തിരുവനന്തപുരം: കെ-റെയിലിനുവേണ്ടി പൊതുഗതാഗത സംവിധാനത്തെയും കെ.എസ്.ആര്‍.ടി.സിയെയും തകര്‍ക്കുന്ന സമീപനമാണ് സര്‍ക്കാറിന്‍റേതെന്നും സാധാരണ ജനങ്ങള്‍ക്ക് കെ-റെയിലല്ല കെ.എസ്.ആര്‍.ടി.സിയാണ് ആവശ്യമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. കേരള സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് ഡ്രൈവേഴ്‌സ് യൂനിയൻ സംസ്ഥാന സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ-റെയിലിനുവേണ്ടി ചെലവാക്കുന്നത് ഒന്നേകാല്‍ ലക്ഷം കോടി രൂപയാണ്. 2000 കോടി രൂപയുണ്ടെങ്കില്‍ കെ.എസ്.ആര്‍.ടി.സിയെ ലാഭത്തിലാക്കാം. ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷനെന്ന പൊതുമേഖല സ്ഥാപനത്തെ നശിപ്പിക്കുന്നതിനുവേണ്ടിയാണ് സ്വിഫ്‌റ്റ് കമ്പനിക്ക് രൂപം നല്‍കിയിരിക്കുന്നത്. കെ.എസ്.ആർ.ടി.സിക്ക് ഏറ്റവും കൂടുതല്‍ വരുമാനം ലഭ്യമാക്കുന്ന സൂപ്പര്‍ക്ലാസ് ദീര്‍ഘദൂര സര്‍വിസുകള്‍ സ്വിഫ്‌റ്റ് വരുന്നതിലൂടെ ഇല്ലാതാകും.
ഇത് ഇടതു സര്‍ക്കാറിന്‍റെ തീവ്ര വലതുപക്ഷ നയവ്യതിയാനമാണ്. ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍റെ നട്ടെല്ലായ ഡ്രൈവര്‍മാരെ ഒഴിവാക്കി കരാറുകാരെ നിയമിച്ച് സ്വിഫ്‌റ്റ് ലാഭകരമാക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. കെ-റെയിലിനെതിരെയും സ്വിഫ്‌റ്റിനെതിരെയും യു.ഡി.എഫ് ജനങ്ങളോടൊപ്പമാണെന്നും വി.ഡി. സതീശന്‍ പറഞ്ഞു. യൂനിയന്‍ പ്രസിഡന്‍റും മുന്‍ഗതാഗത മന്ത്രിയുമായ വി.എസ്. ശിവകുമാര്‍ അധ്യക്ഷത വഹിച്ചു. എം. വിന്‍സന്‍റ് എം.എല്‍.എ, തമ്പാനൂര്‍ രവി, ജനറല്‍ സെക്രട്ടറി ആര്‍. അയ്യപ്പന്‍, ആര്‍. ശശിധരന്‍, ഡേവിഡ് എന്നിവര്‍ സംസാരിച്ചു.
ഡീസല്‍ വിലവർധന കെ.എസ്.ആര്‍.ടി.സിയില്‍ ഗുരുതര പ്രതിസന്ധിക്ക് കാരണമായിത്തീര്‍ന്നിരിക്കുകയാണെന്നും സര്‍ക്കാറും ജീവനക്കാരും ഒരുമിച്ചുനിന്നില്ലെങ്കില്‍ അത് സ്ഥാപനത്തെ ബാധിക്കുമെന്നും പ്രതിനിധി സമ്മേളനം ഉദ്‌ഘാടനം ചെയ്ത ഗതാഗതമന്ത്രി ആന്‍റണി രാജു പറഞ്ഞു.
കെ.എസ്.ആര്‍.ടിസി എം.ഡി ബിജു പ്രഭാകര്‍ മുഖ്യ പ്രഭാഷണം നടത്തി. യൂനിയന്‍റെ ധനസഹായവും ചടങ്ങിൽ വിതരണം ചെയ്‌തു. യൂനിയന്‍ പ്രസിഡന്‍റായി വി.എസ്. ശിവകുമാറിനെയും വര്‍ക്കിങ് പ്രസിഡന്‍റായി ആര്‍. അയ്യപ്പനെയും ജനറല്‍ സെക്രട്ടറിയായി സോണിയയെയും സമ്മേളനം തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.