നിങ്ങളെ കേരളം മറക്കില്ല, എന്നും മനസുകളിലുണ്ടാകുമെന്ന് വി.ഡി സതീശൻ

തിരുവനന്തപുരം : നിങ്ങളെ കേരളം മറക്കില്ല, എന്നും മനസുകളിലുണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. നാലര വര്‍ഷങ്ങള്‍ക്കിപ്പുറം ലാത്വിയന്‍ വനിതയ്ക്കും അവരുടെ കുടുംബത്തിനും നീതി ലഭിച്ചു. വിദേശ വനിതയുടെ സഹോദരിയുടെ പോരാട്ട വീര്യം ജ്വലിച്ചു നില്‍ക്കുമെന്നും ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

കൊല്ലപ്പെട്ട വിദേശ വനിതയുടെ സഹോദരിയുടെ നിശ്ചയദാര്‍ഢ്യത്തിന്റേയും പോരാട്ട വീര്യത്തിന്റേയും വിജയം കൂടിയാണിത്. നീതി തേടി കൊല്ലപ്പെട്ട സഹോദരി പോയ വഴികളിലൂടെയെല്ലാം അവര്‍ സഞ്ചരിച്ചു. ഭരണ നേതൃത്വത്തെയും അന്വേഷണ ഉദ്യോഗസ്ഥരെയും പല തവണ കണ്ടു. കേസിന്റെ നൂലാമാലകള്‍ അഴിച്ചെടുക്കാന്‍ മാസങ്ങളോളം കേരളത്തില്‍ തങ്ങി.

നീതിക്കു വേണ്ടിയുള്ള അവരുടെ പോരാട്ടം ചില ഘട്ടങ്ങളില്‍ ഹൃദയഭേദകമായിരുന്നു. സംഭവം നടന്ന് മൂന്നര വര്‍ഷം കഴിഞ്ഞിട്ടും വിചാരണ ആരംഭിച്ചിരുന്നില്ല. വിചാരണ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് വിദേശ വനിതയുടെ സഹോദരി പ്രതിപക്ഷ നേതാവിനെയും കാണാന്‍ എത്തിയിരുന്നു. കേരളത്തിന് തന്നെ അപമാനമായ സംഭവത്തില്‍, കേസ് അതിവേഗ കോടതിക്ക് കൈമാറണമെന്നും സ്‌പെഷല്‍ പ്രോസിക്യൂട്ടറെ നിയമിക്കണമെന്നും നിയമസഭയില്‍ ആവശ്യപ്പെട്ടു. പ്രതിപക്ഷത്തിന്റെ ഈ ആവശ്യത്തോട് സര്‍ക്കാരും അനുകൂലമായി പ്രതികരിച്ചു.

2018 മാര്‍ച്ചിലാണ് ലാത്വിയന്‍ സ്വദേശിനിയായ നാല്‍പതുകാരിയെ തിരുവനന്തപുരത്ത് കാണാതായത്. 37 ദിവസങ്ങള്‍ക്ക് ശേഷം അവരുടെ മൃതദേഹം കോവളത്ത് കണ്ടെത്തി. ആയുര്‍വേദ ചികിത്സയ്ക്കായി ദൈവത്തിന്റെ സ്വന്തം നാട്ടിലെത്തിയ വിദേശ വനിത ക്രൂര ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെടുകയായിരുന്നു. ഈ കേസില്‍ രണ്ടു പ്രതികള്‍ക്ക് കോടതി ഇന്ന് ഇരട്ട ജീവപര്യന്ത്യം ശിക്ഷ വിധിച്ചു. മനുഷ്യത്വം മരവിച്ച പ്രതികള്‍ ജീവിതാവസാനം വരെ ജയിലില്‍ കഴിയേണ്ടി വരും. കോടതി വിധി സ്വാഗതം ചെയ്യുന്നു. അന്വേഷണ ഉദ്യോഗസ്ഥര്‍ക്കും പ്രോസിക്യൂഷനും അഭിനന്ദനങ്ങളെന്നും അദ്ദേഹം കുറിച്ചു. 

Tags:    
News Summary - VD Satheesan said that Kerala will not forget you, you will always be in our hearts

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.