കണ്ണൂർ: ദേശാഭിമാനിയുടെ മുൻ അസോസിയേറ്റ് എഡിറ്റർ ജി. ശക്തിധരന്റെ വെളിപ്പെടുത്തലില്‍ സി.പി.എം എരിഞ്ഞടങ്ങുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ജി. ശക്തിധരന് വിശ്വാസ്യതയില്ലെന്നും പാര്‍ട്ടിയില്‍ നിന്നും പുറത്ത് പോയ ആളുമാണെന്നാണ് എം.വി ഗോവിന്ദന്‍ പറഞ്ഞത്. കൊലപ്പെടുത്താനുള്ള സി.പി.എം ഗൂഢാലോചനയില്‍ പങ്കാളിയായെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് 17 വര്‍ഷം മുന്‍പ് പിരിച്ച് വിട്ട ഡ്രൈവറുടെ മൊഴിയിലാണ് സുധാകരനെതിരെ കള്ളക്കേസെടുത്തതെന്നും സതീശൻ ചൂണ്ടിക്കാട്ടി.
പക്ഷെ ദേശാഭിമാനിയുടെ മുന്‍ അസോസിയേറ്റ് എഡിറ്ററുടെ വെളിപ്പെടുത്തലില്‍ കേസില്ല. അത് സ്വയം എരിഞ്ഞടങ്ങുമെന്നാണ് ഗോവിന്ദന്‍ പറയുന്നത്. സി.പി.എമ്മാണ് എരിഞ്ഞടങ്ങാന്‍ പോകുന്നത്. സുധാകരനെ കൊല്ലാന്‍ കൊലയാളികളെ വിട്ടെന്ന വെളിപ്പെടുത്തലിലും കേസില്ല. പിന്നെ എന്തിനാണ് പൊലീസ്? കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ മാത്രം കേസെടുക്കാനാണോ പൊലീസ്? മുഖ്യമന്ത്രിക്കെതിരായ വെളിപ്പെടുത്തലിലും കേസില്ല. ഇത് ഇരട്ട നീതിയാണ്. ഇത് വച്ചുപൊറുപ്പിക്കില്ല.
ബെന്നി ബഹ്നാന്റെ പരാതിയില്‍ കേസെടുത്തില്ലെങ്കില്‍ നിയമപരമായ നടപടിയെടുക്കും. പോക്‌സോ കേസിലെ പെണ്‍കുട്ടി സുധാകരനെതിരെ മൊഴി നല്‍കിയെന്ന വ്യാജ വാര്‍ത്ത ദേശാഭിമാനി നല്‍കുകയും ഗോവിന്ദന്‍ അത് ഏറ്റുപറഞ്ഞിട്ടും കേസെടുത്തില്ല. അഖില നന്ദകുമാറിനെതിരെ കേസെടുത്തവര്‍ എന്തുകൊണ്ടാണ് ദേശാഭിമാനിക്കും ഗോവിന്ദനും എതിരെ കേസെടുക്കാത്തത്. ഇതൊന്നും എരിഞ്ഞടങ്ങില്ല. എല്ലാം ജനങ്ങളുടെ മനസിലുണ്ട്. നാട് കൊള്ളയടിക്കുന്ന കാര്യങ്ങള്‍ പുറത്ത് വന്നപ്പോള്‍ അതില്‍ നിന്ന് ശ്രദ്ധതിരിക്കാന്‍ ശ്രമിച്ചിട്ട് കാര്യമില്ല.
മോന്‍സന്‍ മാവുങ്കലിന്റെ ഡ്രൈവറുടെ മൊഴിയില്‍ സുധാകരനെതിരെ കേസെടുക്കാമെങ്കില്‍ ശക്തിധരന്റെ വെളിപ്പെടുത്തലിലും കേസെടുക്കണം. കേരളം മുതല്‍ ടൈം സ്‌ക്വയര്‍ വരെ ബന്ധമുള്ളയാളാണ് പണവുമായി പോയതെന്നാണ് ശക്തിധരന്‍ വെളിപ്പെടുത്തിയത്. അത് കേരളത്തിന്റെ മുഖ്യമന്ത്രിയായ പിണറായി വിജയനാണ്. പിണറായിയുടെ അറിവോടെയാണ് സുധാകരനെ കൊലപ്പെടുത്താന്‍ കൊലയാളി സംഘത്തെ വിട്ടത്. കൃത്യതയോടെയാണ് ഈ രണ്ട് വെളിപ്പെടുത്തലുകളും ശക്തിധരന്‍ നടത്തിയത്. അത് അന്വേഷിച്ചേ മതിയാകൂ.
അഴിമതി ആരോപണങ്ങളുടെ ശരശയ്യയില്‍ കിടക്കുന്നവരെ രക്ഷിക്കാനുള്ള ശ്രമമാണ് സി.പി.എമ്മും സര്‍ക്കാരും നടത്തുന്നത്. അതിന്റെ ഭാഗമായാണ് കെ.പി.സി.സി അധ്യക്ഷനെ കള്ളകേസില്‍ കുടുക്കാന്‍ ശ്രമിച്ചത്. സി.പി.എം സഹയാത്രികനും പിണറായിയുടെ സന്തതസഹചാരിയുമായിരുന്ന ജി. ശക്തിധരന്റെ വെളിപ്പെടുത്തലില്‍ കേസില്ല. പത്ത് ലക്ഷം രൂപ കൊടുക്കുന്നത് കണ്ടെന്ന മോന്‍സന്റെ ഡ്രൈവറുടെ മൊഴിയിലാണ് കെ. സുധാകരനെതിരെ കേസെടുത്തത്. പണം എണ്ണിത്തിട്ടപ്പെടുത്തി കൈതോലപ്പായയില്‍ പൊതിഞ്ഞ് കാറിന്റെ ഡിക്കിയി കൊണ്ടു പോയെന്ന് ദേശാഭിമാനിയുടെ അസോസിയേറ്റ് എഡിറ്ററായിരുന്ന ആളാണ് വെളിപ്പെടുത്തിയത്. വെളിപ്പെടുത്തല്‍ നടത്തിയ ആളും പങ്കാളിയാണ്. എന്നിട്ടും കേസില്ല. ഇത് ഇരട്ട നീതിയാണെന്നും വി.ഡി സതീശൻ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.