ഡോ. ഷഹനയുടെ ആത്മഹത്യകുറിപ്പ് മറച്ചുവച്ച് പ്രതിയെ രക്ഷപ്പെടുത്താന്‍ പൊലീസ് ശ്രമിച്ചെന്ന് വി.ഡി. സതീശൻ

കൊച്ചി: ഡോ. ഷഹനയുടെ ആത്മഹത്യകുറിപ്പ് മറച്ചുവച്ച് പ്രതിയായ ഡോക്ടറെ രക്ഷപ്പെടുത്താന്‍ പൊലീസ് ശ്രമിച്ചെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. രണ്ടാമത്തെ ദിവസമാണ് ആത്മഹത്യകുറിപ്പിന്‍റെ അടിസ്ഥാനത്തില്‍ കേസെടുത്തതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

'മെഡിക്കല്‍ വിദ്യാർഥിനിയുടെ ആത്മഹത്യയില്‍ ആദ്യ ദിവസം പൊലീസ് ആത്മഹത്യ കുറിപ്പ് ഉള്‍പ്പെടെ മറച്ചുവച്ചു. രണ്ടാമത്തെ ദിവസമാണ് ആത്മഹത്യാ കുറിപ്പിന്റെ അടിസ്ഥാനത്തില്‍ കേസെടുത്തത്. 24 മണിക്കൂര്‍ പ്രതിയായ ഡോക്ടറെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചു' -പ്രതിപക്ഷ നേതാവ് പറഞ്ഞു.

കുട്ടിയെ തട്ടിക്കൊണ്ട് പോയ കേസിലെ ദുരൂഹതയും ഇതുവരെ മാറിയിട്ടില്ല. എ.ഡി.ജി.പി പറഞ്ഞതെല്ലാം പരസ്പര വിരുദ്ധമാണ്. ആരെയൊക്കെയോ രക്ഷിക്കാനുള്ള ശ്രമമാണ് ഈ രണ്ടു കേസിലും പൊലീസ് നടത്തുന്നത്. പൊലീസും വകുപ്പുകളുമൊക്കെ തോന്നിയ വഴിക്ക് പോകുകയാണെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.

ഡോ. ഷഹനയുടെ ആത്മഹത്യ കുറിപ്പിൽ പ്രതി ഡോ. റുവൈസിനെതിരെ പരാമർശങ്ങൾ ഉണ്ടായിരുന്നിട്ടും ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുക്കുന്നതിൽ പൊലീസ് വൈകിപ്പിച്ചതായി ആക്ഷേപം ഉയർന്നിരുന്നു. പ്രതിയുടെ പേരും ഷഹനയുടെ ആത്മഹത്യക്ക് വഴിവെച്ച കാരണങ്ങളും ആദ്യം മറച്ചുവെച്ച പൊലീസ് പിന്നീട് കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ പറയുന്നത്.

ആത്മഹത്യകുറിപ്പിലെ പരാമർശങ്ങൾക്ക് സമാനമായി ഷഹനയുടെ മാതാവും സഹോദരിയും മറ്റ് ബന്ധുക്കളും മൊഴി നൽകിയിട്ടുണ്ടെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നുണ്ട്. ആത്മഹത്യകുറിപ്പിലെ പരാമർശങ്ങൾ പ്രകാരം ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുക്കാമായിരുന്നിട്ടും ആദ്യ ദിവസം അസ്വാഭാവിക മരണത്തിന് മാത്രമാണ് മെഡിക്കൽ കോളജ് പൊലീസ് കേസെടുത്തത്. മാതാവിന്‍റെയും ബന്ധുക്കളുടെയും മൊഴിക്ക് ശേഷമാണ് ഐ.പി.സി 306 (ആത്മഹത്യ പ്രേരണ), സ്ത്രീധന നിരോധന നിയമം നാലാംവകുപ്പ് എന്നിവ ചുമത്തിയത്. ആത്മഹത്യകുറിപ്പിൽ സ്ത്രീധന പ്രശ്നത്തെ കുറിച്ച് പരാമർശമോ ആർക്കെങ്കിലുമെതിരെ ആരോപണമോ ഇല്ലെന്നായിരുന്നു പൊലീസ് വാദം.

‘സ്തീധന മോഹം കാരണം ഇന്ന് എന്റെ ജീവിതമാണ് അവസാനിപ്പിക്കുന്നത്... വിവാഹ വാഗ്ദാനം നൽകി എന്റെ ജീവിതം നശിപ്പിക്കുക എന്നതായിരുന്നു അവന്റെ ഉദ്ദേശ്യം. ഒന്നരക്കിലോ സ്വർണവും ഏക്കറുകണക്കിനു വസ്തുവും ചോദിച്ചാൽ കൊടുക്കാൻ എന്റെ വീട്ടുകാരുടെ കൈയിൽ ഇല്ലെന്നുള്ളത് സത്യമാണ്...’ -ഷഹനയുടെ ഈ പരാമർശങ്ങൾ ആത്മഹത്യകുറിപ്പിലുള്ളതായി റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. കൂടാതെ, റുവൈസിന്റെ ഫോണിലേക്ക് ഷഹന ഈ സന്ദേശങ്ങൾ അയച്ചിരുന്നു. എന്നാൽ, റുവൈസ് ആ സന്ദേശങ്ങൾ ഡിലീറ്റ് ചെയ്തു. അത് കുറ്റകൃത്യത്തിന്റെ തെളിവാണ്.

Tags:    
News Summary - VD Satheesan said that the police tried to save the accused by hiding Dr. Shahana's suicide note

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.