കോടികളുടെ കുടിശികയാണ് സര്‍ക്കാര്‍ വരുത്തിവച്ചിരിക്കുന്നതെന്ന് വി.ഡി സതീശൻ

തിരുവനന്തപുരം: കോടികളുടെ കുടിശികയാണ് സര്‍ക്കാര്‍ വരുത്തിവച്ചിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ബജറ്റ് ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായരുന്നു അദ്ദേഹം. സപ്ലൈകോ- 3000 കോടി, സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍- 5400 കോടി, കാരുണ്യ ഇന്‍ഷുറന്‍സ് പദ്ധതി- 1128 കോടി, കാരുണ്യ ബെനെവെലന്റ് ഫണ്ട്-198 കോടി, ഡി.എ, ഡി.ആര്‍, പേ റിവിഷന്‍ അരിയര്‍, പെന്‍ഷന്‍ റിവിഷന്‍ അരിയര്‍, ലീവ് സറണ്ടര്‍- 40,000 കോടി, കരാറുകാര്‍ക്ക് 16,000 കോടി എന്നിങ്ങനെയാണ്.

എസ്.ടി വിദ്യാർഥികള്‍ക്കുള്ള വിദ്യാവാഹിനി പദ്ധതി- ആറ് കോടി, കെട്ടിട തൊഴിലാളി ക്ഷേമനിധി പെന്‍ഷന്‍: ഒരു വര്‍ഷം കുടിശിക, ഉച്ചഭക്ഷണം- 91.51 കോടി. ഇത്തരത്തില്‍ എല്ലാ സമൂഹിക സുരക്ഷാപദ്ധതികളും ഇല്ലാതായി. സണ്‍റൈസ് സമ്പദ് വ്യവസ്ഥയില്‍ സാമൂഹിക സുരക്ഷാ പദ്ധതികളൊക്കെ എവിടെപ്പോയി? പാവങ്ങളെ ചേര്‍ത്ത് നിര്‍ത്താന്‍ കാലാകാലങ്ങളായി ഭരിച്ച സര്‍ക്കാരുകള്‍ നടപ്പാക്കിയ സാമൂഹിക സുരക്ഷാ പദ്ധതികളാണ് ഇപ്പോള്‍ മുടങ്ങിയത്. എന്നിട്ടാണോ കേരളത്തിന് ഒരു കുഴപ്പവുമില്ലെന്ന് ധനകാര്യമന്ത്രി പറയുന്നത്. അപകടകരമായ നിലയിലേക്കാണ് സംസ്ഥാനത്തിന്റെ ധനസ്ഥിതി പോകുന്നത്.

സംസ്ഥാന സര്‍ക്കാര്‍ പ്ലാന്‍ ഉപേക്ഷിച്ച് മോദി സര്‍ക്കാരിനെ പോലെ തീവ്രവലതുപക്ഷ രീതിയായ പ്രൊജക്ടുകള്‍ക്കു പിന്നാലെ പോകുകയാണ്. പ്ലാനില്‍ പിന്നാക്ക അവസ്ഥയും ഭൂമി ശാസ്ത്രപരുമായ മുന്‍ഗണനയുമൊക്കെയുണ്ട്. നെഹ്രുവിന്റെ ആശയങ്ങളെ ഇല്ലാതാക്കാന്‍ നരേന്ദ്രമോദി പ്ലാനിംഗ് കമ്മീഷനെ നിര്‍ജീവമാക്കി. ഇതേ മാതൃകയില്‍ സ്റ്റേറ്റ് പ്ലാനിംഗ് ബോര്‍ഡിനെ നിര്‍ജീവമാക്കിയിരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. പ്രധാന പദ്ധതികളെല്ലാം കിഫ്ബിയിലാണ് ചെയ്യുന്നത്. കിഫ്ബിയില്‍ എസ്.സി/ എസ്.ടി വിഭാഗങ്ങള്‍ക്ക് എന്തെങ്കിലും മുന്‍ഗണനയുണ്ടോ?

ദളിത്, ആദിവാസി വിഭാഗങ്ങള്‍ക്ക് ജനസംഖ്യ അനുപാതത്തില്‍ പദ്ധതിയുടെ ശതമാനം നീക്കിവെക്കുന്ന മികച്ച മാതൃകയാണ് കേരളത്തിനുള്ളത്. ഇത് പ്രകാരം സംസ്ഥാന പദ്ധതി അടങ്കലിന്റെ 10 ശതമാനം എസ്.സി.പി., രണ്ട് ശതമാനം ടി.എസ്.പി. ആയി വകയിരുത്തണം. കിഫ്ബിയിലൂടെ പദ്ധതികള്‍ നടപ്പാക്കുമ്പോള്‍ ഈ വിഭാഗങ്ങള്‍ക്കുള്ള ആനുകൂല്യങ്ങളാണ് നഷ്ടമാകുന്നത്.

പ്ലാനിന്റെ ഭാഗമായി 2022-23 ല്‍ 32,749 കോടി രൂപ ചിലവഴിച്ചപ്പോള്‍ 2023-24 ലെ പ്ലാനിന്റെ ബജറ്റ് എസ്റ്റിമേറ്റ് 29,329 കോടിയായി കുറഞ്ഞു. 2024-25 ലെ ബജറ്റ് എസ്റ്റിമേറ്റ് 29,312 രൂപയായി വീണ്ടും കുറഞ്ഞു. യു.ഡി.എഫ്. സര്‍ക്കാര്‍ പദ്ധതി അടങ്കല്‍ മുന്‍ വര്‍ഷത്തേക്കാള്‍ പ്രതിവര്‍ഷം 10 ശതമാനം വര്‍ധന വരുത്തിയപ്പോള്‍ കഴിഞ്ഞ അഞ്ചുവര്‍ഷങ്ങളില്‍ പദ്ധതി അടങ്കല്‍ തുകയില്‍ കാര്യമായ വർധനവ് വരുത്താന്‍ എല്‍.ഡി.എഫ് സര്‍ക്കാരിന് സാധിച്ചില്ല. 

Tags:    
News Summary - VD Satheesan said that the government has incurred arrears of crores

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.