വിലക്കയറ്റം കാരണം ഒരു കുടുംബത്തിന് 3500 മുതൽ 4000 രൂപ വരെ ബാധ്യത ഉണ്ടായെന്ന് വി.ഡി സതീശൻ

തിരുവനന്തപുരം: നിയമസഭയിലെ 27 ബജറ്റ് ചർച്ചകളിൽ താൻ പങ്കെടുത്തിട്ടുണ്ടെന്നും ഇത്രയും പരിതാപകരമായ ബജറ്റ് ഇതുവരെ കണ്ടിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. എല്ലാ മേഖലയെയും ബജറ്റിൽ കടന്നാക്രമിച്ചിരിക്കുകയാണ്. ഓരോ മേഖലയിലും ഉണ്ടാകുന്ന പ്രത്യാഘാതത്തെ കുറിച്ച് സർക്കാർ പരിശോധിച്ചിട്ടില്ല. ദിശാബോധമില്ലാത്ത ബജറ്റ് ആണ് ധനമന്ത്രി നിയമസഭയിൽ അവതിപ്പിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മദ്യത്തിന് നിലവിൽ ചുമത്തിയിട്ടുള്ളത് 251 ശതമാനം നികുതിയാണ്. മദ്യത്തിന്‍റെ നികുതി കൂട്ടിയാൽ ഉപയോഗം കുറയുമെന്ന് പറയുന്നത് തെറ്റാണ്. ഇതുവരെ സംസ്ഥാനത്ത് ഉപയോഗം കുറഞ്ഞിട്ടില്ല. മദ്യ നികുതി കൂടിയാൽ മദ്യപാനി വീട്ടിൽ കൊടുക്കുന്ന പണത്തിൽ കുറവ് വരുമെന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.

കൂടാതെ, മദ്യത്തിന് വലിയ വില ഈടാക്കിയാൽ കുറഞ്ഞ വിലക്ക് ലഭിക്കുന്ന മയക്കുമരുന്നലേക്ക് ആളുകൾ പോകും. ഒരു വശത്ത ലഹരി വിരുദ്ധ കാമ്പയിൻ നടത്തുകയും മറ്റൊരു വശത്ത് ലഹരിയിലേക്ക് ആളുകളെ ക്ഷണിക്കുകയും ചെയ്യുന്ന നയമാണിത്.

നഷ്ടപരിഹാരം ലഭിക്കുന്ന സമയത്ത് കേരളം നികുതിഘടന ക്രമീകരിച്ചില്ല. നികുതി പിരിവിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടു. ഇതൊന്നും സർക്കാർ പരിശോധിക്കുന്നില്ല. സംസ്ഥാനത്ത് ബാറുകളുടെ എണ്ണം കൂടിയിട്ടും നികുതി കൂടിയില്ലെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

കഴിഞ്ഞ വർഷം ഒരു സാധാരണ വീട്ടിലുണ്ടായിരുന്ന ചെലവിനെ ഈ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ വിലക്കയറ്റം കാരണം 3500 മുതൽ 4000 രൂപ വരെ ബാധ്യത ഉണ്ടാക്കിയിട്ടുണ്ട്. ഇന്ധന വില കൂട്ടുമ്പോൾ ഓർഗാനിക് ആയിട്ടും കൃത്രിമമായിട്ടും വിലക്കയറ്റം ഉണ്ടാകും. ഇക്കാര്യം ധനമന്ത്രി തന്നെ സമ്മതിച്ചിട്ടുണ്ടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

കിഫ്ബി വെള്ളാനയാണെന്നും സംസ്ഥാനത്തിന് കിഫ്ബി അധിക ബാധ്യതയാണെന്നും സതീശൻ നിയമസഭയിൽ ചൂണ്ടിക്കാട്ടി. 

Tags:    
News Summary - VD Satheesan speech in kerala assembly in subject budget 2023

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.