നിയമസഭ അറിയാതെ വെള്ളക്കരം കൂട്ടിയത് സഭയോടുള്ള അനാദരവ് -വി.ഡി സതീശൻ

തിരുവനന്തപുരം: സാമ്പത്തികമാന്ദ്യത്തിന് സമാനമായ കാലഘട്ടത്തിലൂടെ ജനങ്ങള്‍ കടന്നു പോകുമ്പോൾ നികുതിയും വെള്ളക്കരവും ഒറ്റയടിക്ക് കൂട്ടിയത് ജനങ്ങളുടെ കരണത്തടിക്കുന്നതിന് തുല്യമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.

നിയമസഭ സമ്മേളനം നടക്കുന്നതിനിടെ സഭയെ അറിയിക്കാതെ വെള്ളക്കരം കൂട്ടിക്കൊണ്ടുള്ള ഉത്തരവിറക്കിയത് സഭയോടുള്ള അനാദരവാണ്. നിയമസഭയെ അറിയിച്ചുകൊണ്ടായിരുന്നു ആ ഉത്തരവ് ഇറക്കേണ്ടിയിരുന്നത്.

ബജറ്റിലൂടെ 4000 കോടിയുടെ അധിക ഭാരം അടിച്ചേല്‍പ്പിച്ചതിലും ഇന്ധന വില കൂട്ടിയതിലുമുള്ള പ്രതിഷേധം ജനങ്ങള്‍ പ്രകടിപ്പിക്കുന്നതിന്റെ പിറ്റേ ദിവസം തന്നെ വെള്ളക്കരവും കൂട്ടിയത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്.

വെള്ളക്കരം ഒരു പൈസയല്ലേ കൂട്ടിയതെന്നാണ് ജലവിഭവ മന്ത്രി ചോദിക്കുന്നത്. പത്ത് കിലോ ലിറ്റര്‍ ഉപയോഗിക്കാന്‍ 44 രൂപയാണ് ഇപ്പോള്‍ ചെലവ്. 44 രൂപ കൊടുക്കുന്നവര്‍ ഇനി മുതല്‍ 144 രൂപ കൊടുക്കണം. 88 രൂപ കൊടുത്തവര്‍ 288 രൂപ കൊടുക്കണം. എന്നിട്ടാണ് ഒരു പൈസയല്ലേ കൂട്ടിയതെന്നു മന്ത്രി പറയുന്നത്. ഇത് എന്തൊരു മര്യാദയാണ്? -സതീശൻ ചോദിച്ചു.

കേന്ദ്ര സര്‍ക്കാരിന്റെ വായ്പാ വ്യവസ്ഥ അനുസരിച്ച് എല്ലാ വര്‍ഷവും വെള്ളക്കരം 5 ശതമാനം വീതം ഉയര്‍ത്തുന്നുണ്ട്. കുടിശിക പിരിച്ചെടുക്കുന്നതിലെ ജല അതോറിട്ടിയുടെ പരാജയം കൂടി സാധാരണക്കാരുടെ തലയില്‍ കെട്ടിവെക്കുകയാണ്. വെള്ളം കിട്ടാത്ത സ്ഥലങ്ങളിലും ബില്‍ കൊടുക്കുന്നുണ്ട്. ജല അതോറിട്ടിയുടെ വിതരണ നഷ്ടം 45 ശതമാനമാണ്. അതിന്റെ ഭാരവും സാധാരണക്കാരന് മേലാണ്. ഒരു പ്രൊഫഷണിലസവും ഇല്ലാത്ത പൊതുമേഖലാ സ്ഥാപനമായി ജല അതോറിട്ടി മാറി.

പൊതുമേഖലാ സ്ഥാപനത്തിന്റെ പരാജയം നിയമസഭയില്‍ ചൂണ്ടിക്കാട്ടി അത് പരിഹരിക്കാന്‍ ശ്രമിക്കുമ്പോള്‍ ജീവനക്കാരെ ശത്രുക്കളാക്കാനുള്ള ചതുരോപായമാണ് മന്ത്രി പയറ്റുന്നതെന്നും സതീശൻ ആരോപിച്ചു.

Tags:    
News Summary - VD Satheesan Says It is disrespect to assembly should not know about Water tax Increase

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.