ആഭ്യന്തര വകുപ്പ് പൂർണ പരാജയം, ആർക്കും ആരെയും കൊല്ലാമെന്ന സ്ഥിതിയെന്ന് വി.ഡി. സതീശൻ

തിരുവനന്തപുരം: സംസ്ഥാന സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ആഭ്യന്തര വകുപ്പ് പൂർണ പരാജയമെന്ന് വി.ഡി. സതീശൻ കുറ്റപ്പെടുത്തി.

സംസ്ഥാന പൊലീസിനെ നിയന്ത്രിക്കുന്നത് മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപക സംഘമാണ്. ആർക്കും ആരെയും കൊല്ലാമെന്ന സ്ഥിതിയാണ്. പന്തീരാങ്കാവിൽ സ്ത്രീധന പീഡനത്തിന് ഇരയായ യുവതിയുടെ പിതാവിനെ എസ്.എച്ച്.ഒ പരിഹസിച്ചു. ഈ വിഷയത്തിൽ നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് എന്ന നിലയിൽ കോഴിക്കോട് സിറ്റി പൊലീസ് കമീഷണറോട് പറഞ്ഞതാണ്. കേസിലെ പ്രതി രക്ഷപ്പെട്ടാൽ അതിന്‍റെ ഉത്തരവാദിത്തം കേരള പൊലീസിനാണെന്നും സതീശൻ പറഞ്ഞു.

ഇത്രയും ക്രൂരമായ ആക്രമണം വിവാഹത്തിന്‍റെ അഞ്ചാംനാൾ ഒരു പെൺകുട്ടിക്ക് ഉണ്ടായിട്ട് അതിനെതിരെ നടപടി സ്വീകരിക്കാൻ കഴിഞ്ഞില്ലെങ്കിൽ എന്തിനാണ് പൊലീസ്. മുഖ്യമന്ത്രി സ്ഥലത്തില്ല, ഉണ്ടെങ്കിലും ഇതുതന്നെയാണ് സ്ഥിതി. മുഖ്യമന്ത്രി ഉള്ളതും ഇല്ലാത്തതും തമ്മിലുള്ള വ്യത്യാസം പറയുന്നില്ലെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

നാട് ഗുണ്ടകളുടെ നിയന്ത്രണത്തിലാണ്. ലഹരി മാഫിയ സംഘങ്ങളും ഗുണ്ടാസംഘങ്ങളുമാണ് സംസ്ഥാനം നിയന്ത്രിക്കുന്നത്. പൊലീസ് നോക്കുകുത്തിയാണ്. 1880തോളം ഗുണ്ടകളുണ്ടെന്ന കണക്കെടുത്തിട്ട് അവർക്ക് സ്വൈര്യവിഹാരം നടത്താനുള്ള സംവിധാനമാണ് പൊലീസ് തരപ്പെടുത്തി കൊടുക്കുന്നത്. സി.പി.എം രാഷ്ട്രീയ രക്ഷകർതൃത്വം കൊടുക്കുന്നതാണ് ഗുണ്ടകൾക്കും മാഫിയകൾക്കും അഴിഞ്ഞാടാനുള്ള ഏറ്റവും വലിയ ധൈര്യമെന്നും വി.ഡി. സതീശൻ വ്യക്തമാക്കി.

Tags:    
News Summary - V.D. Satheesan said that the Home Department is a complete failure and anyone can kill anyone

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.