പാലക്കാട്: ഡി.സി ബുക്സ് പോലെ വിശ്വാസ്യതയുള്ള ഒരു സ്ഥാപനത്തിന് ആകാശത്തുനിന്ന് ഒരാളുടെ ആത്മകഥ എഴുതാനാകുമോ എന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. തെരഞ്ഞെടുപ്പ് കഴിയുമ്പോൾ സത്യമെന്താണെന്ന് ഇ.പി. ജയരാജന്ഡ പറയും. കത്തിൽ തുടങ്ങിയ തെരഞ്ഞെടുപ്പ് ബുക്കിൽ അവസാനിക്കുന്ന രസകരമായ കാഴ്ചയാണ് ഇപ്പോഴുള്ളത്. ആദ്യത്തെ പത്തു ദിവസം ഡി.സി.സിയുടെ ഒരു കത്തുമായി നടന്നവർ ഇനിയുള്ള ദിവസം ഇ.പിയുടെ ബുക്കുമായി നടക്കണമെന്നും സതീശൻ പരിഹസിച്ചു.
“ഇ.പി ജയരാജനും രാജീവ് ചന്ദ്രശേഖറുമായി ബിസിനസ് ഉണ്ടെന്ന ആരോപണം ആദ്യം നിഷേധിച്ചു. പിന്നീട് അദ്ദേഹം ഇത് സമ്മതിച്ചു. ഇപ്പോൾ പുസ്തകത്തിന്റെ കാര്യത്തിലും അങ്ങനെ തന്നെയാണ്. തെരഞ്ഞെടുപ്പ് കഴിമ്പോൾ അദ്ദേഹം അക്കാര്യം പറയും. ഡി.സി ബുക്സ് പോലെ വിശ്വാസ്യതയുള്ള ഒരു സ്ഥാപനത്തിന് ആകാശത്തുനിന്ന് ഒരാളുടെ ആത്മകഥ എഴുതാനാകുമോ? ഇപ്പോൾ അത് എല്ലാവർക്കും ലഭ്യമാണ്. അനുമതിയില്ലാതെ കവർ പേജ് ചെയ്ത് പബ്ലിഷ് ചെയ്യുമെന്ന് പറയാൻ പറ്റില്ലല്ലോ.
പുറത്തുപോയത് എങ്ങനെയെന്ന് അവരാണ് അന്വേഷിക്കേണ്ടത്. ഇ.പിയുടെ മിത്രങ്ങളാണോ ശത്രുക്കളാണോ പുറത്തുവിട്ടതെന്ന് അദ്ദേഹം കണ്ടെത്തണം. ആദ്യത്തെ പത്തു ദിവസം ഡി.സി.സിയുടെ ഒരു കത്തുമായി നടന്നവർ ഇനിയുള്ള ദിവസം ഇ.പിയുടെ ബുക്കുമായി നടക്കണം. കാലത്തിന്‍റെ കാവ്യനീതിയാണിത്. ഒരു കത്തിൽനിന്ന് തുടങ്ങിയ തെരഞ്ഞെടുപ്പ് ഒരു ബുക്കിൽ അവസാനിക്കുന്ന രസകരമായ കാഴ്ചയാണ് ഇപ്പോഴുള്ളത്. പരസ്പരമുള്ള ചെളിവാരി എറിയലാണ് സി.പി.എമ്മിൽ നടക്കുന്നത്” -വി.ഡി സതീശൻ പറഞ്ഞു.
മുനമ്പം വിഷയത്തിൽ സംഘപരിവാർ അജണ്ടക്ക് കുടപിടിച്ചു കൊടുക്കുന്ന സമീപനമാണ് സർക്കാറിന്റേതെന്ന് വി.ഡി സതീശൻ വിമർശിച്ചു. വഖഫ് വിഷയത്തിലും ഇതു തന്നെയാണ് സർക്കാർ ചെയ്യുന്നത്. സർക്കാർ നോട്ടീസ് നൽകിയ എല്ലായിടത്തും ബി.ജെ.പി നേതാക്കൾ സന്ദർശിക്കുന്നു. മനഃപൂർവം ബി.ജെ.പിക്ക് പറയാനുള്ള അവസരം കൊടുക്കുകയാണ്. വർഗീയത ആളിക്കത്തിക്കുക എന്ന അജണ്ടയാണ് ഇതിനു പിന്നിൽ. പാലക്കാട്ട് പുതിയ വോട്ടർമാരെ തടയുമെന്ന് പറഞ്ഞ സി.പി.എം ജില്ലാ സെക്രട്ടറിക്കെതിരെ കേസെടുക്കണം. എല്ലാ വോട്ടർമാരും വോട്ട് ചെയ്യും. ആർക്കും തടയാനാകില്ല. ജില്ലാ സെക്രട്ടറിക്കെതിരെ തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകുമെന്നും വി.ഡി സതീശൻ വ്യക്തമാക്കി.
അതേസമയം, തന്‍റെ ആത്മകഥ എഴുതി തീർന്നിട്ടില്ലെന്നാണ് ഇ.പി ജയരാജന്‍റെ പ്രതികരണം. പ്രസിദ്ധീകരിക്കാൻ ഒരാളെയും ചുമതലപ്പെടുത്തിയിട്ടില്ല. പുസ്തകം പ്രസിദ്ധീകരിക്കാൻ സന്നദ്ധത അറിയിച്ച മാതൃഭൂമിയോടും ഡി.സി ബുക്സിനോടും ആലോചിച്ചിട്ട് പറയാമെന്നാണ് പറഞ്ഞത്. ഇന്ന് പുറത്തുവന്ന വാർത്തകൾ ബോധപൂർവം സൃഷ്ടിച്ചതാണ്. ഇതിൽ രാഷ്ട്രീയ ഗൂഢാലോചനയുണ്ട്. ഇതുവരെ പുസ്തകം എഴുതിക്കഴിഞ്ഞിട്ടില്ല. തെരഞ്ഞെടുപ്പ് കണക്കാക്കി സ്ഥാനാർഥികളെ കുറിച്ചുള്ള പരാമർശം ബോധപൂർവം ഉണ്ടാക്കിയതാണെന്നും ഇ.പി ജയരാജൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.