യൂത്ത് കോണ്‍ഗ്രസ്-കെ.എസ്.യു പ്രവര്‍ത്തകരെ തല്ലിച്ചതക്കാന്‍ ഉത്തരവിട്ട മുഖ്യമന്ത്രി സ്വന്തക്കാരെ സംരക്ഷിക്കുന്നുവെന്ന് വി.ഡി സതീശൻ

കൊച്ചി: യൂത്ത് കോണ്‍ഗ്രസ്-കെ.എസ്.യു പ്രവര്‍ത്തകരെ തല്ലിച്ചതക്കാന്‍ ഉത്തരവിട്ട മുഖ്യമന്ത്രി സ്വന്തക്കാരെ സംരക്ഷിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. യൂത്ത് കോണ്‍ഗ്രസ്- കെ.എസ്.യു പ്രവര്‍ത്തകര്‍ റോഡരുകില്‍ നിന്ന് കരിങ്കൊടി കാണിച്ചാല്‍ ആത്മഹത്യാ സ്‌ക്വാഡും തീവ്രവാദ പ്രവര്‍ത്തനവുമാകും. അവരെ കൈകാര്യം ചെയ്യണമെന്നും ജീവന്‍രക്ഷാ പ്രവര്‍ത്തനം നടത്തണമെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്.

പക്ഷെ എസ്.എഫ്.ഐക്കാര്‍ പൊലീസ് ഒത്താശയില്‍ റോഡിന്റെ നടുവില്‍ നിന്നാണ് ഗവര്‍ണറുടെ വാഹനം തടത്തു നിര്‍ത്തി ആ വാഹനത്തില്‍ അടിക്കുന്നത്. എന്നിട്ടും എസ്.എഫ്.ഐക്ക് കൈ കൊടുക്കണമെന്നാണ് പൊതുമരാമത്ത് മന്ത്രി പറഞ്ഞത്. കരിങ്കൊടി പ്രകടനം നടത്തുന്നത് ക്രിമിനല്‍ പ്രവര്‍ത്തനമാണെന്ന ഗവര്‍ണറുടെ അഭിപ്രായത്തോട് യോജിക്കാനാകില്ല. ഗവര്‍ണര്‍ക്ക് സുരക്ഷ ഒരുക്കേണ്ട ഉത്തരവാദിത്തം പൊലീസിനുണ്ട്. ഇന്റലിജന്‍സ് റിപ്പോര്‍ട്ട് എസ്.എഫ്.ഐക്ക് ചോര്‍ത്തിക്കൊടുത്തു. സുരക്ഷാ രഹസ്യങ്ങള്‍ ചോര്‍ത്തിക്കൊടുത്തവര്‍ക്കെതിരെ നടപടി എടുക്കാന്‍ പിണറായി വിജയന്‍ തയാറാകുമോ? തയാറാകില്ല. കാരണം അവര്‍ സ്വന്തക്കാരാണ്.

കരിങ്കൊടി കാട്ടുന്ന കെ.എസ്.യു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ചെടിച്ചട്ടിയും ഹെല്‍മറ്റും കമ്പിവടിയും ഉപയോഗിച്ച് തല്ലാന്‍ മുഖ്യമന്ത്രി ആഹ്വാനം ചെയ്തു. അതേസമയം ഗവര്‍ണറെ തടഞ്ഞ എസ്.എഫ്.ഐക്കാര്‍ക്ക് കൈ കൊടുക്കാന്‍ പറയുന്നത് എന്തൊരു വിരോധാഭാസമാണ്. കാവിവത്ക്കരണത്തിനെതിരെയാണ് എസ്.എഫ്.ഐ പോരാടുന്നതെന്നാണ് പറയുന്നത്. രാജ്ഭവനില്‍ ഇരുന്ന് ഗവര്‍ണര്‍ക്ക് സംഘപരിവാര്‍ ആളുകളെ പരിചയപ്പെടുത്തിക്കൊടുക്കുന്ന ഉദ്യോഗസ്ഥനെ നിയമിച്ചു നല്‍കിയത് മുഖ്യമന്ത്രി പിണറായി വിജയനല്ലേയെന്നും സതീഷൻ ചോദിച്ചു.

ഗവര്‍ണറുടെ സ്റ്റാഫിലുള്ള സംഘപരിവാര്‍ നേതാവ് നല്‍കിയ പട്ടികയില്‍ ഉള്‍പ്പെട്ടവരെയാണ് ഗവര്‍ണര്‍ നിയമിച്ചത്. നിയമവിരുദ്ധമായ കാര്യങ്ങള്‍ ഗവര്‍ണറെക്കൊണ്ട് ചെയ്യിക്കാന്‍ വേണ്ടിയാണ് സംഘപരിവാര്‍ നേതാവിനെ പിണറായി വിജയന്‍ സ്റ്റാഫായി നിയമിച്ചുകൊടുത്തത്. കാവിവത്ക്കരണത്തെ കുറിച്ച് പുരപ്പുറത്ത് കയറി പ്രസംഗിക്കുന്നവര്‍ തന്നെയാണ് കാവിവത്ക്കരണത്തിന് സൗകര്യം ചെയ്തു കൊടുത്തത്.

ഇല്ലാത്ത കാര്യത്തിന് യൂത്ത് കോണ്‍ഗ്രസുകാരെയും കെ.എസ്.യുക്കാരെയും തല്ലിച്ചതയ്ക്കാന്‍ ഉത്തരവിട്ട മുഖ്യമന്ത്രി സ്വന്തക്കാരെ സംരക്ഷിക്കുകയാണ്. ഗവര്‍ണറുടെ വാഹനത്തിന് മുന്നില്‍ എസ്.എഫ്.ഐക്കാര്‍ ചാടിയപ്പോള്‍ രക്ഷാപ്രവര്‍ത്തനം നടത്താന്‍ പൊലീസുകാരെയോ സി.പി.എം ക്രിമിനലുകളെയോ കണ്ടില്ലല്ലോ. സുരക്ഷാ ഉദ്യോഗസ്ഥര്‍ മംഗളം ഫോട്ടോഗ്രാഫറുടെ കഴുത്തിന് ഞെക്കുന്നത് കണ്ടിട്ടും കൊലച്ചിരിയോടെയാണ് മുഖ്യമന്ത്രി പോയത്. വഴിയില്‍ നില്‍ക്കുന്നവരെയൊക്കെ തല്ലുകയാണ്.

തന്റെ നേതാക്കളെ കാണാന്‍ മറൈന്‍ ഡ്രൈവില്‍ എത്തിയ ഡി.വൈ.എഫ്.ഐക്കാരനെ ചവിട്ടിക്കൂട്ടി. ആരെയും കിട്ടിയില്ലെങ്കില്‍ കൂടെ നില്‍ക്കുന്നവരെയും ചവിട്ടിക്കൂട്ടുന്ന ക്രിമിനലുകളെയാണ് മുഖ്യമന്ത്രി വളര്‍ത്തുന്നത്. കേരളം ഗ്യാങ്സ്റ്റര്‍ സ്റ്റേറ്റായി മാറി. ബംഗാളില്‍ അവസാനത്തെ രണ്ട് മൂന്ന് കൊല്ലം സംഭവിച്ചതും ഇതുതന്നെയാണ്. ചരിത്രത്തിന്റെ തനിയാവര്‍ത്തനമാണ് കേരളത്തിലും നടക്കുന്നത്. അവസാനത്തെ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയാകാനുള്ള പോക്കിലാണ് പിണറായി വിജയനെന്നും സതീശൻ പറഞ്ഞു.

Tags:    
News Summary - VD Satheesan says that the Chief Minister who ordered the beating of Youth Congress-KSU workers is protecting his own people.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.