‍ പോയാല്‍ വിധി പുനപരിശോധിക്കപ്പെടുമോയെന്നത് പരിശോധിക്കപ്പെടേണ്ടതുണ്ട്. അതല്ലെങ്കില്‍ പുനരന്വേഷണം ആവശ്യപ്പെടണം. ഈ രണ്ടു സാധ്യതകളാണ് മുന്നിലുള്ളത്. ഏത് വേണമെന്നത് കുടുംബമാണ് തീരുമാനിക്കേണ്ടത്. ഇതു സംബന്ധിച്ച് കുട്ടിയുടെ കുടുംബത്തിന്റെ അനുമതിയോടെ മുതിര്‍ന്ന മുതിര്‍ന്ന അഭിഭാഷകരുടെ നിയമോപദേശം തേടും. ആവശ്യമായ എല്ലാ നിയമസഹായങ്ങളും നല്‍കുമെന്ന് കുടുംബത്തിന് ഉറപ്പ് നല്‍കിയിട്ടുണ്ട്.
വാളയാര്‍ കേസില്‍ സി.പി.എമ്മുകാരെ സംരക്ഷിക്കാനുള്ള ശ്രമമുണ്ടായി. ഇത് വണ്ടിപ്പെരിയാര്‍ കേസിലും ഉണ്ടാകരുതെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവെന്ന നിലയില്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. പ്രതിപക്ഷം നല്‍കിയ മറ്റൊരു കത്തിനെ തുടര്‍ന്നാണ് കേസില്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ചത്.
വാളയാര്‍, അട്ടപ്പാടി, വണ്ടിപ്പെരിയാര്‍ കേസുകളിലെ പ്രതികള്‍ സി.പി.എമ്മുമായി ബന്ധപ്പെട്ടവരാണ്. സി.പി.എമ്മുകാരെ രക്ഷിക്കാനാണ് സര്‍ക്കാരും പ്രോസിക്യൂഷനും നാടകം കളിച്ചതെന്ന് വാളയാര്‍, അട്ടപ്പാടി കേസുകളില്‍ വ്യക്തമായിട്ടുണ്ട്. അതുതന്നെയാണ് വണ്ടിപ്പെരിയാറിലും ആവര്‍ത്തിച്ചത്. എസ്.സി-എസ്.ടി ആക്ട് ഉള്‍പ്പെടുത്തണമെന്ന ആവശ്യവും സര്‍ക്കാര്‍ അംഗീകരിച്ചില്ല. അന്വേഷണത്തില്‍ ബാഹ്യ ഇടപെടലുകള്‍ ഉണ്ടായത് സംബന്ധിച്ച് അന്വേഷിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
പോസ്റ്റ്‌മോര്‍ട്ടം വേണ്ടെന്ന് പറഞ്ഞ ആശുപത്രിയില്‍ ഏറ്റവും കൂടുതല്‍ ബഹളമുണ്ടാക്കിയത് കേസിലെ പ്രതി തന്നെയാണ്. പോസ്റ്റ്‌മോര്‍ട്ടം ഇല്ലാതാക്കാനുള്ള പരമാവധി ശ്രമം പ്രതി നടത്തിയെന്ന് കുട്ടിയുടെ അച്ഛനും വ്യക്തമാക്കിയിട്ടുണ്ട്. ഇതിന് ആര് കൂട്ട് നിന്നാലും തെറ്റാണെന്നും വി.ഡി. സതീശൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.